ന്യൂഡൽഹി: മൗറീഷ്യസിലെ അറ്റോർണി ജനറലിന്റെ ഓഫീസ് 2018 ഒക്ടോബർ 11-ന് സി.ബി.ഐ. ഡയറക്ടർക്ക് കൈമാറിയ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസ് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ‘റഫാൽ’ ഇടപാടും പരാമർശിച്ചിരുന്നതായി വെളിപ്പെടുത്തൽ. റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ ഇടനിലക്കാരൻ സുഷേൻ ഗുപ്ത 65 കോടി കൈക്കൂലി കൈപ്പറ്റിയെന്ന വാർത്തനൽകിയ ഫ്രഞ്ച് അന്വേഷണ പോർട്ടൽ മീഡിയ പാർട്ടിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യവും പരാമർശിക്കുന്നത്. ഇതിന് ഒരാഴ്ചമുമ്പ് ഒക്ടോബർ നാലിനാണ് റഫാൽ ഇടപാടിൽ അഴിമതിയാരോപിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി എന്നിവർ സി.ബി.ഐ.ക്ക് പരാതിനൽകിയത്. കമ്മിഷൻ നൽകിയെന്ന രേഖകൾ പരാതികിട്ടി ഒരാഴ്ചയ്ക്കകം ലഭിച്ചിട്ടും തുടരന്വേഷണം വേണ്ടെന്നാണ് സി.ബി.ഐ. തീരുമാനിച്ചതെന്നും ‘മീഡിയാ പാർട്ട്’ പറയുന്നു. യുദ്ധവിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നെന്ന് 2001-ൽ ഇന്ത്യ പ്രഖ്യാപിച്ചതിനുശേഷമാണ് ഗുപ്തയെ ദസോ ഇടനിലക്കാരനായി നിയമിച്ചതെന്നാണ് ‘മീഡിയാ പാർട്ട്’ പറയുന്നത്. എന്നാൽ, 2007-ൽ മാത്രമാണ് റഫാലുമായി ബന്ധപ്പെട്ട ഔദ്യോഗിക ലേലപ്രക്രിയ തുടങ്ങിയത്. കരാറിന്റെ അവസാനചർച്ച നടക്കുമ്പോൾ 2015-ൽ പ്രതിരോധമന്ത്രാലയത്തിൽനിന്ന് സുഷേൻ ഗുപ്തയ്ക്ക് സുപ്രധാനമായ ചില വിവരങ്ങൾ ലഭിച്ചിരുന്നു. റഫാൽ വില കണക്കാക്കിയതുൾപ്പെടെയുള്ള രഹസ്യരേഖയായിരുന്നു ഇത്. ഇതുസംബന്ധിച്ച വിവരം സി.ബി.ഐ.ക്കും ലഭിച്ചിരുന്നു. ഈ രേഖകളെക്കുറിച്ച് പ്രതികരിക്കാൻ ദസോയും സുഷേൻ ഗുപ്തയും തയ്യാറായില്ലെന്ന് ‘മീഡിയാ പാർട്ട്’ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3mYLuKs
via
IFTTT
No comments:
Post a Comment