തിരുവനന്തപുരം: വ്യവസായ സംരംഭകർക്ക് കേരളം അനുകൂല അന്തരീക്ഷമൊരുക്കുന്നുവെന്ന സന്ദേശം നൽകാൻ സംസ്ഥാന സർക്കാർ നിയമനിർമാണം ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുന്നു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർക്കുള്ള പരാതികൾ പരിഹരിക്കാൻ സംസ്ഥാന, ജില്ലാതല സംവിധാനം പുതിയ നിയമത്തിലൂടെ ഉറപ്പാക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കാനാണ് ഉദ്ദേശിക്കുന്നത്.സംരംഭങ്ങൾ തുടങ്ങുന്നതു മുതൽ അതിന്റെ നടത്തിപ്പിൽ വരെ വ്യവസായികൾക്കുള്ള എന്തു പ്രശ്നവും പരാതിയായി ഉന്നയിക്കാം. ഇതിന് സംസ്ഥാന, ജില്ലാ തലങ്ങളിൽ വിപുലമായ അധികാരത്തോടെ പരാതിപരിഹാര അതോറിറ്റി സ്ഥാപിക്കും. നിശ്ചിത മൂലധനത്തിനു മുകളിലുള്ള സംരംഭങ്ങളുടെ പരാതികൾ സംസ്ഥാന അതോറിറ്റി നേരിട്ട് പരിഗണിക്കും. മറ്റുള്ളവ ജില്ലാതലത്തിലും. ജില്ലാ അതോറിറ്റികളുടെ തീരുമാനങ്ങളിന്മേലുള്ള അപ്പീലും സംസ്ഥാന അതോറിറ്റി പരിഗണിക്കും.സർക്കാർ സെക്രട്ടറിമാർ ഉൾപ്പെടുന്നതാകും പരാതിപരിഹാര സംവിധാനം. പരാതിയിൽ തീരുമാനമെടുക്കാൻ സമയപരിധിയുണ്ടാകും. ജില്ലകളിൽ നിശ്ചിത സമയത്തിനകം തീരുമാനമുണ്ടായില്ലെങ്കിൽ അവയും സ്വമേധയാ സംസ്ഥാന അതോറിറ്റിയിൽ അപ്പീലായി വരും.സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ കുറ്റപ്പെടുത്തി മറ്റു സംസ്ഥാനങ്ങളിലേക്ക് ചില വ്യവസായങ്ങൾ പോകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് സർക്കാർ നടപടി.പരിശോധന ഓൺലൈനിൽഫാക്ടറികൾ ഉൾപ്പെടെയുള്ള സംരംഭങ്ങളെ മൂന്നായി തിരിച്ച് നിയമപ്രകാരമുള്ള പരിശോധനകൾക്ക് സർക്കാർ രൂപരേഖ തയ്യാറാക്കും. താഴ്ന്നതും ഇടത്തരത്തിൽപ്പെടുന്നതുമായ സംരംഭങ്ങളിൽ നിശ്ചിത ഇടവേളകളിലുള്ള പരിശോധന ഓൺലൈനിൽത്തന്നെ നടത്തും. ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുന്നവയിൽ മാത്രം നേരിട്ട് പരിശോധന നടത്തും.വിവിധ വകുപ്പുകൾ വിവിധ സമയങ്ങളിൽ പരിശോധന നടത്തുന്നതിനു പകരം ഏകീകൃത സംവിധാനം വരും. വ്യവസായം, ആരോഗ്യം, തദ്ദേശഭരണം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവ പരിശോധനയ്ക്കുള്ള സമയവും മറ്റും ഇതിനുള്ള പൊതു സൈറ്റിൽ രേഖപ്പെടുത്തണം. നേരത്തേ നോട്ടീസ് നൽകി സംയുക്തമായിട്ടായിരിക്കും പരിശോധന. പരിശോധന നടത്തി 48 മണിക്കൂറിനകം റിപ്പോർട്ട് സംരംഭകനു നൽകും. സർക്കാർ പോർട്ടലിലും ലഭ്യമാക്കും.കഴമ്പുള്ള പരാതികളിൽമാത്രം പരിശോധനവ്യവസായ സംരംഭങ്ങളെക്കുറിച്ച് ലഭിക്കുന്ന പരാതികളിൽ കഴമ്പുള്ളവയിൽ മാത്രമാകും പരിശോധന. പരാതികളിൽ പ്രാഥമിക വിലയിരുത്തൽ നടത്തുന്നത് ബന്ധപ്പെട്ട വകുപ്പിലെ നോഡൽ ഓഫീസറായിരിക്കും. അതിനായി ഉയർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഏത് ക്ലാർക്ക് വിചാരിച്ചാലും ഒരു സംരംഭം തകർക്കാമെന്ന സ്ഥിതിക്ക് മാറ്റംവരുത്താനാണിത്. പരിശോധനകളുടെ പേരിൽ സംരംഭകരെ ബുദ്ധിമുട്ടിക്കുന്നത് തടയാനാണ് പുതിയ ക്രമീകരണം.വ്യവസായ കേന്ദ്രങ്ങളിൽ ഹാൻഡ് ഹോൾഡ് സ്‌കീംവ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ എത്തുന്നവരെ സംരംഭകരായി മടക്കിവിടുകയെന്ന ലക്ഷ്യത്തോടെ ഹാൻഡ് ഹോൾഡ് സ്‌കീം തുടങ്ങും. വ്യവസായ കേന്ദ്രങ്ങളിലെത്തുന്ന ഓരോരുത്തരെയും ശ്രദ്ധിക്കാനും ഒപ്പം നടന്ന് ആവശ്യങ്ങൾ നിറവേറ്റാനും ആളുണ്ടാകും. സംരംഭം തുടങ്ങാൻ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സാധ്യതാ പഠനം, വിഭവ സമാഹരണം തുടങ്ങി എല്ലാ മേഖലകളിലുമുള്ള സഹായം ഇതുവഴി നൽകും.ഉദ്യോഗസ്ഥരെ സജ്ജരാക്കും- മന്ത്രി രാജീവ്മാറുന്ന കാലത്തിനനുസരിച്ച് വ്യവസായ അന്തരീക്ഷം മാറ്റാനും സംരംഭകരെ ആകർഷിക്കാനും സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളുടെയും മറ്റും വിവരങ്ങൾ ലഭ്യമാക്കുന്ന വെബ് പോർട്ടൽ ഓഗസ്റ്റ് ആദ്യം നിലവിൽവരും- മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/36BnJ25
via
IFTTT
No comments:
Post a Comment