ഒട്ടകം രാജേഷിനെ കൂടെക്കൂട്ടാന്‍ വൻസംഘങ്ങൾ: വലവിരിച്ച് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 19, 2021

ഒട്ടകം രാജേഷിനെ കൂടെക്കൂട്ടാന്‍ വൻസംഘങ്ങൾ: വലവിരിച്ച് പോലീസ്

പോത്തൻകോട്: സുധീഷ് വധക്കേസിൽ പിടിയിലാകാനുള്ള പ്രധാന പ്രതി ഒട്ടകം രാജേഷ് ഒളിവിൽത്തന്നെ. ഇയാളെ കണ്ടെന്നു പറഞ്ഞ് പോലീസിനു ലഭിക്കുന്ന സന്ദേശങ്ങളെല്ലാം തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിലൊരു സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം നടത്താൻ പോയ പോലീസ് സംഘമാണ് ശനിയാഴ്ച ഉച്ചയ്ക്ക് അഞ്ചുതെങ്ങ് കായലിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരു പോലീസുകാരന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തിൽ ഒട്ടകം രാജേഷുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ചിരുന്ന വിവരം. പിന്നീട് നടത്തിയ അന്വേഷണത്തിൽ വിവരം തെറ്റാണെന്ന് ബോധ്യപ്പെട്ടു. ഇതുപോലെ മംഗലപുരം, കോവളം, കാട്ടാക്കട, ചിറയിൻകീഴ്, നെടുമങ്ങാട്, കഠിനംകുളം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഒട്ടകം രാജേഷിനെ കണ്ടതായി കഴിഞ്ഞദിവസങ്ങളിൽ പോലീസിനു വിവരം ലഭിച്ചിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പോലീസിനെ വഴിതെറ്റിക്കാൻവേണ്ടി ബോധപൂർവം ചിലർ വിവരങ്ങൾ നല്കുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ മൊബൈൽഫോൺ പിന്നീടിതുവരെ ഓണായിട്ടില്ല. ഇതാണ് ഒളിയിടം കണ്ടെത്താനുള്ള പ്രധാന തടസ്സം. പലരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പരിചയമുള്ളവരുടെ അടുത്തെത്തി അവരുടെ ഫോണിൽ നിന്നാണ് ഇയാൾ വിളിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. പലരെയും ഇയാൾ നേരിട്ട് പോയിക്കാണുകയും ചെയ്യുന്നുണ്ടെങ്കിലും ആരും പോലീസിനോടു വിവരം പറഞ്ഞിട്ടില്ല. എവിടെനിന്നാണ് വരുന്നതെന്നോ എവിടേയ്ക്കാണ് പോകുന്നതെന്നോ ബന്ധപ്പെടുന്നവരെ അറിയിക്കുന്നില്ലെന്നാണ് പോലീസ് സംശയിക്കുന്നത്. ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നേറുന്നത്. മുഴുവൻ സ്റ്റേഷനുകളിലെയും പോലീസ് സംഘം ഇത് സംബന്ധിച്ച അന്വേഷണത്തിലാണ്. സമീപ ജില്ലകളിലും ഇതുപോലെ രഹസ്യമായി അന്വേഷണം നടക്കുന്നുണ്ട്. ഏറെ താമസിക്കാതെ ഇയാളെ പിടികൂടാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. വൻസംഘങ്ങൾ ഒട്ടകം രാജേഷിനെ കൂടെക്കൂട്ടാനും പദ്ധതിയിടുന്നു പണമാവശ്യപ്പെട്ട് ഒട്ടകം രാജേഷ് പഴയ ഇടപാടുകാരിൽ പലരെയും സമീപിച്ചതായി പോലീസിനു വിവരം ലഭിച്ചു. ഒളിവിൽക്കഴിയുന്നതിനും പിടിയിലായാൽ കേസ് നടത്തിപ്പിനുമുള്ള പണം കണ്ടെത്താനാണ് ഇയാൾ ആളുകളെത്തേടിയെത്തുന്നതെന്നാണ് പോലീസ് കരുതുന്നത്. ഒട്ടകം രാജേഷിനെത്തേടി ചില ക്വട്ടേഷൻസംഘങ്ങളും രംഗത്തുള്ളതായാണ് രഹസ്യാന്വേഷണവിഭാഗം നൽകുന്ന സൂചന. അതുകൊണ്ട് എത്രയുംവേഗം ഇയാളെ കണ്ടെത്തി അറസ്റ്റു ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. അക്രമസംഭവങ്ങൾ വർധിക്കുന്നത് പോലീസിന്റെ പ്രതിച്ഛായയെത്തന്നെ ബാധിച്ചിട്ടുള്ള പശ്ചാത്തലത്തിലാണിത്. സുധീഷ് വധക്കേസിലൂടെ കുപ്രസിദ്ധി വർധിച്ച ഒട്ടകം രാജേഷിനെ കൂടെനിർത്താൻ സംസ്ഥാനത്തെ വൻകിട ഗുണ്ടാ-ലഹരിമാഫിയകളും രംഗത്തെത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളുടെ കൈകളിലെത്തിയാൽ ഇയാളെ പിടികൂടുക