തിരുവനന്തപുരം: 2022- ൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വൻകിട ഉപഭോക്താക്കൾക്കും പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ ഡോ.ബി.അശോക്. ’നവകേരളത്തിന് നവീകരിച്ച കെ.എസ്.ഇ.ബി.’ എന്ന പേരിൽ ജീവനക്കാർക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വൈദ്യുതി വിതരണ ഏജൻസികളുടെ റാങ്കിങ്ങിൽ ഇപ്പോൾ കെ.എസ്.ഇ.ബി. 14-ാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തേയ്ക്കുള്ള മികവുറ്റ പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ ആഹ്വാനം ചെയ്യുന്നതാണ് കത്ത്. ഇതോടൊപ്പം നടപ്പാക്കാൻപോകുന്ന പരിഷ്‌കാരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി വിതരണശൃംഖല, നിർമിത ബുദ്ധികൂടിചേർത്ത് ’സ്മാർട്’ ആക്കും. കോർപ്പറേറ്റ് ഓഫീസു മുതൽ സർക്കിൾ ഓഫീസുവരെ ഇ-ഫയലിങ് ഏർപ്പെടുത്തും. തൊഴിലാളികൾക്ക് കെ.എസ്.ഇ.ബിയുടെ ബ്രാൻഡിങ്ങോടെ പുത്തൻ ജാക്കറ്റ്, ഹെൽമെറ്റ്, ടീ ഷർട്ട് എന്നിവ നൽകും. മൊബൈൽ ടീമുകൾക്ക് ഡീസൽ വാഹനങ്ങൾ ഒഴിവാക്കി ’ഇലക്ട്ര’ എന്ന ബാഡ്‌ജോടുകൂടിയ ഇലക്ട്രിക് വാഹനങ്ങൾ നൽകും. സ്വന്തമായി സ്ഥലമുള്ള സെക്‌ഷൻ ഓഫീസുകളിലും സബ്‌സ്റ്റേഷനുകളിലും ചെറുവനം ഒരുക്കും. ജീവനക്കാരുടെ കുട്ടികൾക്ക് കൂടുതൽ പഠനസഹായം നൽകും. 2022 വൈദ്യുതിത്തൊഴിലാഴികളുടെ സുരക്ഷാവർഷമായി ആചരിക്കും. ലഘുശിക്ഷയുള്ള അച്ചടക്ക നടപടികൾ വേഗത്തിൽ തീർപ്പാക്കും. ഉപഭോക്താക്കളുമായി ഇടപെടുമ്പോൾ വിനയം പുലർത്തണമെന്നും കത്തിൽ ഓർമപ്പെടുത്തുന്നു. പരിശീലന വീഡിയോ ചലഞ്ച് ജീവനക്കാർക്കായി പരിശീലന ചലഞ്ചും ചെയർമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും തൊഴിലാളികളും സ്വയം താത്പര്യമെടുത്ത് മറ്റ് ജീവനക്കാരുടെ പരിശീലനത്തിന് ഉതകുന്ന ചെറിയ വീഡിയോകൾ തയ്യാറാക്കണം. മികച്ച അമ്പത് വീഡിയോകൾക്ക് 25,000 മുതൽ ഒരുലക്ഷം രൂപവരെ സമ്മാനം നൽകും. ഡിസംബർ 31-നകം വീഡിയോ നൽകണം.
from mathrubhumi.latestnews.rssfeed https://ift.tt/3mzE136
via
IFTTT
No comments:
Post a Comment