വ്യാപാരികളുടെ പടനായകൻ: എതിർപ്പുകളെ മറികടന്ന് മൂന്ന് പതിറ്റാണ്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 10, 2022

വ്യാപാരികളുടെ പടനായകൻ: എതിർപ്പുകളെ മറികടന്ന് മൂന്ന് പതിറ്റാണ്ട്

കോഴിക്കോട്: പിളർന്നിട്ടും സംഘടനയുടെ ഉള്ളിൽനിന്ന് എതിർപ്പുകൾ നേരിട്ടിട്ടും കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തലപ്പത്ത് മൂന്നുപതിറ്റാണ്ട് അനിഷേധ്യനായി തുടർന്നു ടി. നസിറുദ്ദീൻ. സർക്കാരുകൾക്കെതിരായ ചെറുത്തുനിൽപ്പുകളിലൂടെയും സമരങ്ങളിലൂടെയുമാണ് ഏകോപനസമിതിയെ കേരളത്തിലെ ഏറ്റവുംവലിയ വ്യാപാരി സംഘടനയായി അദ്ദേഹം വളർത്തിയെടുത്തത്. വാണിജ്യനികുതി വകുപ്പിന്റെ പരിശോധനകൾ തടഞ്ഞത് പലപ്പോഴും വിവാദങ്ങൾക്കിടയാക്കിയെങ്കിലും വ്യാപാരികളുടെ താത്പര്യങ്ങൾക്കായിരുന്നു നസിറുദ്ദീൻ പ്രാധാന്യം നൽകിയത്. 1980-ൽ കോഴിക്കോട്ടെ പ്രമുഖ വ്യാപാരസംഘടനയായ മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ജനറൽ സെക്രട്ടറിയായാണ് നസിറുദ്ദീൻ സംഘടനാരംഗത്തെത്തിയത്. പിന്നീടാണ് ഏകോപനസമിതിയിലെത്തുന്നത്. 1984-ൽ ഏകോപനസമിതിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 1985-ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിൽ മത്സരിച്ച് വൻ തിരിച്ചടി നേരിട്ട കാലത്താണ് നസിറുദ്ദീൻ 1991-ൽ സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നതെന്ന് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് പറയുന്നു. പിന്നീടങ്ങോട്ട് എല്ലാ ജില്ലകളിലും സമ്മേളനങ്ങൾ വിളിച്ച് അദ്ദേഹം സംഘടനയെ ശക്തിപ്പെടുത്തി. നസിറുദ്ദീനെതിരേ ഒരിക്കൽ സംസ്ഥാനഭാരവാഹികൾ തന്നെ അവിശ്വാസപ്രമേയത്തിനു നീക്കംനടത്തിയെങ്കിലും ആ നീക്കം അദ്ദേഹം തകർത്തു. വിശ്വസ്തരായിരുന്നവർ തന്നെ സംഘടന പിളർത്തി ബദൽസംഘടനയുണ്ടാക്കിയെങ്കിലും അവർക്ക് വളരാൻ കഴിഞ്ഞില്ല. എല്ലാ എതിർപ്പുകളും നേരിട്ട നസിറുദ്ദീൻ പ്രസിഡന്റായ ശേഷം 2019-ൽ മാത്രമാണ് മത്സരം നേരിട്ടത്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് സ്വതന്ത്രസ്ഥാനാർഥിയായി പത്രികനൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. വ്യാപാരികളെ ബാധിക്കുന്ന ഓരോ വിഷയത്തിലും മുന്നിൽനിന്ന് സമരം നയിച്ചത് നസിറുദ്ദീന്റെ പ്രീതി വർധിപ്പിച്ചു. കടകളിലെ വാണിജ്യനികുതി പരിശോധന, നികുതിവർധന, മൂല്യവർധിത നികുതി എന്നിവയ്ക്കെതിരേയൊക്കെ സമരങ്ങൾക്ക് നേതൃത്വം നൽകി. ഹിന്ദുസ്ഥാൻ ലിവറിന്റെ ഉത്പന്നങ്ങളുടെ ബഹിഷ്കരണവും സിഗരറ്റ് സമരവും ഏറെ ശ്രദ്ധേയമായിരുന്നു. വ്യാപാരികളെ ബാധിക്കുന്ന തീരുമാനങ്ങളിൽ നസിറുദ്ദീൻ സർക്കാരുമായി പലതവണ ഏറ്റുമുട്ടി. വാണിജ്യനികുതി ഉദ്യോഗസ്ഥരെ കടപരിശോധനയിൽനിന്നു തടഞ്ഞത് വിവാദങ്ങളിലും കേസുകളിലുമൊക്കെ പെട്ടെങ്കിലും വ്യാപാരികൾ അദ്ദേഹത്തോടൊപ്പമായിരുന്നു. ഏകോപനസമിതിക്ക് കോഴിക്കോട്ട് വ്യാപാരഭവൻ എന്ന ആസ്ഥാനമുണ്ടാക്കിയതും നസിറുദ്ദീനാണ്. ഒരേസമയം ഇരുമുന്നണികൾക്കും ശത്രുവും മിത്രവും : വ്യാപാരികൾക്ക് ഒരു രാഷ്ട്രീയസംഘടനയെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച വ്യാപാരി നേതാവായിരുന്നു ടി. നസിറുദ്ദീൻ. ഇരുമുന്നണികളോടും പൊരുതി ഒരേസമയം രണ്ട് മുന്നണികളുടെയും ശത്രുവും മിത്രവുമായി മാറി. വ്യാപാരി വ്യവസായി ഏകോപനസമിതി പുനലൂരിൽ നിന്ന് നിയമസഭാസീറ്റിലേക്ക് രണ്ടുതവണയും ലോക്സഭാ സീറ്റിലേക്ക് തൃശ്ശൂരിൽനിന്നും മത്സരിച്ചു. 1987-ൽ നിയമസഭാസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ 12 സീറ്റിൽ ഏകോപനസമിതി മത്സരിക്കുകയും മറ്റ് സീറ്റുകളിൽ എൽ.ഡി.എഫിന് പിന്തുണ നൽകുകയും ചെയ്തു. ഇത്തരത്തിൽ ഇരുമുന്നണികളോടും പൊരുതിയാണ് നേതൃസ്ഥാനത്ത് നിലയുറപ്പിച്ചത്. ആ സന്ദർഭങ്ങളിലെല്ലാം വ്യാപാരികളുടെ ശബ്ദം നിയമനിർമാണസഭകളിൽ ഉയർത്തുന്നതിൽ രാഷ്ട്രീയപ്പാർട്ടി വേണമെന്ന ആശയം വിഭാവനം ചെയ്തതിന് പിന്നിൽ പ്രവർത്തിച്ച ശക്തിയും നസിറുദ്ദീൻ തന്നെയായിരുന്നു. ഇതിന്റെ ആദ്യപടിയെന്ന നിലയ്ക്കാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതും മത്സരിച്ചതുമെല്ലാം. അതിനുശേഷം വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നവർക്ക് മാത്രം പിന്തുണയെന്ന തിരഞ്ഞെടുപ്പ് തന്ത്രവും മുന്നോട്ടുവെച്ചു. വലിയൊരളവു വരെ അദ്ദേഹത്തിന്റെ ഈ തന്ത്രം വിജയിച്ചു. പത്തു ലക്ഷത്തോളംവരുന്ന വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും സംഘടന എന്നതിന്റെപേരിൽ അവഗണിക്കാൻപറ്റാത്ത ശക്തിയായി അദ്ദേഹത്തിന്റെ സംഘടന മാറുകയുംചെയ്തു. അതുകൊണ്ടുതന്നെ ഏകോപനസമിതിയെ ഇരുമുന്നണികളും ഒരു ഘട്ടത്തിലും പൂർണമായും കൈയൊഴിഞ്ഞില്ല. പലപ്പോഴും ഈ സംഘടനാശക്തിയുടെ ആവശ്യങ്ങൾ ഭരണകൂടങ്ങൾക്ക് അംഗീകരിക്കേണ്ടിയുംവന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽപോലും സ്വന്തം സ്ഥാനാർഥികളെ നിർത്തുന്ന കാര്യം ഏകോപനസമിതി ഗൗരവമായി ചർച്ച ചെയ്തിരുന്നു. ഹർത്താലുകൾക്ക് എതിരേ വിട്ടുവീഴ്ചയില്ലാതെ :ഹർത്താൽദിനത്തിൽ വ്യാപാരിസമൂഹത്തിനുണ്ടാകുന്ന നഷ്ടം അധികാരികൾ തിരിച്ചറിയണമെന്നും വിവിധ ആവശ്യങ്ങളുടെപേരിൽ ഹർത്താൽ നടത്തുന്നവർ പതിനായിരക്കണക്കിനുവരുന്ന വ്യാപാരികളുടെയും അവരുടെ കുടുംബത്തിന്റെയും പ്രതിസന്ധി കാണാതെ പോകരുതെന്നും അദ്ദേഹം വാദിച്ചു. ഹർത്താൽവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവിൽ ഹർത്താൽദിനത്തിൽ വ്യാപാരികളെ സംഘടിപ്പിച്ച് കടകൾ തുറക്കുന്നതിനു വരെ അദ്ദേഹം തയ്യാറായി. ഇത്തരം പോരാട്ടവീര്യങ്ങൾക്ക് നേതൃത്വംനൽകിയതും അദ്ദേഹം തന്നെയായിരുന്നു. കടകൾ അടച്ചിടും : ടി. നസിറുദ്ദീനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു. ആദരസൂചകമായി കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം)സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജും അറിയിച്ചു. പൈലറ്റാവാൻ കൊതിച്ചു, പരിക്ക് തിരിച്ചടിയായി സഹോദരങ്ങൾ എൻജിനിയർമാരും ഡോക്ടർമാരുമൊക്കെയായപ്പോൾ പൈലറ്റാവുകയെന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് നസിറുദ്ദീൻ ജീവചരിത്രപുസ്തകമായ 'എന്റെ കഥ'യിൽ പറയുന്നു. പുണെയിലെ നാഷണൽ അക്കാദമിയിൽ പൈലറ്റ് പരിശീലന കോഴ്സിനുള്ള സെലക്ഷനും പോയിരുന്നു. പക്ഷേ, ചെറുപ്പത്തിൽ കണ്ണിനേറ്റ പരിക്കാണ് തിരിച്ചടിയായത്. 1944-ൽ ടി.കെ. മഹ്മൂദ് എന്ന കണ്ണൂരുകാരൻ വ്യാപാരിയുടെയും അസ്മാബിയുടെയും മകനായാണ് ജനിച്ചത്. ടി.കെ. മഹ്മൂദ് ആൻഡ് കമ്പനി എന്നപേരിൽ മിഠായിത്തെരുവിൽ നസിറുദ്ദീന്റെ പിതാവ് തുണിക്കടയ്ക്ക് തുടക്കമിട്ടു. അങ്ങനെയാണ് കോഴിക്കോട് കണ്ണൂർ റോഡിലെ കൂടാരപ്പുരയിൽ താമസമാക്കുന്നത്. പിന്നീട് കോഴിക്കോടിന്റെ ടെക്സ്റ്റൈയിൽ വ്യാപാരരംഗത്ത് നസിറുദ്ദീനും സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ആധിപത്യം സ്ഥാപിച്ചു. ഉപ്പയുടെ വ്യാപാരസ്ഥാപനത്തിൽനിന്നാണ് കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പതിനഞ്ചാംവയസ്സിൽ നസിറുദ്ദീൻ കച്ചവടക്കാരന്റെ വേഷവുമണിഞ്ഞിട്ടുണ്ട്. content highlights: T Nasiruddin passed away


from mathrubhumi.latestnews.rssfeed https://ift.tt/5kKJ4LZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages