കോട്ടയം:തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം കൂട്ടിക്കലിൽ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഇവിടെ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ ഇന്ന് കണ്ടെടുത്ത ഷാലറ്റിന്റെ മൃതദേഹം കൂട്ടിക്കലിൽ കാണാതായതായി റിപ്പോർട്ട് ചെയ്തവരിൽ ഉൾപ്പെട്ടതല്ല. ഇതിനിടെ കേരള തീരത്തുള്ള ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസം പകരുന്നുണ്ട്. അതേസമയം അടുത്ത് മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽകേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാമ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയിൽ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണിൽ രാത്രി വെള്ളം ഇരച്ചുകയറി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എക്സൈസ് റേഞ്ച് ഓഫീസിന്റെ മതിലിടിഞ്ഞു. വാഹനങ്ങൾ മുങ്ങുകയും ചെയ്തു. കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടി ഇന്നലെ 14 പേരെയാണ് കാണാതായിരുന്നത്. കാണതായവർക്കായി തിരച്ചിൽ തുടരുകയാണ്. കാർ ഒഴുക്കിൽപ്പട്ട് രണ്ടു പേരും ശനിയാഴ്ച മരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി കൂട്ടിക്കലിലേക്ക് നാവികസേനയും ഇന്നെത്തും. ദുരന്തമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണപൊതികൾ എത്തിക്കുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കുകയും ചെയ്യും. കൊച്ചിയിൽ നിന്ന് രാവിലെ എട്ടരയോടെ നാവികസേനയുടെ ഹെലികോപ്ടർ പുറപ്പെടും. കൂട്ടിക്കലിൽ ആറ് പേരേയും കൊക്കയാറിൽ എട്ടുപേരെയുമാണ് ഇനി കണ്ടെത്താനുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3lNw5ML
via
IFTTT
No comments:
Post a Comment