ന്യൂഡൽഹി: മുംബൈയിൽ 2008 നവംബർ 26-നുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും എന്നാൽ, രഹസ്യവിവരം അവർ ഇന്ത്യയെ അറിയിച്ചില്ലെന്നും വെളിപ്പെടുത്തൽ. പ്രതിരോധ വിദഗ്ധനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജോസി ജോസിന്റെ ‘ദി സൈലന്റ് കൂപ്പ് - എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ്പ് സ്റ്റേറ്റ്’ എന്ന പുസ്തകത്തിലാണ് പരാമർശം. ഭീകരവാദികളെ സഹായിച്ച ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ സംരക്ഷിക്കുന്നതിലായിരുന്നു അമേരിക്കയുടെ താത്‌പര്യം. മുംബൈ ആക്രമിക്കാൻ ഭീകരവാദികൾ ഒരുങ്ങുന്നതിനെക്കുറിച്ചും അതിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും അമേരിക്കയ്ക്ക് വിവരങ്ങളുണ്ടായിരുന്നു. ലഷ്‌കറെ തൊയ്ബയ്ക്കു വേണ്ടി പലവട്ടം ഹെഡ്‌ലി മുംബൈ സന്ദർശിച്ചിരുന്നു. നവംബറിലെ മുംബൈ ആക്രമണത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ വിവിധതലങ്ങളിൽ സൗഹൃദങ്ങളുണ്ടാക്കി. ഡാനിഷ് ദിനപത്രത്തിൽ പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂൺ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് യൂറോപ്പിൽ ഭീകരാക്രമണം നടത്താനായിരുന്നു ഹെഡ്‌ലിയുടെ പദ്ധതി. ഇയാളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ അപ്പോഴേക്കും അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിനിടെ, ഹെഡ്‌ലി നൽകിയ വിവരങ്ങളും പദ്ധതിയുമനുസരിച്ച് ഭീകരർ മുംബൈയിൽ ആക്രമണം നടത്തി.കൊളാബയിലെ നരിമാൻ ഹൗസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളെക്കുറിച്ച് ഭീകരർക്ക് വ്യക്തമായ വിവരം നൽകിയത് ഹെഡ്‌ലിയായിരുന്നു. ഒസാമ ബിൻലാദനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സി.ഐ.എ.യുടെ ഉറവിടമായിരുന്നു ഹെഡ്‌ലിയെന്ന് ജോസി ജോസഫ് ‘മാതൃഭൂമി’ യോടു പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോയിലെ ജോ. ഡയറക്ടർ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് പ്രതിരോധമന്ത്രാലയത്തിനെഴുതി. തുടർന്ന്, നാവികസേനയെയും കോസ്റ്റ് ഗാർഡിനെയും ജാഗ്രതപ്പെടുത്തി. ഇത്രയും മുന്നറിയിപ്പുകൾ നൽകിയിട്ടും കാര്യമായി നടപടിയുണ്ടായില്ലെന്ന് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞതായും ജോസിയുടെ പുസ്തകത്തിലുണ്ട്.2007 ഡിസംബർമുതൽ 2008 ഒക്ടോബർവരെ മഹാരാഷ്ട്ര പോലീസിന് 20 ഇന്റലിജൻസ് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് 2006 ഓഗസ്റ്റുമുതൽ 2007 ഫെബ്രുവരിവരെ അഞ്ചു മുന്നറിയിപ്പുകൾ പ്രത്യേകമായും ലഭിച്ചു. കടൽവഴിയുള്ള ആക്രമണവും താജും ഒബ്‌റോയിയും കേന്ദ്രീകരിച്ചുള്ള ആക്രമണവുമൊക്കെ ഈ മുന്നറിയിപ്പുകളിലുണ്ടായിരുന്നു. പക്ഷേ, കേവലം ഡെസ്ക് ഓഫീസറാണ് ഇതൊക്കെ കൈകാര്യം ചെയ്തിരുന്നത്. മുന്നറിയിപ്പുകൾ അവഗണിക്കുകയും നടപടിയിൽ വീഴ്ച വരുത്തുകയും ചെയ്ത ഒറ്റ ഉദ്യോഗസ്ഥനും ഇതുവരെ ശിക്ഷിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/3DwxQEa
via
IFTTT
No comments:
Post a Comment