ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിലെ വീഴ്ചമൂലമുണ്ടായ മോശമായ പ്രതിച്ഛായ മാറ്റിയെടുക്കാൻ യു.പി.യിൽ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രംശേഷിക്കേ അടിയന്തര നടപടികൾ വേണമെന്ന ബി.ജെ.പി.-ആർ.എസ്.എസ്. നേതൃത്വങ്ങളുടെ നിർദേശപ്രകാരമാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയത്തിന് പഞ്ചായത്ത് തിരഞ്ഞടുപ്പിലെ പാർട്ടിയുടെ പ്രകടനവും മാനദണ്ഡമാക്കുമെന്നാണ് സൂചന. 403 നിയമസഭാംഗങ്ങളുള്ള യു.പി.യിൽ 60 മന്ത്രിമാർ വരെയാകാമെന്നാണ് വ്യവസ്ഥ. നിലവിൽ 56 മന്ത്രിമാരുണ്ട്. ഹോം ഗാർഡ് ആൻഡ് ഫാമിലി പെൻഷൻ വകുപ്പ് മന്ത്രി ചേതൻ ചൗഹാൻ, സാങ്കേതിക വിദ്യാഭ്യാസമന്ത്രി കമലാ റാണി, റവന്യു മന്ത്രി വിജയ് കാശ്യപ് എന്നിവർ കഴിഞ്ഞമാസങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചു. ഈ ഒഴിവുകളിലടക്കം മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്താൻ കഴിയും. ഇതോടൊപ്പം കാര്യമായി പ്രവർത്തിക്കാത്തവരും ആരോപണവിധേയരുമായ മന്ത്രിമാരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകാനും ആലോചനയുണ്ട്. ജനവരിയിൽ ബി.ജെ.പി.യിൽ ചേർന്ന മുൻ ഐ.ഐ.എസ്. ഉദ്യോഗസ്ഥൻ എ.കെ. ശർമ ഉൾപ്പടെ കേന്ദ്ര നേതൃത്വത്തിന് സമ്മതരായവരെ ഉൾപ്പെടുത്താനാണ് സാധ്യത. എം.എൽ.സി.യായ ശർമ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനാണ്. ഉത്തർപ്രദേശിലെ ജാതിസമവാക്യങ്ങളും പുനഃസംഘടനയിൽ പ്രധാന ഘടകമാണ്. ഠാക്കൂർ വിഭാഗക്കാരനായ യോഗി ബ്രാഹ്മണവിരുദ്ധനാണെന്ന പ്രചാരണം പാർട്ടിക്കുള്ളിലുണ്ട്. ഇതിനെ മറികടക്കാനും നീക്കങ്ങളുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽപ്പോലും തിരിച്ചടിയേറ്റത് ആ മേഖലകളിലെ എം.പി.മാർ, എം.എൽ.എ.മാർ എന്നിവരുടെ പ്രവർത്തനവീഴ്ചകൾമൂലമാണെന്നാണ് വിലയിരുത്തൽ. കർഷകസമരത്തിൽ ഇടപെട്ട് കർഷകരുടെ പ്രതിഷേധം തണുപ്പിക്കാൻ ജനപ്രതിനിധികൾ യത്നിച്ചില്ലെന്നും നേതൃത്വത്തിന് പരാതിയുണ്ട്. കർഷകരെ സമീപിച്ച് സംസാരിക്കാനും കാർഷിക പരിഷ്കരണ നിയമങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കാനും എം.എൽ.എ.മാരോട് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി എല്ലാവരും മാറിനിൽക്കുകയായിരുന്നുവെന്ന് സംസ്ഥാന നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഈ രണ്ടുഘടകങ്ങളും അടിസ്ഥാനമാക്കി സ്ഥാനാർഥികളെ നിശ്ചയിച്ചാൽ പകുതിയോളം എം.എൽ.എ.മാർക്ക് തിരഞ്ഞെടുപ്പിൽ പാർട്ടിടിക്കറ്റ് കിട്ടില്ല. എന്നാൽ, കോവിഡ് കൈകാര്യംചെയ്യുന്നതിൽ സംസ്ഥാനസർക്കാരിനുണ്ടായ വീഴ്ചകളാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് എം.എൽ.എ.മാർ പറയുന്നു. താഴെത്തട്ടിൽ കോവിഡ് പ്രതിരോധനടപടികൾ ദയനീയമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. Content Highlights:Yogi Adityanath UP
from mathrubhumi.latestnews.rssfeed https://ift.tt/3flgvEC
via
IFTTT
No comments:
Post a Comment