വർക്കല: ഇടവ കാപ്പിലിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. കല്ലമ്പലം മാവിൻമൂട് പ്ലാവിള വീട്ടിൽ കൃഷ്ണകുമാറിന്റെ മകൻ വിഷ്ണു(19), മാവിൻമൂട് സ്വദേശി ഗിരീഷിന്റെ മകൻ അച്ചു എന്നുവിളിക്കുന്ന ആരോമൽ(16) എന്നിവരെയാണ് കാണാതായത്. തിരയിൽപ്പെട്ട മറ്റൊരു വിദ്യാർഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി. കല്ലുവാതുക്കൽ സ്വദേശി ആദർശിനെ(17)യാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് 4.45-ഓടെ കാപ്പിൽ പൊഴിമുഖത്തായിരുന്നു അപകടം. കടൽത്തീരത്തെത്തിയ രണ്ട് സംഘങ്ങളിൽപ്പെട്ട മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണുവും ആരോമലും നാവായിക്കുളം സ്വദേശി കണ്ണനുമടങ്ങിയ സംഘം വൈകീട്ട് നാലുമണിയോടെയാണ് തീരത്തെത്തിയത്. വിഷ്ണുവും ആരോമലും കടലിൽ ഇറങ്ങുകയും കണ്ണൻ കരയിൽ നിൽക്കുകയുമായിരുന്നു. ഇരുവരും കടലിൽ നീന്തിക്കുളിക്കുമ്പോൾ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് മുങ്ങിത്താഴുകയായിരുന്നു. കല്ലുവാതുക്കലിൽ നിന്നെത്തിയ അഞ്ചംഗസംഘത്തിലെ ആദർശും കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു. ഒപ്പമുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് കാപ്പിൽ ബോട്ട് ക്ലബ്ബിൽ നിന്നും സ്പീഡ് ബോട്ടിൽ ലൈഫ് റിങ് എത്തിച്ചു. നീന്തലറിയാവുന്ന പ്രദേശവാസി റിങ് ഉപയോഗിച്ച് ആദർശിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് വർക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിൽ പോലീസും പരവൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കോസ്റ്റൽ പോലീസിന്റെ സേവനവും ലഭ്യമാക്കി. വിഷ്ണു ഐ.ടി.ഐ. വിദ്യാർഥിയും ആരോമൽ 10-ാം ക്ലാസ് വിദ്യാർഥിയുമാണ്. ചുഴിയും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിനു കാരണമായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 27-ന് ഇതേസ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി കടയ്ക്കൽ സ്വദേശി രാഹുൽ രാജ് മരണപ്പെടുകയും കടയ്ക്കാവൂർ തൊപ്പിച്ചന്ത സ്വദേശി അഖിലിനെ കാണാതാകുകയും ചെയ്തിരുന്നു. അഖിലിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങി നിരവധിപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. തീരത്ത് ലൈഫ് ഗാർഡുകളും ടൂറിസം പോലീസുമില്ലാത്തത് അപകടമരണങ്ങൾക്കു കാരണമാകുന്നു. കഴിഞ്ഞ അപകടത്തിനു ശേഷം ലൈഫ് ഗാർഡുകളെ നിയോഗിക്കുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3oPnATl
via
IFTTT
No comments:
Post a Comment