കണ്ണൂർ: ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരുമായുള്ള ബന്ധം കർശനമായി വിലക്കിയിട്ടും ഇക്കാര്യത്തിൽ സി.പി.എമ്മിൽ തർക്കം തീരുന്നില്ല. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുതിർന്ന നേതാക്കളായ കെ.പി.സഹദേവനും പി.ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായതിനെ സംസ്ഥാന സമിതി വിമർശിച്ചത് പാർട്ടി സമ്മളനങ്ങളുടെ പടിവാതിൽക്കൽവെച്ചാണ്. ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങളിൽ ഇത് ചർച്ചയാകാനാണ് സാധ്യത. ആകാശ് തില്ലങ്കേരി, കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കി തുടങ്ങിയവർ സി.പി.എമ്മിന്റെ സൈബർ പോരാളികളിൽ പ്രധാനികളാണെന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. നവമാധ്യമങ്ങളിലെ ഇടപെടലിലെ അരാജകത്വത്തിനെതിരേ നടപടി ചർച്ചചെയ്യാൻ നടത്തിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശബ്ദായമാനമായിരുന്നു. യോഗത്തിൽ സംസ്ഥാനസമിതി അംഗങ്ങളായ കെ.പി.സഹദേവനും പി.ജയരാജനും തമ്മിൽ കടുത്ത വാക്പ്രയോഗവും വാക്കേറ്റവുമുണ്ടായി. ചർച്ചയ്ക്കിടയിൽ പി.ജയരാജനെ വ്യക്തിപരമായി പരാമർശിച്ച് സഹദേവൻ വിമർശിക്കുകയും ജയരാജൻ ക്ഷുഭിതനായി മറുപടി പറയുകയുമായിരുന്നു. ഉടൻതന്നെ യോഗം അവസാനിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗമായ മന്ത്രി എം.വി.ഗോവിന്ദനും യോഗത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്തിരുന്നു. നവമാധ്യമങ്ങളിലൂടെ പി.ജയരാജനെ വാഴ്ത്തുന്ന പ്രവണതയുണ്ടെന്നും അത് നിർത്തണമെന്നുമുള്ള ചർച്ച 2017-ലെ ജില്ലാസമ്മേളനകാലത്താണ് ആദ്യം ഉയർന്നത്. പിന്നീട് സംസ്ഥാന സമിതി യോഗത്തിൽ ചർച്ച നടത്തുകയും വ്യക്തിപ്രഭാവം വളർത്തുന്ന തരത്തിലുള്ള പ്രചാരണം പാടില്ലെന്ന് വിലക്കുകയും ചെയ്തു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജൻ മത്സരിച്ചപ്പോൾ പി.ജെ. ആർമി എന്നപേരിൽ വീണ്ടും സജീവമായ ഫെയ്സ് ബുക്ക് കൂട്ടായ്മ പാർട്ടി അച്ചടക്കം ലംഘിച്ച് വ്യക്തിപൂജ നടത്തുകയാണെന്ന് പിന്നീട് ആക്ഷേപമുയർന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ജയരാജനെ വീണ്ടും സെക്രട്ടറിയാക്കാത്തതിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാത്തതിലും പി.ജെ. ആർമി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. സി.പി.എം. ജില്ലാ സമിതിയും പി.ജയരാജനും പി.ജെ. ആർമിയെ തള്ളിപ്പറഞ്ഞ് പ്രസ്താവനയിറക്കി. തുടർന്ന് പി.ജെ. ആർമി റെഡ് ആർമിയെന്ന് പേര് മാറ്റുകയായിരുന്നു. പി.ജെ. ആർമിയുമായി ബന്ധപ്പെട്ട പരാതികൾ, ആന്തൂർ നഗരസഭാധ്യക്ഷയായിരുന്ന പി.കെ.ശ്യാമളയ്ക്കെതിരേ ബക്കളത്തെ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകുന്നത് വൈകിയതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ നടന്ന പ്രചാരണം, ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നടത്തിയ ജാഥയുടെ സ്വീകരണം കൂത്തുപറമ്പിൽ അലങ്കോലപ്പെടുത്താനുണ്ടായ ശ്രമം എന്നിവയെക്കുറിച്ച് സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മിഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതാനും പേർക്കെതിരേ നടപടിയെടുക്കുകയുമുണ്ടായി. content highlights:quotation issue: war of words between p jayarajan and kp sahadevan
from mathrubhumi.latestnews.rssfeed https://ift.tt/3jW0wOA
via
IFTTT
No comments:
Post a Comment