എളുപ്പമല്ലെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സംഘങ്ങളുടെ നീക്കങ്ങളെല്ലാം പോലീസ് നിരീക്ഷിക്കുകയാണ്. ജയിലിൽനിന്നു പുറത്തിറങ്ങി അക്രമം: രക്ഷപ്പെടാൻ വീണ്ടും ജയിലിലേക്ക് ക്രിമിനൽകേസുകളിൽപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാകുന്നവരിൽ മിക്കവരും വേഗം പുറത്തെത്തുന്നത് സമാധാനാന്തരീക്ഷത്തിനു വലിയ ഭീഷണിയാകുന്നതായി വിലയിരുത്തൽ. വിവിധ കേസുകളിൽപ്പെട്ട് ജയിലിൽക്കഴിഞ്ഞിരുന്ന നിരവധിപേരാണ് കോവിഡ് പശ്ചാത്തലത്തിൽ ജാമ്യംനേടി പുറത്തിറങ്ങിയത്. ഇപ്പോൾ നടക്കുന്ന പല അക്രമസംഭവങ്ങളിലും ഇത്തരത്തിൽ ജയിലിൽനിന്നു പുറത്തിറങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്. പുറത്ത് ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യമെത്തുന്നതോടെ ഇവർ ഏതെങ്കിലും കേസിൽപ്പെട്ട് വീണ്ടും ജയിലിൽ പോകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പോത്തൻകോട് സുധീഷ് വധക്കേസിൽ അറസ്റ്റിലായ സുധീഷ് ഉണ്ണി, വിഷ്ണു, ശ്രീനാഥ്, അരുൺ എന്നിവർ ഒരുവർഷം മുമ്പ് വെഞ്ഞാറമൂട് വെട്ടുവിള കോളനിയിൽ സ്ത്രീകളുൾപ്പെടെ അഞ്ചുപേരെ വെട്ടിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തവരാണ്. കഞ്ചാവ് കച്ചവടം ചോദ്യംചെയ്തതിനായിരുന്നു ആക്രമണം. ജാമ്യം നേടി പുറത്തിറങ്ങിയ ഇവർ പിന്നീട് നടത്തിയ നിരവധി ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് സുധീഷ് വധം. ഈ കേസിൽ ഇനി പിടികിട്ടാനുള്ള ഒട്ടകം രാജേഷാകട്ടെ പല കേസുകളിലായി പലതവണ ജയിലിൽ കഴിഞ്ഞിട്ടുള്ളയാളാണ്. കടയ്ക്കാവൂരിൽ ഒരാളെ മാസങ്ങൾക്ക് മുമ്പ് വീടിനു സമീപത്തെ വഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി വേഗത്തിൽ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഇയാൾ ഒരാളെ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി പണം തട്ടിയെടുത്തു. ഈ കേസിൽ ഇയാളിപ്പോൾ ഒളിവിലാണ്. ചിറയിൻകീഴ് തെക്കേ അരയത്തുരുത്തി ലക്ഷംവീട് കോളനിയിൽ അജിത്തിനെ മുടപുരം തെങ്ങുംവിള ഏലായ്ക്ക് സമീപം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെല്ലാം വേഗത്തിൽ പുറത്തെത്തി. വെട്ടിയും കുത്തിയും തലയിലും ദേഹത്തുമെല്ലാം ആഴത്തിൽ മുറിവേൽപ്പിച്ച് ക്രൂരമായിട്ടായിരുന്നു അജിത്തിന്റെ കൊലപാതകം. ആക്രമണക്കേസുകളിൽ ജയിലിലാകുന്നവരെ പുറത്തിറക്കാൻ വലിയ സംഘംതന്നെ പ്രവർത്തിക്കുന്നതായാണ് സൂചന. ക്രൂരമായി ആക്രമണം നടത്തുന്നവരെയാണ് ഇത്തരക്കാർ നോട്ടമിടുന്നത്. തങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ആജ്ഞാനുവർത്തികളായി കൂടെ നിർത്താൻവേണ്ടിയാണ് ഇത്തരക്കാർ ജയിലുകളിൽനിന്ന് ഗുണ്ടകളെ കണ്ടെത്തുന്നത്. ജയിലിൽനിന്നു പുറത്തിറങ്ങിയാൽ ഇവർക്കാവശ്യമായ സഹായങ്ങളും ഇക്കൂട്ടർ ചെയ്ത് കൊടുക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മിക്കവരുടെയും കുടുംബങ്ങളുടെ സാമ്പത്തികനില വളരെ പരിതാപകരമാണ്. ജാമ്യമെടുത്ത് പുറത്തിറങ്ങാനുള്ള സാമ്പത്തികനിലയുള്ളവരല്ല പലരും. പക്ഷേ, ഏതു വലിയ കേസിൽനിന്നും ഇവർ നിസ്സാരമായി പുറത്തിറങ്ങിവരുന്നതിനു പിന്നിൽ ഇത്തരം ഗൂഢസംഘങ്ങളാണ് പ്രവർത്തിക്കുന്നത്. Content Highlights: quotation gangs on play for ottakam rajesh police investigations on full swing


from mathrubhumi.latestnews.rssfeed https://ift.tt/3yPNk4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages