കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ ശമ്പളത്തിന് ആനുപാതികമാക്കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്തു. ഹൈക്കോടതി വിധിക്കെതിരേ ഇ.പി.എഫ്. ഓർഗനൈസേഷനും കേന്ദ്രസർക്കാരും നൽകിയ അപ്പീൽ ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. അതിനിടെയാണ് കേരളത്തിൽനിന്നുള്ള മേഖലാ പി.എഫ്. കമ്മിഷണർ സന്ദീപ് ബിശ്വാസ് നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചതിനൊപ്പം ഹൈക്കോടതി വിധി സ്റ്റേചെയ്തത്. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽനിന്നു വിരമിച്ചവർ നൽകിയ അഞ്ഞൂറ്റിപ്പത്തോളം റിട്ടുകളിൽ ഹൈക്കോടതിയിൽനിന്നുണ്ടായ അനുകൂല വിധിക്കെതിരേയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഇത് ചൊവ്വാഴ്ച മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കണമെന്നും കേസുകൾക്ക് അടിസ്ഥാനമായ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നുവെന്നുമാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് ജൂലായ് 12-നു വിധിച്ചത്. മുഴുവൻ ശന്പളത്തിനും ആനുപാതികമായി വിഹിതം സ്വീകരിച്ച് അതിനനുസൃതമായി പെൻഷൻ നൽകണമെന്നും വിഹിതം സംബന്ധിച്ച് ഓപ്ഷൻ നൽകാൻ സമയപരിധിവെച്ചത് നിയമാനുസൃതമല്ലെന്നുമാണ് 2018 ഒക്ടോബർ 12-ന് കേരള ഹൈക്കോടതി വിധിച്ചത്. ഈ വിധി നടപ്പാക്കാൻ ഇ.പി.എഫ്.ഒ. തയ്യാറാകാത്തതിനാൽ ഒട്ടേറെ പെൻഷൻകാർ കോടതിയലക്ഷ്യ ഹർജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചു. ആറുമാസത്തിനകം വിധിയിലെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരേയാണ് ഇ.പി.എഫ്.ഒ. സുപ്രീംകോടതിയെ സമീപിച്ചത്. ആ കേസിലാണിപ്പോൾ സ്റ്റേ ഉത്തരവ് വന്നത്. ഇതോടെ, നിലവിൽ ശന്പളത്തിന് ആനുപാതികമായി പെൻഷൻ വാങ്ങുന്നവർ കടുത്ത ആശങ്കയിലായി. വർധിച്ച നിരക്കിൽ പെൻഷൻ നൽകുന്നതാണ് നീതിയെന്ന് സുപ്രീംകോടതി വിധിച്ചതിന്റെകൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതിവിധിയുണ്ടായത്. മറ്റുപല ഹൈക്കോടതികളും സമാനവിധി പ്രഖ്യാപിച്ചു. വിധി നടപ്പാക്കാത്തതിനെതിരേ പെൻഷൻകാർ വീണ്ടും സമീപിച്ചപ്പോൾ കോടതി കർശന നിർദേശം നൽകുകയും കൂടിയ നിരക്കിൽ ആനുകൂല്യം നൽകാൻ ഇ.പി.എഫ്.ഒ. നിർബന്ധിതരാവുകയും ചെയ്തു. ഹൈക്കോടതിവിധിക്കെതിരേ ഇ.പി.എഫ്.ഒ. നൽകിയ അപ്പീൽ 2019 ഏപ്രിൽ ഒന്നിന് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് നിരാകരിച്ചു. പിന്നീട് കേന്ദ്രസർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി ഇക്കഴിഞ്ഞ ജനുവരി 29-ന് ഫയലിൽ സ്വീകരിക്കുകയും 2019 ഏപ്രിൽ ഒന്നിന്റെ വിധി പിൻവലിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 25-ന് വീണ്ടും കേസ് പരിഗണിച്ച സുപ്രീംകോടതി കേരള ഹൈക്കോടതിയുടെ അടിസ്ഥാനവിധിയുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒരു കോടതിയും കോടതിയലക്ഷ്യ ഹർജികൾ തത്കാലം പരിഗണിക്കരുതെന്ന് നിർദേശിച്ചു. അപ്പോഴും ഹൈക്കോടതിവിധി സ്റ്റേ ചെയ്തില്ല. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 22-ന് കേസ് ലിസ്റ്റ് ചെയ്തില്ല. ജൂലായ് 12-ന് പെൻഷൻ കേസ് പരിഗണനയ്ക്കെടുത്തപ്പോഴാണ് സ്റ്റേ ഉത്തരവുണ്ടായത്.
from mathrubhumi.latestnews.rssfeed https://ift.tt/3eCFtyN
via
IFTTT
No comments:
Post a Comment