നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ പിടിച്ച ഹെറോയിൻ കണ്ടാൽ കുന്തിരിക്കം പോലിരിക്കും. എന്നാൽ ഇതിന്റെ വില കോടികളാണ്. ഒരു ഗ്രാം ഹെറോയിന് അന്താരാഷ്ട്ര വിപണിയിൽ 64,000 രൂപയാണ്. ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ഹെറോയിൻ കടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. അഫ്ഗാനിസ്താനിൽനിന്നാണ് ഇന്ത്യയിലേക്ക് ഹെറോയിൻ എത്തുന്നത്. ഇറാൻ വഴിയും സൗത്ത് ആഫ്രിക്ക വഴിയും ഇന്ത്യയിലേക്ക് അഫ്ഗാൻ നിർമിത ഹെറോയിൻ എത്തുന്നുണ്ട്. കൂടാതെ പാകിസ്താനിൽ നിന്ന് പഞ്ചാബ്, ജമ്മുകശ്മീർ അതിർത്തികൾ വഴിയും എത്തുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കൈമാറ്റം വിദേശത്താണ് നടത്തുന്നത്. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെറോയിൻ പിടികൂടിയിട്ടുണ്ട്. അതിനാൽ ഏറെ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കുന്നത്. ഡൽഹി സംഘമാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കൊച്ചിയിൽ പിടികൂടിയ ഹെറോയിനും ഡൽഹിയിലേക്കായി കൊണ്ടുവന്നതാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് അധികവും മയക്കുമരുന്നുമായി എത്തുന്നത്. ഇവർക്ക് താരതമ്യേന തുച്ഛമായ പ്രതിഫലം നൽകിയാൽ മതിയാകും. ചികിത്സയ്ക്കെന്ന വ്യാജേനയാണ് ഈ സംഘം ഇന്ത്യയിലേക്ക് മയക്കുമരുന്നുമായി എത്തുന്നത്. പോപ്പി ചെടിയുടെ സത്തായ മോർഫിൻ സംസ്കരിച്ചാണ് വിവിധ രൂപത്തിൽ ഹെറോയിൻ നിർമിക്കുന്നത്. ഇത് കൂടുതലായി നടക്കുന്നത് അഫ്ഗാനിസ്താനിലാണ്. അവിടെ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹെറോയിൻ എത്തുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3hCAm3l
via
IFTTT
No comments:
Post a Comment