ന്യൂഡൽഹി: ''ഇതുമായി ഞാനിനി അവിടെ ചെന്നാൽ അവരെന്റെ കൈ വെട്ടിമാറ്റും'' -വലതുകൈത്തണ്ടയിൽ പച്ച കുത്തിയ ടാറ്റൂ കാണിച്ച് ബസീർ ഇതുപറയുമ്പോൾ കണ്ണിൽ പേടിയുടെ തിരയിളക്കം. കഴിഞ്ഞ നാലുവർഷമായി ഡൽഹിയിൽ ഹൗസ് കീപ്പിങ് ജോലിചെയ്ത് ജീവിക്കുന്ന ഈ ചെറുപ്പക്കാരന് ഇനി അഫ്ഗാനിസ്താനിലേക്ക് മടങ്ങാൻ ആഗ്രഹമില്ല. പഴയ ജന്മനാടല്ല അത്. താലിബാൻ അധികാരം പിടിച്ച നാട്ടിൽ ഒരു ടാറ്റൂ പോലും അനുവദനീയമല്ല. താടിയും മുടിയും നീട്ടിവളർത്തണം. സ്ത്രീകൾ ബുർഖ ധരിക്കാതെ പുറത്തിറങ്ങാൻ പാടില്ല. വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാത്ത, എന്തുധരിക്കണമെന്നും എങ്ങനെ നടക്കണമെന്നുമൊക്കെ ഭരണകൂടം തീരുമാനിക്കുന്ന നാട്ടിലേക്ക് എങ്ങനെ മടങ്ങിപ്പോവുമെന്ന് ചോദിക്കുകയാണ് കാണ്ഡഹാറിനു സമീപമുള്ള ഹിൽമന്ദ് സ്വദേശിയായ ബസീർ. ഇങ്ങനെ, പതിനായിരത്തിലേറെ പേരാണ് ജന്മദേശത്തേക്ക് ഇനിയൊരു മടക്കം ആഗ്രഹിക്കാതെ, മുറിവേറ്റ മനസ്സുമായി തെക്കൻ ഡൽഹി ലാജ്പത്നഗറിൽ ജീവിക്കുന്നത്. റെസ്റ്റോറന്റും തെരുവുകച്ചവടവുമൊക്കെയായി പലവിധ ജോലികളിൽ ഉപജീവനം നടത്തുന്നവർ. പഠിക്കാനും ചികിത്സ തേടിയുമൊക്കെ ഇന്ത്യയിലെത്തിയവർ. “ജലാലാബാദിൽ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഒരു യുവതിയെ അവർ വെടിവെച്ചുകൊന്നു. എന്താണ് കാരണമെന്നറിയില്ല. കുരുതിയാണ് എല്ലായിടത്തും. വർഷങ്ങളായുള്ള വീടും സ്വത്തുമൊക്കെ ഉപേക്ഷിച്ച് പാർക്കുകളിലും മണലാരണ്യങ്ങളിലും അഭയം തേടിയവരാണെങ്ങും” -ലാജ്പത് നഗർ മാർക്കറ്റിൽ ബർഫി വിൽക്കുന്ന ചെറുപ്പക്കാരൻ നാട്ടിലെ വാർത്ത വിവരിക്കുമ്പോൾ നെടുവീർപ്പിട്ടു. “ഞങ്ങളുടെ തോന്നലുകൾ നിങ്ങൾക്കു മനസ്സിലാവില്ല” -പേരുചോദിച്ചപ്പോൾ പറയാതെ, അയാൾ വിദൂരതയിലേക്ക് കണ്ണുനട്ടു. അഫ്ഗാനിൽ നടക്കുന്നതിനെക്കുറിച്ചുചോദിച്ചപ്പോൾ റോഡിലും മൈതാനത്തും വിളക്കുമരങ്ങളിലുമൊക്കെ താലിബാൻ തൂക്കിക്കൊന്നവരുടെ മൊബൈൽ ദൃശ്യങ്ങൾ കാട്ടിയായിരുന്നു മറ്റൊരു യുവാവിന്റെ മറുപടി. ''അവർക്ക് പറ്റാത്തവരെ മുഴുവൻ അവർ കൊല്ലും. ആരും ചോദിക്കാനില്ല'' -അയാൾ പറഞ്ഞു. അഫ്ഗാനിൽ ഫോണൊന്നും പ്രവർത്തിക്കാത്തതിനാൽ വീട്ടുകാരെ വിളിച്ചിട്ട് രണ്ടുമാസമായെന്ന് ഹോട്ടൽ ജീവനക്കാരൻ നജീബ് നൊമ്പരപ്പെട്ടു. എട്ടുവർഷംമുമ്പ് ബെംഗളൂരുവിൽ കംപ്യൂട്ടർ ബിരുദം പഠിക്കാനെത്തി ഇപ്പോൾ ഡൽഹിയിൽ ജോലിയെടുക്കുന്ന കാബൂൾ സ്വദേശി മുസ്തഫ നിസാമി താലിബാനെതിരേ പൊട്ടിത്തെറിച്ചു. ''ഞങ്ങളും മുസ്ലിങ്ങളാണ്. പക്ഷേ, അവർ വീടുകളിൽനിന്ന് സ്ത്രീകളെ വലിച്ചിറക്കി നഗ്നരാക്കി അഭിസാരികകളെപ്പോലെ നിർത്തുന്നു. മൃഗങ്ങളെപ്പോലെ മനുഷ്യരുടെ തലയറക്കുന്നു. താടി നീട്ടിവളർത്തിയില്ലെങ്കിൽ, ബുർഖ ധരിച്ചില്ലെങ്കിൽ, പ്രാർഥിച്ചില്ലെങ്കിലൊക്കെ അവർ ഞങ്ങളെ കൊല്ലും. ഇതൊന്നും ഇസ്ലാമികമല്ല. ആളെ കൊല്ലുന്നതല്ല ഇസ്ലാം. ഞങ്ങളുടെ നാടാണ് അഫ്ഗാനിസ്താൻ. തെറ്റായ രീതിയിൽ അധികാരം പിടിച്ചിരിക്കുകയാണ് താലിബാൻ” -നിസാമി രോഷത്തോടെ പറഞ്ഞു. കാബൂൾ ഗവർണറുടെ സീനിയർ ഉപദേഷ്ടാവായിരുന്നു നിസാമിയുടെ പിതാവ്. “ഇനിയൊരു മടക്കം സാധ്യമല്ല. ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു. ഇവിടെ ജീവിക്കാനാണ് ആഗ്രഹം” -ജ്യൂസ് കടക്കാരനായ യുവാവിന്റെ വാക്കുകളിൽ തെളിഞ്ഞത് ഡൽഹിയിലെ അന്തേവാസികളായ അഫ്ഗാനികളുടെ മനസ്സായിരുന്നു. content highlights:afghans in india responds after taliban invasion
from mathrubhumi.latestnews.rssfeed https://ift.tt/3k18plY
via
IFTTT
No comments:
Post a Comment