തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പോലീസ് കമ്മിഷണറേറ്റുകൾ സ്ഥാപിക്കണമെന്ന് വീണ്ടും സർക്കാരിന് ശുപാർശ. പോലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുംമുമ്പ് ലോക്‌നാഥ് ബെഹ്‌റയാണ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയത്. കളക്ടർമാർക്കുള്ള എല്ലാ മജിസ്റ്റീരിയൽ അധികാരങ്ങളും ആവശ്യമില്ലെന്നും ഗുണ്ടാനിയമം നടപ്പാക്കാനുള്ള അധികാരങ്ങൾമാത്രം നൽകിയാൽ മതിയെന്നുമാണ് ഇതിലുള്ളത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലംമുതൽ ചർച്ചചെയ്യുന്ന പോലീസ് കമ്മിഷണറേറ്റ് എന്ന ആവശ്യം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാവുകയാണ്.രാജ്യത്ത് 84 നഗരങ്ങളിലുള്ള പോലീസ് കമ്മിഷണറേറ്റ് സംവിധാനം കേരളത്തിൽ രണ്ടിടത്ത് വേണമെന്ന ആവശ്യം നേരത്തേയുണ്ട്. ഇത് നിലവിൽ വന്നാൽ സിറ്റി പോലീസ് കമ്മിഷണർമാർക്ക് മജിസ്റ്റീരിയൽ അധികാരം ലഭിക്കും. അതിനാൽ ഐ.എ.എസ്. ഉദ്യോഗസ്ഥർക്കിടയിൽ നിന്ന് വിയോജിപ്പുണ്ടായിരുന്നു. ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ വെക്കേണ്ടവരുടെ ആയിരത്തിലധികം ഫയലുകൾ കളക്ടർമാരുടെ ഓഫീസുകളിൽ തീരുമാനമാകാതെ കിടക്കുന്ന സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റ ശുപാർശ നൽകിയത്. നഗരങ്ങളിൽ ഗുണ്ടാ, മാഫിയാ പ്രവർത്തനങ്ങൾ അമർച്ചചെയ്യാൻ കമ്മിഷണർമാർക്ക് മജിസ്റ്റീരിയൽ അധികാരം ലഭിക്കുന്ന കമ്മിഷണറേറ്റുകൾ ആവശ്യമാണെന്നാണ് ഇതിൽ പറയുന്നത്. തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന വ്യക്തിക്കെതിരേ ക്രിമിനൽ നടപടി ചട്ടം 107 പ്രകാരം ബോണ്ട് ചുമത്താനുള്ള അപേക്ഷകളിലും യഥാസമയം നടപടിയുണ്ടാകുന്നില്ല. പോലീസ് അപേക്ഷ നൽകി ആറുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും തീരുമാനം വൈകുന്നതിനാൽ ഗുണ്ടാപ്രവർത്തനങ്ങൾ വർധിക്കുന്നു. അപകടകരമായ കെട്ടിടങ്ങൾ പൊളിക്കാനും മരങ്ങൾ മുറിച്ചുമാറ്റാനും അനുമതി നൽകുന്നതുൾപ്പെടെയുള്ള അധികാരം ഇപ്പോഴും കളക്ടർമാർക്കാണ്. ഇത്തരം ആവശ്യങ്ങൾക്ക് ആളുകൾ പോലീസിനെയാണ് ആദ്യം സമീപിക്കുന്നത്. അതിനാൽ ഈ അധികാരവും കമ്മിഷണർമാർക്ക് കൈമാറണമെന്നും മുൻ പോലീസ് മേധാവിയുടെ ശുപാർശയിലുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കമ്മിഷണറേറ്റുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും എതിർപ്പുകൾ മൂലം സാധ്യമായിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കമ്മിഷണറേറ്റുകൾക്ക് നടപടിയുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും അതും മുന്നോട്ടുപോയില്ല. തിരുവനന്തപുരത്തും കൊച്ചിയിലും സിറ്റി പോലീസ് കമ്മിഷണർമാരായി ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുക മാത്രമാണുണ്ടായത്. ഇതിന് പിന്നാലെ എതിർപ്പുകൾ വന്നതോടെ സർക്കാർ കമ്മിഷണറേറ്റ് രൂപവത്‌കരണത്തിൽനിന്ന് പിൻവാങ്ങി. എന്നാൽ രണ്ട് നഗരങ്ങളിലും കമ്മിഷണർമാരായി ഐ.ജി.മാരെ തന്നെ നിലനിർത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3heXJjo
via
IFTTT
No comments:
Post a Comment