പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള, നമുക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നതിനുമപ്പുറമുള്ള അറിവിന്റെ അല്ലെങ്കിൽ, വിവരങ്ങളുടെ ബാഹുല്യം സൃഷ്ടിക്കുന്ന മാനസിക സമ്മർദം എല്ലാവരും ഇന്ന് അഭിമുഖീകരിക്കുന്നു. ഇതുകാരണം പല വിഷയങ്ങളിലും യുക്തിസഹമായ തീരുമാനം ബുദ്ധിമുട്ടാകുന്നു. പ്രസക്തമേത് , അപ്രസക്തമേത് തെറ്റേത്, ശരിയേത് എന്ന പ്രതിസന്ധി സൈബർലോകം സൃഷ്ടിക്കുന്നു ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു മുട്ട. ഒന്നരവയസ്സുകാരൻ, അച്ഛന്റെ മൊബൈൽ ഫോണിൽനിന്ന് ഓൺലൈൻ ഓർഡർ ചെയ്ത കാര്യമാണ് പറയുന്നത്. കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കൊട്ടാരക്കര ഭാഗത്തുനിന്ന് വന്ന പോസ്റ്റാണ്. അതിശയോക്തിപരം എന്നു തോന്നാമെങ്കിലും ഇത് അസംഭവ്യമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം ഇന്ന് കടന്നുപോകുന്നത്. മാനവരാശിയുടെ ചരിത്രത്തിൽ വന്നിട്ടുള്ള കണ്ടുപിടിത്തങ്ങളിൽ മനുഷ്യനെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും വൈജ്ഞാനികവുമായി ഏറ്റവും അധികം ബാധിച്ചത് അല്ലെങ്കിൽ സ്വാധീനിച്ചത് ഇന്റർനെറ്റ് മാത്രമാണ് എന്ന് നിസ്സംശയം പറയാം. ഇന്റർനെറ്റ് നമ്മുടെ സങ്കല്പങ്ങൾക്കപ്പുറമുള്ള വൈവിധ്യവും വിശാലവുമായ അറിവുകളുടെ ഭൂമികയായി മാറിക്കഴിഞ്ഞു. ലോകത്താകമാനം നിലവിലുള്ള അറിവിന്റെ അല്ലെങ്കിൽ വിവരങ്ങളുടെ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു എന്നു പറയപ്പെടുന്നു. ഈ സാങ്കേതികവിദ്യ നൽകിയ സൗകര്യങ്ങളും ഗുണഫലങ്ങളും എണ്ണിയാലൊടുങ്ങാത്തതാണെന്നുള്ളതും വസ്തുതയാണ്. എന്നാൽ, ഈ സൗകര്യങ്ങളുടെ കുത്തൊഴുക്കിൽ പതിയിരിക്കുന്ന അപകടകരമായ ചുഴികളുടെ സാന്നിധ്യം വേണ്ട ഗൗരവത്തിൽ പരിഗണിക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് സേഫർ ഇന്റർനെറ്റ് ഡേ 2004 മുതൽ ഫെബ്രുവരിയിൽ ആഘോഷിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ സേഫർ ബോർഡർ ?േപ്രാജക്ടിന്റെ ഭാഗമായി ഇൻസേഫ് നെറ്റ്വർക്കിന്റെ ആഭിമുഖ്യത്തിൽ 200-ൽപ്പരം രാജ്യങ്ങളിലെ പങ്കാളികളുമായി ചേർന്നാണ് ഇത് നടത്തുന്നത്. 2022 ഫെബ്രുവരി എട്ടിനു നടത്തുന്ന ആഘോഷത്തിന്റെ പ്രമേയം ടുഗെതർ ഫോർ എ ബെറ്റർ ഇന്റർനെറ്റ് അഥവാ ഒരു മെച്ചപ്പെട്ട ഇന്റർനെറ്റിനുവേണ്ടിയുള്ള കൂട്ടായ്മ എന്നതാണ്. ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ വൈപുല്യം വ്യക്തമാക്കുന്ന ചില കണക്കുകൾ ഇവിടെ പ്രസക്തമാണ്. ലോകത്താകമാനം ഏകദേശം 450 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. അതായത്, ലോകജനസംഖ്യയുടെ 59 ശതമാനം. യുട്യൂബ്, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയാ സങ്കേതങ്ങൾ ഉപയോഗിക്കുന്നത് 380 കോടി ആൾക്കാരാണ്. കൂടാതെ, 89 ലക്ഷം മൊബൈൽ ആപ്പുകളും ഇന്ന് ലഭ്യമാണ്. ഇന്ത്യയിൽ നിലവിൽ 82 കോടിയിൽപ്പരം ഇന്റർനെറ്റ് വരിക്കാരുണ്ട്. അതായത്, ജനസംഖ്യയുടെ ഏകദേശം 60.73 ശതമാനം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഇന്ത്യയിൽ 44.48 കോടിയാണെന്നും കാണുന്നു. ഇന്ത്യയിലെ ശരാശരി ഓൺലൈൻ ഉപയോഗം ദിവസം 2.25 മണിക്കൂറാണെന്നും കണക്കാക്കപ്പെടുന്നു. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഓൺലൈൻ ഷോപ്പിങ്ങിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് നമുക്കുള്ളത്. ഈ കണക്കുകളെല്ലാംതന്നെ അനുദിനം കൂടുന്നതല്ലാതെ കുറയുകയില്ല. പ്രതിസന്ധികൾ എന്തൊക്കെ ഇത്രയധികം സ്വാധീനമുള്ള ഈ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ആവേശത്തോടെ സ്വീകരിച്ച ലോകം ഇന്നിപ്പോൾ ഇത് സൃഷ്ടിക്കുന്ന പുതിയ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ചെയ്തു തുടങ്ങി. മറ്റേതൊരു സാങ്കേതിക വിദ്യയെപ്പോലെത്തന്നെ ഇന്റർനെറ്റിനും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ടെന്നു കാണാം. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിനാവശ്യമായ പല കരുതൽനിർദേശങ്ങൾ നിത്യേന നമുക്ക് ലഭിക്കുന്നുണ്ട്. വ്യക്തിഗതവിവരങ്ങൾ നൽകാതിരിക്കുക, കരുത്തുള്ള പാസ്വേഡ് ഉപയോഗിക്കുക, അപരിചിതവും സംശയാസ്പദവുമായ ലിങ്കുകൾ തുറക്കാതിരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നമുക്കിന്നറിയാം. ഇവയെല്ലാംതന്നെ സാങ്കേതികവിദ്യയുടെ ഉപയോഗത്തിനുള്ള മുൻകരുതൽ മാത്രമാണ്. എന്നാൽ, സാമൂഹികവും വ്യക്തിപരവും നയപരവുമായ സമീപനങ്ങളിൽ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്ന ആശയം ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചു. അമിതമായ, അച്ചടക്കമില്ലാത്ത ഇന്റർനെറ്റ് ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോകത്താകമാനം പഠനങ്ങൾ തുടങ്ങിയിട്ടുണ്ട്. അമിതാസക്തി, അടിമത്തം ഇന്റർനെറ്റിനോടുള്ള അമിതമായ ആസക്തിയും അടിമത്തവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, അമിത ഇന്റർനെറ്റ് ഉപയോഗം കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, വിവരങ്ങളുടെ അല്ലെങ്കിൽ അറിവിന്റെ ബാഹുല്യം സൃഷ്ടിക്കുന്ന വൈജ്ഞാനിക പ്രശ്നങ്ങൾ, വ്യക്തിയുടെ പൊതുജീവിതവും സ്വകാര്യജീവിതവും തമ്മിലുള്ള വേർതിരിവിന്റെ നഷ്ടം, സാമൂഹിക-കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ, വ്യക്തികൾക്കു നേരെയും കൂട്ടായ്മകൾക്കു നേരെയും വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്നിവയൊക്കെ ഇന്നത്തെ പുതിയ പ്രതിസന്ധികളാണ്. ഇന്റർനെറ്റിലെ ഗെയിമുകളോടും ചൂതാട്ടങ്ങളോടുമുള്ള അമിതാസക്തി 2018-ൽ ലോകാരോഗ്യ സംഘടന ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസോഡേഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേഷ്യം, അസ്വസ്ഥത, അമിത വെപ്രാളം, ഉത്കണ്ഠ, ഒറ്റപ്പെടൽ, കുടുംബ-സാമൂഹിക ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ എന്നിവയ്ക്ക് അമിത ഇന്റർനെറ്റ് ഉപയോഗം വഴിയൊരുക്കുന്നു. ഇന്റർനെറ്റിന്റെ അമിത ഉപയോഗം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കുട്ടികളെത്തന്നെയാണ്. കുട്ടികളിലെ കോഗ്നിറ്റീവ് ഡെവലപ്മെന്റ് അതായത്, ചിന്തിക്കാനും അന്വേഷിക്കാനും കണ്ടെത്താനുമുള്ള കഴിവിന്റെ വികാസത്തെ ഇത് പ്രകടമായി ബാധിക്കും. കൂടാതെ ജൈവികമായ ഓർമശക്തിയുടെ വളർച്ച, വായിക്കാനും എഴുതാനുമുള്ള കഴിവ്, ഏകാഗ്രത, കാഴ്ചശക്തി, വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയെ എല്ലാം അമിത ഓൺലൈൻ ഉപയോഗം ദോഷകരമായി ബാധിക്കുന്നെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇർഫർമേഷൻ ഓവർലോഡ്, അതായത് നമ്മൾ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള, നമുക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നതിനുമപ്പുറമുള്ള അറിവിന്റെ അല്ലെങ്കിൽ, വിവരങ്ങളുടെ ബാഹുല്യം സൃഷ്ടിക്കുന്ന മാനസിക സമ്മർദം എല്ലാവരും ഇന്ന് അഭിമുഖീകരിക്കുന്നു. ഇതുകാരണം പല വിഷയങ്ങളിലും യുക്തിസഹമായ തീരുമാനം ബുദ്ധിമുട്ടാകുന്നു. പ്രസക്തമേത്, അപ്രസക്തമേത് തെറ്റേത് ശരിയേത് എന്ന പ്രതിസന്ധി സൈബർലോകം സൃഷ്ടിക്കുന്നു. ഇത് ഏറ്റവും പ്രകടമായി കാണുന്നത് വൈദ്യശാസ്ത്രപരമായ വിവരങ്ങളുടെ കാര്യത്തിൽത്തന്നെയാണ്. എന്തിനും ഏതിനും ഗൂഗിൾ ഡോക്ടറെ ആശ്രയിച്ച് ആശയക്കുഴപ്പത്തിലാകുന്നവർ ധാരാളം. ഇല്ലാതാവുന്ന സ്വകാര്യത ഒരു വ്യക്തിയുടെ ജീവിതക്രമം, പൊതുജീവിതം, സ്വകാര്യജീവിതം എന്ന വ്യക്തമായ വേർതിരിവുകൊണ്ടാണ് സുഖകരമായി മുന്നോട്ടുപോകുന്നത്. ഇവ തമ്മിലുള്ള വേർതിരിവ് കുറെയെങ്കിലും ഇന്റർനെറ്റിന്റെ വരവോടെ നേർത്തുതുടങ്ങിയിരിക്കുന്നു. സ്വകാര്യത എന്ന മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട അനുഭവം പലപ്പോഴും അറിഞ്ഞോ അറിയാതെയോതന്നെ സൈബർ ലോകത്ത് നഷ്ടപ്പെടുന്നു. ഒരാളെ ജോലിക്ക് നിയമിക്കുന്നതിനു മുൻപ് അയാളുടെ തികച്ചും വ്യക്തിപരമായ താത്പര്യങ്ങൾ, സ്വഭാവരീതികൾ, ബന്ധങ്ങൾ എന്നിവ സൈബർ ലോകത്തുനിന്ന് രഹസ്യമായി കണ്ടെത്തി വിശകലനം ചെയ്യുന്ന രീതി ഇന്ന് പല സ്ഥാപനങ്ങളും