കേരളം ലഹരിയുടെ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 7, 2022

കേരളം ലഹരിയുടെ പിടിയില്‍

കേരളം ആപത്കരമായ ലഹരിവിപത്തിന്റെ പിടിയിലമർന്നിരിക്കുകയാണ്. കുട്ടികൾപോലും ഈ മാരകാവസ്ഥയുടെ ഇരകളായിമാറുന്നു. സംസ്ഥാനസർക്കാരിന്റെ മദ്യവ്യാപനനയവും മയക്കുമരുന്ന് വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ പരാജയവും കേരളത്തെ വലിയൊരു സാമൂഹിക ദുരന്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ ആരോഗ്യരക്ഷയും ജീവിതസുരക്ഷിതത്വവും ഉറപ്പുനൽകാൻ ബാധ്യസ്ഥമായ സംസ്ഥാനഭരണകൂടം ആ ലക്ഷ്യങ്ങളിൽനിന്നെല്ലാം വ്യതിചലിച്ചുകൊണ്ട് നിക്ഷിപ്തതാത്പര്യങ്ങളെ മുൻനിർത്തി ആപത്കരമായ ലഹരിവ്യാപനത്തിന് കളമൊരുക്കിയിരിക്കുകയാണ്. മദ്യവ്യാപനത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള മദ്യനയം അങ്ങേയറ്റം സമൂഹദ്രോഹപരമാണ്. 2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ 29 ബാറുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോൾ 859 ആയി. തുടർന്നും അനുവദിച്ചുകൊണ്ടിരിക്കുന്നു. നേരത്തേ ഇതെല്ലാം എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ ഇതൊന്നും പുറത്തുവിടുന്നില്ല. ഇതിനിടയിൽ കോടതിവിധിയുടെ പേരുംപറഞ്ഞ് 175 മദ്യശാലകൾ തുടങ്ങാനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ, പുതിയ മദ്യശാലകൾ തുടങ്ങുന്നതിന് പര്യാപ്തമായ നിർദേശങ്ങളൊന്നും തന്റെ വിധിയിലില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻതന്നെ വ്യക്തമാക്കിയിരുന്നു. ഇതൊന്നും പോരാഞ്ഞിട്ട് ഐ.ടി. മേഖലയിൽ പബ്ബുകളും വൈൻപാർലറുകളും തുടങ്ങാനും വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. കേരളത്തെ സാമൂഹിക അരാജകാവസ്ഥയിലേക്കെത്തിക്കാൻ പര്യാപ്തമായ മദ്യവ്യാപന നടപടികളാണിവ. സർക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ മാർഗനിർദേശകതത്ത്വങ്ങളുടെ 47-ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനവുമാണ്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികകളിൽനിന്നുള്ള ഒളിച്ചോട്ടമാണിത്. മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ഡൗൺകാലത്ത് (ഏപ്രിൽ-മേയ് 2020) തെളിയിക്കപ്പെട്ടതാണ്. ആ ഇടവേളയിൽ മദ്യശാലകൾ സമ്പൂർണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങൾ ആർക്കും നിഷേധിക്കാനാകില്ല. ലോക്ഡൗൺ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായി. മദ്യഉപയോഗം ഇല്ലാതായതിനെത്തുടർന്ന് അതിൽപ്പെട്ടിരുന്നവരുടെ കുടുംബങ്ങൾക്കുണ്ടായ സാമ്പത്തികനേട്ടം ശ്രദ്ധേയമായിരുന്നു. 3978 കോടി രൂപയുടെ സാമ്പത്തികനേട്ടം ഇത്തരം കുടുംബങ്ങൾക്കുണ്ടായതായി അഡിക് ഇന്ത്യയുടെ പഠനം വ്യക്തമാക്കുന്നുണ്ട്. മദ്യം വിളമ്പിയില്ലെങ്കിൽ ടൂറിസം തകരുമെന്ന പ്രചാരണം അർഥമില്ലാത്തതാണ്. മദ്യം കഴിക്കാനല്ല ടൂറിസ്റ്റുകൾ കേരളത്തിലേക്കുവരുന്നത്. കേരളത്തനിമ ആസ്വദിക്കാനാണ്. അവർക്കുവേണ്ടത് വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനിൽക്കുന്ന, നല്ലപെരുമാറ്റം ലഭിക്കുന്ന അന്തരീക്ഷമാണ്. സർക്കാരിന്റെ നിലനിൽപ്പ് മദ്യവരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന വാദവും നിരർഥകമാണ്. മദ്യത്തിൽനിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ മദ്യം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾക്കും കെടുതികൾക്കും ദുരിതങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് സർക്കാരിനുതന്നെ ചെലവിടേണ്ടിവരുന്നുണ്ട്. ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകർച്ചയിലേക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവിപത്തിൽനിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനും പര്യാപ്തമായ നയങ്ങളും ഫലപ്രദവും സുതാര്യവുമായ നടപടികളും ആവിഷ്കരിച്ചു നടപ്പാക്കാൻ സർക്കാർ തയ്യാറാവണം. Content Highlights: Kerala and alcohol consumption


from mathrubhumi.latestnews.rssfeed https://ift.tt/4UuVIHa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages