ഒല്ലൂർ: ‘ഒഴുകുന്ന സ്വർണം’ എന്നറിയപ്പെടുന്ന 18 കിലോ ‘ആംബർ ഗ്രീസ്’ ചേറ്റുവയിൽ പിടികൂടി. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ ഇതിന് 30 കോടി രൂപ വിലവരുമെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പറഞ്ഞു.തിമിംഗിലത്തിന്റെ വിസർജ്യമാണിത്. സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി സ്വദേശി റഫീക്ക് (47), പാലയൂർ സ്വദേശി ഫൈസൽ (40), ആലുവ ശ്രീമൂലനഗരം സ്വദേശി ഹംസ (49) എന്നിവരെ അറസ്റ്റ് ചെയ്തു. മീൻ പിടിക്കാൻ പോയവരിൽ നിന്നാണ് ഇത് ലഭിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇത് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല. കേരളത്തിൽ ഈ സംഭവം ആദ്യത്തേതാണ്. മുമ്പ് ആന്ധ്രയിൽനിന്നും ബെംഗളൂരുവിൽ നിന്നുമാണ് ആംബർ ഗ്രീസ് പിടികൂടിയിട്ടുള്ളത്. വനം വകുപ്പ് വിജിലൻസ് ഫ്ളയിങ് സ്ക്വാഡും അന്വേഷണസംഘത്തിലുണ്ടായിരുന്നു. 1982-ലെ അന്താരാഷ്ട്ര കരാർ പ്രകാരമാണ് തിമിംഗിലവേട്ടയ്ക്കൊപ്പം ആംബർ ഗ്രീസിന്റെ കൈമാറ്റവും നിരോധിച്ചത്. ഇന്ത്യ ഈ കരാർ അംഗീകരിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ അംഗീകരിച്ചിട്ടുമില്ല. തിമിംഗിലത്തിന് വിസർജ്യം; മനുഷ്യന് വിശിഷ്ടംതിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിലെ പിത്തസ്രവത്തിൽ നിന്ന് മെഴുകുപോലെ രൂപപ്പെടുന്ന ഖരവസ്തുവാണ് ആംബർ ഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ ഇത്, മുൻകാലങ്ങളിൽ സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. കടൽത്തീരത്തെ മണലിൽ ഇത് അടിഞ്ഞുകാണപ്പെടാറുണ്ട്. സാധാരണയായി തിമിംഗിലങ്ങൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം ആംബർ ഗ്രീസ് വിസർജിക്കുന്നു. എന്നാൽ ഏറെ വലുപ്പമുള്ള ആംബർ ഗ്രീസ് പിണ്ഡങ്ങളെ അവ ഛർദിച്ചുകളയുന്ന പതിവുണ്ട്.അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ബ്രസീൽ, മഡഗാസ്കർ തീരങ്ങളിലും ആഫ്രിക്ക, പൂർവേന്ത്യൻ ദ്വീപുകൾ, മാലദ്വീപ്, ചൈന, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, മൊളൂക്കാ ദ്വീപുകൾ എന്നിവയുടെ തീരങ്ങളിലും ആംബർ ഗ്രീസ് കാണാറുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/36qNO41
via
IFTTT
No comments:
Post a Comment