തുടരുന്നുണ്ട്. കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം വന്നതോടെ ഔദ്യോഗിക ജീവിതവും കുടുംബജീവിതവും ഒന്നായി മാറിക്കഴിഞ്ഞു. കോവിഡ് കാലം കഴിഞ്ഞാലും ഇത് നൽകുന്ന സാമ്പത്തിക, മാനേജ്മെന്റ് സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ രീതി തുടരാൻ കൂടുതൽ സ്ഥാപനങ്ങൾ രംഗത്തുവരും. അതുണ്ടാക്കാൻ പോകുന്ന കുടുംബ പ്രശ്നങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ. ഇതിനോടൊപ്പംതന്നെ സാമൂഹിക-കുടുംബ ബന്ധങ്ങളിൽ വന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ചേർന്നുനിൽക്കുന്ന വ്യക്തികൾ തമ്മിലുള്ള അകലം വർധിക്കുകയും അകലെനിൽക്കുന്ന വ്യക്തികളുമായി ഉപരിപ്ലവകരമായ ബന്ധങ്ങൾ വന്നുതുടങ്ങുകയും ചെയ്യുന്നു. ഒരേ വീട്ടിൽത്തന്നെയുള്ള എല്ലാവരും തങ്ങളുടെ സ്വന്തം സൈബർ ലോകത്ത് കൂടുതൽ മുഴുകിക്കഴിയുമ്പോൾ കുടുംബബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. ഓൺലൈൻ ഷോപ്പിങ് വ്യാപകമാകുന്നതോടെ പരമ്പരാഗത ഷോപ്പിങ് വഴി കിട്ടിയിരുന്ന സാമൂഹികബന്ധങ്ങളും കുറഞ്ഞുതുടങ്ങി. അശ്ളീല വീഡിയോയുടെ അമിതസ്വാധീനം പല കുടുംബങ്ങളിലും ഗുരുതരപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒട്ടേറെ കേസുകൾ ഇപ്പോൾ വന്നുതുടങ്ങിയിരിക്കുന്നു. ഉയരുന്ന സൈബർ കുറ്റകൃത്യങ്ങൾ ഇന്റർനെറ്റ് അല്ലെങ്കിൽ ഓൺലൈൻ സങ്കേതങ്ങളുടെ ഏറ്റവും വ്യാപകവും അപകടകരവുമായ സാമൂഹിക പ്രശ്നം സൈബർ കുറ്റകൃത്യങ്ങളുടെ അമിതമായ വളർച്ചയാണ്. കേരള പോലീസിന്റെ കണക്കുപ്രകാരം വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്ന ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം 2016-ൽ 283 എണ്ണമായിരുന്നെങ്കിൽ 2021 നവംബർ ആയപ്പോൾ 903 ആണ്. നാഷണൽ കം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം നിലവിൽ 24 തരം സൈബർ കുറ്റകൃത്യങ്ങൾ നിർവചിച്ചിട്ടുണ്ട്. സാധാരണ കേൾക്കുന്ന ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾക്കപ്പുറം സൈബർ കുറ്റകൃത്യങ്ങൾ പുതിയരൂപത്തിലും ഭാവത്തിലും വന്നുതുടങ്ങിയിരിക്കുന്നു. സൈബർ ബുള്ളിയിങ്, സൈബർ സ്റ്റാക്കിങ്, സൈബർ ഗ്രൂമിങ്, വിഷിങ്, സ്ലിഷിങ് തുടങ്ങി പുതിയ ഗണത്തിൽപ്പെടുന്ന ഒട്ടേറെ സൈബർ കുറ്റകൃത്യങ്ങൾ വളർന്നുവരുന്നു. അദ്യശ്യനായ ഒരു കുറ്റവാളി അജ്ഞാതമായ ഒരു കേന്ദ്രത്തിലിരുന്ന്, അത് ലോകത്തിന്റെ ഏത് കോണിലുമാകാം, പരിചിതമല്ലാത്ത ഒരു സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നതിനാൽ ഇതിന്റെ അന്വേഷണം ദുഷ്കരവും അല്ലെങ്കിൽ ചിലപ്പോൾ അസാധ്യമാവുകയും ചെയ്യുന്നു. വാർത്താ സൃഷ്ടികൾ ഇന്റർനെറ്റും സോഷ്യൽ മീഡിയയിലുമെല്ലാം മാസ് കമ്യൂണിക്കേഷൻ എന്ന മാധ്യമവിഭാഗത്തിലാണ് വരുന്നതെങ്കിലും പരമ്പരാഗത ബഹുജന മാധ്യമങ്ങളായ പത്രം, ടെലിവിഷൻ, റേഡിയോ തുടങ്ങിയവയിൽനിന്ന് തികച്ചും വ്യത്യസ്തമാണ് പലപ്പോഴും ഇവയുടെ പ്രവർത്തനരീതി. പ്രവർത്തനശൈലി വെച്ചുനോക്കിയാൽ അത് മാസ് കമ്യൂണിക്കേഷൻ എന്നതിലുപരി മാസ് സെൽഫ് കമ്യൂണിക്കേഷൻ ആണെന്നു കാണാം. അതായത്, ഒരു വ്യക്തി സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെയും വ്യക്തിപരമായ സ്വഭാവ വൈചിത്ര്യങ്ങളുടെയും അടിസ്ഥാനത്തിൽ പൊതു സമൂഹത്തോട് നിയന്ത്രണങ്ങളോ നയങ്ങളോ ഇല്ലാതെ ആശയവിനിമയം നടത്തുന്നു. മാത്രമല്ല, പലപ്പോഴും ആ വ്യക്തി ആരാണെന്നുപോലും തിരിച്ചറിയാൻ കഴിയുകയുമില്ല. പരമ്പരാഗത സംവിധാനത്തിൽ ഒരു എഡിറ്റോറിയൽ നയം, സാമൂഹികനിയമവ്യവസ്ഥകൾ, പൊതുമര്യാദകൾ എന്നിവയൊക്കെ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ, ഇതൊന്നുമില്ലായെന്നതാണ് ഇന്റർനെറ്റ് ദുരുപയോഗത്തിന്റെ പ്രകടമായ അപകടം. മാത്രമല്ല, പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഇതിന്റെ വ്യാപനം കണ്ടെത്താവുന്നതിനപ്പുറമാണ്. കൂടാതെ, ഓൺലൈൻ സങ്കേതത്തിൽ വരുന്ന ഒരു വിവരം അത് ശരിയായാലും തെറ്റായാലും നല്ലതായാലും ചീത്തയായാലും ഷെയർ ചെയ്യപ്പെടുന്നതോടെ ആ മേഖലയിൽ സ്ഥിരസാന്നിധ്യമായി നിലനിൽക്കും. പലപ്പോഴും അസ്വീകാര്യമായവ കണ്ടെത്തി ഒഴിവാക്കുക അസാധ്യമാണുതാനും. പൊതുസമൂഹത്തിൽ സ്വീകാര്യമല്ലാത്തതും നിയമവിരുദ്ധമായതുമായ ഒരു വിവരം വേണ്ട അറിവോ ശ്രദ്ധയോകൂടാതെ ലൈക്ക് ചെയ്യുകയോ, ഷെയർ ചെയ്യുകയോ ചെയ്യുമ്പോൾ നമ്മൾ ഒരേസമയം ഇരയും വേട്ടക്കാരനുമായി മാറുന്നെന്നത് പലരും തിരിച്ചറിയുന്നുമില്ല. ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ വ്യക്തിയുടെയും സമൂഹത്തിന്റെയും ആത്മാഭിമാനം നഷ്ടപ്പെടാതിരിക്കാനും ആശാസ്യമല്ലാത്ത പ്രവണതകൾ ഒഴിവാക്കാനും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നതിന് പ്രസക്തിയേറുന്നു. അത് നിയമസംവിധാനത്തിലൂടെമാത്രം ഉറപ്പാക്കാനാവുന്ന ഒരു പ്രക്രിയ അല്ലാത്തതിനാലാണ് ടുഗെതർ ഫോർ എ ബെറ്റർ ഇന്റർനെറ്റ് അതായത്, മെച്ചപ്പെട്ട ഇന്റർനെറ്റിനു വേണ്ടിയുള്ള ഒരു കൂട്ടായ്മ എന്ന പ്രമേയം ഈ വർഷത്തെ സേഫർ ഇന്റർനെറ്റ് ഡേ മുന്നോട്ടുവെക്കുന്നത്. കുട്ടികളെ ശ്രദ്ധിക്കുക ഏറ്റവും പ്രധാനം കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം പ്രായഭേദമെന്യേ നിയന്ത്രിക്കുക എന്നതാണ്. ഒപ്പം സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നത് ചെറുപ്പത്തിൽത്തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. നിലവിൽ നമ്മുടെ പാഠ്യപദ്ധതിയിലെങ്ങും ഇതിന് വലിയ പ്രാധാന്യം നൽകിയിട്ടില്ല. ലൈംഗികവിദ്യാഭ്യാസം, ഭരണഘടന, നിയമബോധം ഇവയോടൊപ്പംതന്നെയോ അതിലേറെ പ്രാധാന്യത്തോടെയോ ഈ വിഷയത്തെ കാണണം. ഇതിൽ പ്രാഥമിക ഉത്തരവാദിത്വം രക്ഷിതാക്കൾക്കുതന്നെയാണ്. അവരതിനെ അങ്ങനെ കാണുന്നുവോ എന്നത് സംശയമാണ്. പണ്ടൊക്കെ ട്രെയിൻ യാത്രയിൽ കണ്ടിരുന്ന ഒരു കാഴ്ച,വണ്ടിയിൽ കയറിയാലുടൻ വലിയ ലെയ്സ് പോലുള്ള ചിപ്സിന്റെ പാക്കറ്റ് തുറന്ന് കുട്ടിക്കു നൽകുന്നതാണ്. കുട്ടി നിശ്ശബ്ദമായി അത് കൊറിച്ചുകൊണ്ട് അടങ്ങിയിരിക്കും. അതിന്റെ സ്ഥാനത്ത് ഇപ്പോൾ മൊബൈൽ ഗെയിമുകളായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് ഇതിൽ ഒരു മുഖ്യപങ്ക് വഹിക്കാനുണ്ട്. ഗെയിമുകളുടെ കാര്യത്തിൽ ഒരു ഐ.പി. അഡ്രസിൽനിന്ന് കയറുന്ന വ്യക്തി ഗെയിമിൽ ചെലവഴിക്കുന്ന സമയത്തിന് നിർമിതബുദ്ധിയിലൂടെ നിയന്ത്രണം ഏർപ്പെടുത്തുക. ഫെയ്സ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ഒഴിവാക്കുന്നതിന് അക്കൗണ്ട് തുടങ്ങുന്നതിന് ആധാർപോലുള്ള തിരിച്ചറിയൽരേഖ നിർബന്ധമാക്കുക, കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളിൽ ആശാസ്യമല്ലാത്ത വിഷയങ്ങളിലേക്ക് നാവിഗേഷൻ നടത്തിയാൽ രക്ഷാകർത്താവിന്റെ ഫോണിലേക്ക് ഒരു അലർട്ട് സന്ദേശം വരുന്നതും ഡിസേബിൾ ചെയ്യാൻ പറ്റാത്തതുമായ സാങ്കേതികവിദ്യ ഉൾപ്പെടുത്തുക തുടങ്ങി ഒട്ടേറെ സാങ്കേതിക ഇടപെടലുകൾ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ വേണ്ടി ചെയ്യാൻ കഴിയും. ഈയടുത്ത് തിരുവനന്തപുരത്ത് ഒരു ഏഴുവയസ്സുകാരൻ ഒരു പോക്സോ കേസിൽ ഗുഡ് ടച്ചും, ബാഡ് ടച്ചും എനിക്കറിയാം എന്നുപറഞ്ഞ് പ്രതിക്ക് ശിക്ഷ വാങ്ങിനൽകിയ വാർത്ത നാമെല്ലാം കേട്ടു. ശരിയായ രീതിയിൽ നൽകിയ ലൈംഗിക വിദ്യാഭ്യാസത്തിന്റെ നേട്ടം. ഇതുപോലെത്തന്നെ സൈബർ ലോകത്തും ഗുഡ് ടച്ചും ബാഡ് ടച്ചും ഉണ്ടെന്ന് സമൂഹത്തെ മൊത്തത്തിൽ ബോധവത്കരിക്കേണ്ടതാണ് ഈ സൈബർയുഗത്തിന്റെ പ്രധാന പരിഗണനകളിലൊന്ന്. Content Highlights:Safer Internet Day (SID) is organised by Insafe in February of each year to promote safer and more responsible use of online technology and mobile phones
from mathrubhumi.latestnews.rssfeed https://ift.tt/giFmyjE
via IFTTT
Post Top Ad
Responsive Ads Here
Monday, February 7, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പ്രസക്തമേത്, അപ്രസക്തമേത് തെറ്റേത്, ശരിയേത് എന്ന പ്രതിസന്ധി സൃഷ്ടിക്കുന്ന സൈബര്‍ലോകം
പ്രസക്തമേത്, അപ്രസക്തമേത് തെറ്റേത്, ശരിയേത് എന്ന പ്രതിസന്ധി സൃഷ്ടിക്കുന്ന സൈബര്‍ലോകം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment