കോട്ടയം: പാലാ അടക്കം കേരള കോൺഗ്രസ് (എം) പരാജയപ്പെട്ട മണ്ഡലങ്ങളിൽ ഇടതുമുന്നണിയോ സി.പി.എമ്മേോ നടത്തുന്ന അന്വേഷണം മാത്രം മതിയെന്ന് നേതൃത്വം. ചാലക്കുടി, പെരുമ്പാവൂർ, പിറവം, കടുത്തുരുത്തി, പാലാ എന്നിവിടങ്ങളിലാണ് പാർട്ടി പരാജയപ്പെട്ടത്. കേരള കോൺഗ്രസ് കമ്മിഷനെ അന്വേഷണത്തിന് വെയ്ക്കുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നതെങ്കിലും അതുണ്ടാകില്ല.പാലായിലടക്കം സി.പി.എം.വോട്ടുകളും കേരള കോൺഗ്രസ് വോട്ടുകളും ചോർന്നുവെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. തോൽവിക്ക് കാരണമായി പ്രാദേശിക നേതൃത്വം കണ്ടെത്തിയ ഒരുകാര്യവും ചർച്ചയ്ക്കുവെയ്ക്കാത്ത നേതൃത്വത്തിന്റെ തീരുമാനത്തിൽ അണികൾക്കിടയിൽ അമ്പരപ്പുണ്ട്.പാർട്ടി ചെയർമാൻ ജോസ് കെ.മാണി മത്സരിച്ച പാലായിൽ തികഞ്ഞ ആത്മവിശ്വാസമായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്. കടുത്തുരുത്തിയിൽ മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും താൻ അതിന് സമ്മതിച്ചില്ലെന്ന് ജോസ് കെ.മാണി തന്നെ വ്യക്തമാക്കിയിരുന്നു. പാലാ ഹൃദയവികാരമാണെന്ന് കാണിച്ചാണ് മത്സരത്തിനിറങ്ങിയത്. എന്നാൽ, പാലായിലെ തോൽവി ഇടതുവിജയത്തിനിടയിലും പാർട്ടിയെ വല്ലാതെ ഉലച്ചു.പരാജയം സംബന്ധിച്ച് പാർട്ടി പ്രാദേശിക നേതൃത്വം വിശകലനം നടത്തി വിവരം നേതൃത്വത്തിന് കൈമാറിയിരുന്നു. പാർട്ടി വോട്ടുകൾക്കൊപ്പം സി.പി.എം.വോട്ടുകളും ചോർന്നെന്ന് ഇതിലുണ്ടായിരുന്നു. എന്നാൽ, പാർട്ടി പരസ്യമായി പറഞ്ഞത് ബി.ജെ.പി.വോട്ടുകൾ വാങ്ങി യു.ഡി.എഫ്. ജയിച്ചെന്നാണ്. പക്ഷേ, ബി.ജെ.പി.യുടെ വോട്ടുകൾ യു.ഡി.എഫ്.പക്ഷത്തേക്ക് പോയതിനൊപ്പം സ്വന്തം പാളയത്തിലെ ചോർച്ചയും കണക്കിലെടുക്കണമെന്നാണ് പ്രാദേശിക വിലയിരുത്തലിലുള്ളത്.ജോസ് കെ.മാണിക്കെതിരേ നടന്ന ദുഷ്‌പ്രചാരണം ചെറുക്കുന്നതിൽവന്ന പരാജയം, പ്രചാരണം വൈകിയത്, കേരള കോൺഗ്രസ്-സി.പി.എം. ധാരണ അടിത്തട്ടിലെത്താൻ വൈകിയത് തുടങ്ങിയ കാരണങ്ങളും നിരത്തിയിരുന്നു. പക്ഷേ, ഇവയൊന്നും പാർട്ടി ഒരിക്കലും പരസ്യമായി പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനുശേഷം നടന്ന ഉന്നതതല യോഗങ്ങളിലും അത്തരം ചർച്ചകളിലേക്ക് കടന്നില്ല. സി.പി.എം.വോട്ടുചോർച്ച എന്ന ആശയമേ ചർച്ചയിലേക്ക് കൊണ്ടുവന്നില്ല.പിറവത്ത് സീറ്റ് പ്രതീക്ഷിച്ച ആളെ ഒഴിവാക്കിയത്, സ്ഥിരമായി ഇടതുപക്ഷം ജയിച്ചുവന്ന ചാലക്കുടിയിൽ ആ വോട്ടുവിഹിതം കേരള കോൺഗ്രസ് സ്ഥാനാർഥിക്ക് കിട്ടാതെ വന്നത്, കടുത്തുരുത്തിയിൽ പാർട്ടി സംഘടനാ സംവിധാനത്തിനൊത്ത് വോട്ട് ലഭിക്കാഞ്ഞത് തുടങ്ങിയ പ്രശ്നങ്ങളൊക്കെ അതത് പ്രാദേശിക നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3hp3s6k
via
IFTTT
No comments:
Post a Comment