കാസർകോട്: കേരളത്തിലെ സാഹചര്യത്തിൽ മറ്റു വിഭാഗങ്ങളുടെ പിന്തുണ തേടാൻ മൃദുഹിന്ദുത്വം സ്വീകരിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗത്തിൽ ആവശ്യം. സംസ്ഥാന നേതാവിന്റെ ആവശ്യത്തിന് കമ്മിറ്റിയിൽനിന്ന് വിമർശനവുമുണ്ടായി. സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ ഹിന്ദുത്വമാണ് ബി.ജെ.പി.യുടെ അടിസ്ഥാന ആശയമെന്ന് ഓർമിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ കിട്ടിയില്ല. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ അവരിലേക്ക് ഇറങ്ങണമെന്ന് ആവശ്യമുയർന്നു. ആദ്യം ഹിന്ദു വോട്ടുകൾ നേടണമെന്നും നിർദേശമുണ്ടായി. മുന്നൊരുക്കമില്ലാതിരുന്നതിനാൽ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതിലുണ്ടായ പിഴവ് പരാജയത്തിന് കാരണമായി. സി.പി.എമ്മും കോൺഗ്രസും തങ്ങളുടെ നേതാക്കളെ കടിഞ്ഞാൺ ഏൽപ്പിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിയപ്പോൾ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ രണ്ടിടങ്ങളിൽ കളത്തിലിറക്കിയതും വിമർശന വിധേയമായി. എന്നാൽ, സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചത് കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നും അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയിൽ അത് അനുസരിക്കുകയല്ലാതെ നിർവാഹമില്ലെന്നും സി.പി. രാധാകൃഷ്ണൻ മറുപടി പറഞ്ഞു. പോഷക സംഘടനകളെ സമരസംഘടനകളാക്കാനും രാഷ്ട്രീയ പഠന ക്യാമ്പുകൾ തുടങ്ങാനും തീരുമാനമായി. സുരേന്ദ്രനെതിരായ ആരോപണങ്ങൾ ഒറ്റക്കെട്ടായി നേരിടും. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ സുരേന്ദ്രനുണ്ട്. അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് സി.പി. രാധാകൃഷ്ണൻ മുന്നറിയിപ്പ് നൽകി. ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ പൂർണമായി മൗനംപാലിച്ചു. തിരുവനന്തപുരത്തെ പാർട്ടിയിൽ ഏകാധിപത്യമാണെന്ന് വിമർശനമുയർന്നു. ബാലശങ്കർ നടത്തിയ പ്രസ്താവനകൾ വർഗ വഞ്ചനയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ഡി.വൈ.എഫ്.ഐ. നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങൾ സേവാഭാരതിക്ക് ഭീഷണിയാകുന്നതായി ഒരു വനിതാ പ്രതിനിധി അഭിപ്രായപ്പെട്ടു. മനസ്സറിയാൻ താഴെത്തട്ടിലേക്ക് നേതാക്കൾപാർട്ടിയെ ശക്തിപ്പെടുത്താൻ ബൂത്തുതലത്തിലുള്ള നേതാക്കളുടെ മനസ്സ് അറിയുന്നതിനായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എം.ടി. രമേഷ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് സംഘത്തെ നിശ്ചയിച്ചു. മൂന്നുപേർ വീതമാണ് പോവുകയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3Ay7G35
via
IFTTT
No comments:
Post a Comment