ബെയ്ജിങ്: കാട്ടിലേക്കു മടങ്ങുന്ന ചൈനയിലെ 'ദേശാടന' ആനകളുടെ പാതയിൽനിന്ന് ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു. യുനാൻ പ്രവിശ്യയിൽനിന്നാണ് ആളുകളെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലെത്തിയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണിത്. നേരത്തേയുണ്ടായിരുന്ന വാസസ്ഥലത്തുനിന്നു 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ആനക്കൂട്ടമുള്ളത്. അവ യുവാൻജാങ് നദി കടന്നതായും തെക്കൻ ഭാഗത്തേക്കുള്ള യാത്ര തുടരുകയാണെന്നും നിരീക്ഷണ സംഘത്തിലെ തലവൻ വാൻ യോങ് പറഞ്ഞു. 25,000 പോലീസ് ഉദ്യോഗസ്ഥർ ഡ്രോണുകളും വാഹനങ്ങളും ഉപയോഗിച്ച് ആനകളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. യുനാൻ പ്രവിശ്യയിലെ മ്യാൻമാർ അതിർത്തിയോടുചേർന്ന സിഷ്വാങ്ബെന്ന ദായ് ദേശീയോദ്യാനത്തിൽനിന്നു 17 മാസം മുമ്പാണ് സംഘം സഞ്ചാരം ആരംഭിച്ചത്. ആനകളുടെ കൗതുകയാത്ര ലോകശ്രദ്ധ നേടിയിരുന്നു. വിനോദസഞ്ചാര മേഖലയായ കുൻമിങ്ങിനു സമീപംവരെ എത്തിയശേഷമാണ് മടക്കം. ഇതിനോടകം അവ 500 കിലോമീറ്റർ ദൂരം സഞ്ചരിച്ചുകഴിഞ്ഞു. ആനകളുടെ പതിവില്ലാത്ത ദേശാടനത്തിന്റെ കാരണം വിദഗ്ധർക്ക് കണ്ടെത്താനായിട്ടില്ല. അനുഭവപരിചയമില്ലാത്ത നേതാവ് സംഘത്തെ നയിക്കുന്നതാണ് പലായനത്തിന് കാരണമെന്ന് ഒരു സംഘം അഭിപ്രായപ്പെടുന്നു. എന്നാൽ, പുതിയ വാസസ്ഥാനം തേടിയാണ് പ്രയാണമെന്നാണ് മറ്റൊരുവാദം. വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ആനകളിൽ 300 എണ്ണം മാത്രമാണ് ചൈനയിൽ നിലവിൽ അവശേഷിക്കുന്നത്. Content Highlight: Chinas wandering elephants may finally be heading home
from mathrubhumi.latestnews.rssfeed https://ift.tt/3CBIkSU
via
IFTTT
No comments:
Post a Comment