ന്യൂഡൽഹി: ബിജെപിക്ക് എതിരെ മമത ബാനർജിയുമായി സി.പി.എം. സഹകരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി സഹകരിക്കും. എന്നാൽ പശ്ചിമ ബംഗാൾ ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ തൃണമൂലുമായി സഹകരണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. കേരളത്തിൽ നേർക്കു നേർ പോരാടുന്ന പാർട്ടിയാണ് സി.പി.എമ്മും കോൺഗ്രസും. ഇത്തരത്തിൽ ശക്തമായ എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെ ദേശീയ തലത്തിൽ കോൺഗ്രസുമായി പാർട്ടി സഹകരിക്കുന്നുണ്ട്. ഇതേ നയം തന്നെ ആയിരിക്കും തൃണമൂൽ കോൺഗ്രസിനോടും പാർട്ടി സ്വീകരിക്കുക എന്ന് യെച്ചൂരി വ്യക്തമാക്കി. അതേസമയം തൃണമൂൽ കോൺഗ്രസുമായി ദേശീയ തലത്തിൽ മുമ്പും പാർട്ടി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ താൻ എഴുതിയ പ്രമേയം മമത ബാനർജി ഒപ്പിട്ട കാര്യവും സി.പി.എം. ജനറൽ സെക്രട്ടറി അനുസ്മരിച്ചു. കഴിഞ്ഞ ലോക്സഭാ ഉൾപ്പെടെയുള്ള കാലഘട്ടങ്ങളിൽ സിപിഎം കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി ദേശീയ തലത്തിൽ സഹകരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസുമായി ഒരു സഹകരണം ഉണ്ടാകില്ല എന്നായിരുന്നു പാർട്ടിയുടെ നിലപാട്. ഈ നിലപാടിലാണ് ഇപ്പോൾ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ സി.പി.എം. പ്രവർത്തകർക്ക് നേരെ വലിയ തോതിൽ അക്രമണങ്ങളാണ് മമത ബാനർജി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് നേരിടേണ്ടി വന്നത്. ജനാധിപത്യ ധ്വംസന പ്രവർത്തനങ്ങളാണ് മമതാ ബാനർജിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അതുകൊണ്ട് തന്നെ മമതാ ബാനർജിയുമായി ഒരു സഖ്യത്തിനോ സഹകരണത്തിനോ പോലും തയ്യാറല്ല എന്നായിരുന്നു അന്ന് പാർട്ടി വ്യക്തമാക്കിയിരുന്നത്. 2004 - ൽ ഇടത് പാർട്ടികൾക്ക് 61 എംപിമാരാണ് പാർലമെന്റിൽ ഉണ്ടായിരുന്നത്. ഇതിൽ 57 എംപിമാരും കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് പാർലമെന്റിൽ എത്തിയത്. സംസ്ഥാന തലത്തിൽ ഒരു നിലപാടും ദേശിയ തലത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നും യെച്ചൂരി വ്യക്തമാക്കി. കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാം എന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പിയെ എതിർക്കുന്നതിന് ദേശീയ തലത്തിൽ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കാമെന്നായിരുന്നു പാർട്ടി കോൺഗ്രസിലെ തീരുമാനം. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ തന്നെ മോദി സർക്കാരിനെതിരായ പ്രതിരോധത്തിന് പ്രതിപക്ഷ പാർട്ടികളോടൊപ്പം ചേർന്ന് യോജിച്ച പ്രവർത്തനമാണ് സി.പി.എമ്മിന്റെയും തൃണമൂലിന്റെയും ഭാഗത്ത് നിന്നുണ്ടായത്. രാഹുൽ ഗോന്ധിയും സോണിയാഗാന്ധിയും വിളിക്കുന്ന യോഗങ്ങളിൽ തൃണമൂൽകോൺഗ്രസിനൊപ്പം സി.പി.എം. നേതാക്കളും ഇടത് എംപിമാരും പങ്കെടുത്തിരുന്നു. സോണിയാ ഗാന്ധി ഈ മാസം 20-ന് വിളിച്ചു ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂലിനൊപ്പം തന്നെ സി.പി.എമ്മും പങ്കെടുക്കുമെന്ന സൂചനയും യെച്ചൂരി നൽകി. അതേസമയം പശ്ചിമ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ അബ്ബാസ് സിദ്ധീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം തെറ്റായിരുന്നു എന്നാണ് സി.പി.എം. കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. Content Highlights: Sitaram Yechury says ready to alliance with TMC but no tie-up in Bengal, Tripura
from mathrubhumi.latestnews.rssfeed https://ift.tt/3AFpdW5
via
IFTTT
No comments:
Post a Comment