ന്യൂഡൽഹി: ഭരണത്തുടർച്ചനേടിയ അസമിൽ ബി.ജെ.പി.യിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി തർക്കം മുറുകുന്നതിനിടെ മുതിർന്നനേതാവ് ഹിമന്ദ ബിശ്വ ശർമ മുഖ്യമന്ത്രി ആകാനുള്ള സാധ്യത തെളിയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ എംഎൽഎമാരുടെ യോഗത്തിൽ നിലവിലെ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ ഹിമന്ദ ബിശ്വ ശർമയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സർബാനന്ദ് സോനോവാളുംഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇരുവരും ശനിയാഴ്ച ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ഗുവാഹാട്ടിയിൽ പാർലമെന്ററിപാർട്ടി യോഗത്തിലേക്ക് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനേയും പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങിനെ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. ബിജെപി പാർലമെന്ററിപാർട്ടി യോഗത്തിന് പിന്നാലെയാണ് എൻഡിഎ യോഗം നടക്കുക. സഖ്യകക്ഷികളായ എ.ജി.പിയും യുപിപിഎലും യോഗത്തിൽ പങ്കെടുക്കും. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം നാലു മണിയോടെ ഗവർണർ ജഗദീഷ് മുഖിയെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. അസമിൽ 126-ൽ 75 സീറ്റുനേടിയാണ് എൻ.ഡി.എ. സഖ്യം ഭരണം നിലനിർത്തിയത്. ബി.ജെ.പി.ക്ക് 60, സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പത്, യു.പി.പി.എല്ലിന് ആറ് എന്നിങ്ങനെയാണ് സീറ്റുനില. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം 50 സീറ്റുനേടിയിട്ടുണ്ട്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലെത്തിയ സോേനാവാളും ഹിമന്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ, സംഘടനാചുമതലയുള്ള ദേശീയ ജനറൽസെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി ചർച്ചനടത്തിയിരുന്നു. തർക്കംമൂലം മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി. ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിനുമുമ്പുതന്നെ മുഖ്യമന്ത്രിപദത്തിനായി ഹിമന്ദ അവകാശവാദമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിപദമില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അമിത് ഷാ ഇടപെട്ടാണ് ഹിമന്ദയെ അനുനയിപ്പിച്ചത്. കോൺഗ്രസിൽനിന്ന് 2016-ൽ ബി.ജെ.പി.യിൽ ചേക്കേറിയ ഹിമന്ദ അമിത് ഷായുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ബി.ജെ.പി.യുടെ വടക്കുകിഴക്കൻ രാഷ്ട്രീയപദ്ധതികളുടെ സൂത്രധാരനുമാണ്. മികച്ച സംഘാടകനും ജനസ്വാധീനമുള്ള നേതാവും വടക്കുകിഴക്കൻ ജനാധിപത്യസഖ്യത്തിന്റെ കൺവീനറുമായ ഹിമന്ദയാണ് പാർട്ടിയുടെ അസമിലെ മുഖം. എന്നാൽ, അസമിലെ ജാതിസമവാക്യങ്ങൾ അനുസരിച്ച് സർബാനന്ദ് സോനോവാളിനാണ് 2016-ൽ മുഖ്യമന്ത്രി പദം നൽകിയത്. തദ്ദേശീയ സോനോവാൾ-കച്ചാഡി ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയാണ് സർബാനന്ദ്. മികച്ച പ്രതിച്ഛായയുള്ള സർബാനന്ദ് ഒന്നാം മോദിമന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരിക്കെയാണ് മുഖ്യമന്ത്രിപദവിയിൽ നിയുക്തനായത്. സർബാനന്ദ് സോനോവാളും ഹിമന്ദ ബിശ്വശർമയും തമ്മിലുള്ള അധികാരത്തർക്കം അസം ബി.ജെ.പി.യുടെ ആഭ്യന്തരതലത്തിൽ 2016 മുതലുള്ള തലവേദനയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/33G8FiB
via
IFTTT
No comments:
Post a Comment