പന്തളം : കാർ തോട്ടിലേക്ക് മറിഞ്ഞ് മരണത്തെ മുഖാമുഖം കണ്ട പൂഴിക്കാട് കിഴക്കടത്ത് വടക്കേതിൽ ഗ്രേസ് ലാന്റിൽ ജോർജുകുട്ടിക്ക് ഓട്ടോറിക്ഷാ ഡ്രൈവർ ജി.നിധീഷ് കുമാറിന്റെ ഇടപെടലിലൂടെ ലഭിച്ചത് പുതുജീവൻ. ശനിയാഴ്ച രാവിലെ ഏഴരയോടെ പൂഴിക്കാട്ടെ ബാഡ്മിന്റൻ ക്ലബ്ബിൽ കളിക്കാനായി കാറിൽ പോകുമ്പോഴാണ് ജോർജുകുട്ടി(68) അപകടത്തിൽപ്പെട്ടത്. കരിങ്ങാലി വലിയതോടിനരികിലൂടെ കാറോടിച്ചുപോകുമ്പോൾ കാർ തോടിനരികിൽ പുതഞ്ഞു. ഒടിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയുമായിരുന്നു. കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. മഴകാരണം തോട്ടിൽ കനത്ത ഒഴുക്കായിരുന്നു. ഗ്ലാസ് ഇട്ട കാറിനുള്ളിൽ കുടുങ്ങി ശ്വാസം കിട്ടാതെ വലയുമ്പോഴാണ് നിധീഷ്കുമാർ ഇത് കണ്ടത്. കാറിനുള്ളിൽ വെളിച്ചമുണ്ടായതിനാൽ അകത്ത് ആളുണ്ടെന്ന് മനസിലായി. ഗ്ലാസിനുള്ളിലൂടെ ജോർജുകുട്ടി കൈയിട്ട് വിളിക്കുന്നുമുണ്ടായിരുന്നു. നിധീഷ് അവിടെ കിടന്ന മെറ്റലെടുത്ത് സൈഡിലെ ഗ്ലാസിൽ എറിഞ്ഞെങ്കിലും ഉടഞ്ഞില്ല തുടർന്ന് പിൻഭാഗത്തെ ചില്ല് എറിഞ്ഞുടച്ചു. പിൻ ഗ്ലാസിലൂടെ പുറത്തേക്കിറങ്ങിയ ജോർജുകുട്ടിയെ വഴിയരികിൽ കിടന്ന ഓല നീട്ടിക്കൊടുത്താണ് പിടിച്ചുകയറ്റി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിറയിൽ വിജയൻ കരയിൽ കയറാൻ ശ്രമിച്ച ജോർജുകുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കായംകുളം റയിൽവേസ്റ്റേഷൻ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് ചേരാവള്ളി പുത്തൻ കണ്ടത്തിൽ നിധീഷ് കുമാർ. റയിൽവേ സ്റ്റേഷനിൽ നിന്നും ഒരാളെ പൂഴിക്കാട്ടുള്ള വീട്ടിലെത്തിച്ച് തിരികെ കായംകുളത്തേക്ക് മടങ്ങുമ്പോഴാണ് രക്ഷാപ്രവർത്തനം നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3DLMKGz
via
IFTTT
No comments:
Post a Comment