തിരുവനന്തപുരം: കെ.പി.സി.സി.യുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റാൽ ആദ്യപടിയായിത്തന്നെ പാർട്ടി പുനഃസംഘടനയിലേക്ക് കടക്കും. ബുധനാഴ്ച പ്രസിഡന്റ് കെ. സുധാകരൻ, വർക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവർ ചുമതലയേൽക്കും. ഭാരവാഹികൾ എത്ര? കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളുടെ എണ്ണംകുറയ്ക്കണമെന്ന തത്ത്വത്തോട് പാർട്ടിയിൽ ആർക്കും വിയോജിപ്പില്ല. അത് പ്രാവർത്തികമാക്കുകയെന്നതാണ് പ്രയാസം. കെ.പി.സി.സി., ഡി.സി.സി. തലത്തിൽ പരമാവധി 25 ഭാരവാഹികൾ വീതമെന്നതാണ് പൊതുവേ ഉയരുന്ന നിർദേശം. ഭാരവാഹികളുടെ എണ്ണം നിയന്ത്രിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഏറെ ശ്രമിച്ചിരുന്നു. എന്നാൽ, ഗ്രൂപ്പുകളുടെ സമ്മർദംമൂലം അതിനുകഴിഞ്ഞില്ല. നിലവിൽ പത്തിലധികം വൈസ് പ്രസിഡന്റുമാരും 50-ൽപരം ജനറൽ സെക്രട്ടറിമാരും നൂറിനടുത്ത് സെക്രട്ടറിമാരും കെ.പി.സി.സി.ക്കുണ്ട്. വർക്കിങ് പ്രസിഡന്റുമാരുള്ളപ്പോൾ പിന്നെ വൈസ് പ്രസിഡന്റ് വേണോയെന്ന ചോദ്യവും ഉയരുന്നു. ഡി.സി.സി.കൾക്കും ഭാരവാഹികളുടെ ചെറുസമിതികൾ വരും. എല്ലാ ഡി.സി.സി.കളിലും മാറ്റം ആലപ്പുഴ, പാലക്കാട് ഡി.സി.സി. പ്രസിഡന്റുമാർ സ്ഥാനമൊഴിഞ്ഞുകഴിഞ്ഞു. കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിൽ രാജിസന്നദ്ധതയറിയിച്ചിരുന്നു. ഇവയടക്കം എല്ലാ ഡി.സി.സി.കളിലും പുതിയ പ്രസിഡന്റുമാരെ കണ്ടെത്തും. ഡി.സി.സി. പ്രസിഡന്റുമാർ, കെ.പി.സി.സി. ഭാരവാഹികൾ എന്നിവരുടെ നാമനിർദേശം ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാകും നടക്കുക. തിരഞ്ഞെടുപ്പിൽ തോറ്റ ചിലർ ഡി.സി.സി. അധ്യക്ഷന്മാരായി വന്നേക്കുമെന്ന് സൂചനയുണ്ട്. എം.പി.മാർ, എം.എൽ.എ.മാർ എന്നിവരും ഭാരവാഹികളായേക്കാം. ജനപ്രതിനിധികളെ മാറ്റിനിർത്തി, മത്സരിക്കാൻപോലും അവസരം ലഭിക്കാത്തവരെ പരിഗണിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. അതൃപ്തിയെങ്കിലും സഹകരിക്കും പ്രതിപക്ഷനേതാവ്, കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന നിയമനങ്ങളിൽ ഹൈക്കമാൻഡിനോട് അതൃപ്തിയുണ്ടെങ്കിലും പുനഃസംഘടനയോട് സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/3xgfaFf
via
IFTTT
No comments:
Post a Comment