പൊതു ആരോഗ്യം അവഗണിച്ചുകൊണ്ട് ഒരു പരിഷ്കൃതസമൂഹത്തിനും മുന്നോട്ടുപോകാനാവില്ലെന്നും ഈ ഉത്തരവാദിത്വത്തിൽനിന്ന് ഭരണകൂടങ്ങൾ ഒളിച്ചോടിയതിന്റെ ഫലമാണ് ഇന്നിപ്പോൾ ഇന്ത്യ അനുഭവിക്കുന്നതെന്നും ഐ.സി.എം.ആർ. ഗവേഷണകേന്ദ്രത്തിൽ വൈറോളജിവിഭാഗം മേധാവിയായിരുന്ന ഡോ. ജേക്കബ് ജോൺ പറയുന്നു. മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് നൽകിയ അഭിമുഖത്തിൽനിന്ന് അടുത്തിടെ ഔട്ട്ലുക്ക് വാരികയിൽ എഴുതിയ ലേഖനത്തിൽ പൗരസമൂഹത്തിന്റെ ആരോഗ്യം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണെന്നും ഒരു ഭരണകൂടത്തിനും അതിൽനിന്ന് ഒളിച്ചോടാനാവില്ലെന്നുമാണ് താങ്കൾ വ്യക്തമാക്കിയത്. കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ ഇന്ത്യ നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത് എന്നാണോ താങ്കൾ സൂചിപ്പിക്കുന്നത് അലോപ്പതിയെ നമുക്ക് കൂടുതൽ കൃത്യമായി സയന്റിഫിക് മെഡിസിൻ (ശാസ്ത്രീയ വൈദ്യം) എന്ന് വിശേഷിപ്പിക്കാം. പരമ്പരാഗത ചികിത്സാരീതികളിൽനിന്ന് സയന്റിഫിക് മെഡിസിനെ വേറിട്ടതാക്കുന്നത് പ്രധാനമായും രണ്ടുഘടകങ്ങളാണ്-ശാസ്ത്രവും രാഷ്ട്രീയ പ്രത്യയശാസ്ത്രവും. അലോപ്പതിയുടെ ഏതുവിഭാഗവും ശാസ്ത്രീയമായി ചോദ്യംചെയ്യപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്യേണ്ടതായിട്ടുണ്ട്. ഒരു രോഗവും ശൂന്യതയിൽനിന്നുണ്ടാവുന്നില്ല. അതിനൊരു പരിസരമുണ്ട്. ഈ പരിസരം കൈകാര്യം ചെയ്യുന്നതിലൂടെ മാത്രമേ രോഗങ്ങൾ കൃത്യമായി ചികിത്സിക്കാനാവുകയുള്ളൂ. ഇവിടെയാണ് വൈദ്യത്തിന്റെ രാഷ്ട്രീയം കടന്നുവരുന്നത്. ക്രമസമാധാനപാലനം ഭരണകൂടത്തിന്റെ ചുമതലയാണെന്ന് പറയുന്നതുപോലെത്തന്നെയാണ് പൊതു ആരോഗ്യവും ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് പറയുന്നത്. ജനങ്ങളുടെയും പരിസ്ഥിതിയുടെയുംമേൽ വ്യാപകമായി നിയന്ത്രണാധികാരമുള്ളത് ഭരണകൂടങ്ങൾക്കാണ്. അതുകൊണ്ടാണ് പകർച്ചവ്യാധികളിൽനിന്ന് ജനതയെ സംരക്ഷിക്കേണ്ടത് ഭരണകൂടങ്ങളാണെന്ന് പറയേണ്ടിവരുന്നത്. 1848-ൽ പബ്ലിക് ഹെൽത്ത് ആക്ട് ഇംഗ്ലണ്ടിൽ നിലവിൽവരുന്നുണ്ട്. ഒന്നരനൂറ്റാണ്ടിനിപ്പുറവും ഇന്ത്യയിൽ ഇക്കാര്യത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല പബ്ളിക് ഹെൽത്ത് നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. പക്ഷേ, പബ്ലിക് ഹെൽത്ത് ഇല്ലാത്ത ഒരു രാജ്യത്ത് ഇത് പഠിക്കാമെന്നല്ലാതെ പ്രയോഗത്തിന് അവസരമില്ല. ഇതാണ് നമ്മൾ നേരിടുന്ന ദുര്യോഗം. പൗരസമൂഹത്തിന്റെ ആരോഗ്യം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണെന്ന രാഷ്ട്രീയചിന്തയിൽനിന്നാണ് യൂറോപ്യൻ ജനാധിപത്യസമൂഹങ്ങളിൽ പൊതുആരോഗ്യം യാഥാർഥ്യമായത്. ആരോഗ്യപരിപാലനമേഖലയിൽ ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ് എന്ന ആശയമൊക്കെ ഈ രാഷ്ട്രീയ വീക്ഷണത്തിന്റെ മുകുളമാണ്. അസുഖബാധിതരാവുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. പക്ഷേ, ഈ രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ചെലവ് അസുഖബാധിതരായവർത്തന്നെ വഹിക്കേണ്ടിവന്നാൽ സമത്വവും നന്മയും മുറുകെപ്പിടിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതുപോലൊരു പാതകം മറ്റൊന്നില്ല. രോഗത്തിനുപുറമേയുള്ള പീഡനമാണിത്. ചികിത്സയ്ക്കായി പബ്ലിക്ഫണ്ട് ഉപയോഗിക്കുക എന്ന ആശയം ആധുനിക ജനാധിപത്യസമൂഹങ്ങളുടെ വളർച്ചയുടെ ചിത്രംകൂടിയാണ്. ഇക്കാര്യത്തിൽമുന്നോട്ടുപോകാനുള്ള വഴിയെന്താണ് = പബ്ളിക് ഹെൽത്ത് സ്വന്തം ഉത്തരവാദിത്വമായി ഭരണകൂടം ഏറ്റെടുക്കണം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനമെങ്കിലും ഇതിനായി മാറ്റിവെക്കണം (ഇന്ത്യയുടെ ജി.ഡി.പി. 200 ലക്ഷം കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെവരുമ്പോൾ മൂന്നുശതമാനമെന്നത് ആറുലക്ഷം കോടി രൂപവരും). എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും സംസ്ഥാന സർക്കാരുകളുടെയും പങ്കാളിത്തം ഇതിലുണ്ടാവണം. കോവിഡിന്റെ രണ്ടാംവ്യാപനം ഉടനെ ഉച്ചസ്ഥായിയിലെത്തുമോ = മിക്കവാറും അടുത്തയാഴ്ചതന്നെ രണ്ടാംവ്യാപനം ഉച്ചസ്ഥായിയിലേക്കെത്തും. ജൂൺ അവസാനത്തോടെ പഴയതുപോലെ താഴേക്കുവരും. വൈറസിന്റെ വകഭേദം കൂടുതൽ മാരകമാണോ = കൂടുതൽ പേർ മരിക്കുന്നത് വ്യാപനം കൂടുതൽ ആളുകളിലേക്കെത്തുന്നതുകൊണ്ടാണ്. നൂറുപേർ അസുഖബാധിതരായാൽ ഒരാളാണ് മരിക്കുന്നതെങ്കിൽ പതിനായിരം പേർക്ക് രോഗംപിടിച്ചാൽ നൂറുപേർ മരിക്കും. നമുക്കറിയാവുന്നിടത്തോളം വൈറസ് കൂടുതൽ അപകടകാരിയായിട്ടില്ല. പക്ഷേ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്തേണ്ടത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ആണ്. പക്ഷേ, ഇത് പറയാനോ ചോദിക്കാനോ ഇവിടെ ആളുണ്ടോ? ഇവിടെയൊക്കെയാണ് പബ്ലിക് ഹെൽത്തിന്റെ പ്രസക്തി. പബ്ളിക് ഹെൽത്തുണ്ടായിരുന്നെങ്കിൽ ഓരോ ജില്ലയിലും സംസ്ഥാനങ്ങളിലും പബ്ലിക് ഹെൽത്ത് ഓഫീസർമാരുണ്ടാവും, ബയോസ്റ്റാറ്റിസ്റ്റിക്സിലും എപ്പിഡമിയോളജിയിലും ആളുണ്ടാവും. വിശദമായ പഠനങ്ങളിലൂടെമാത്രമേ വൈറസിന്റെ വകഭേദങ്ങൾ കണ്ടെത്താനാവുകയുള്ളൂ. ഐ.സി.എം.ആറിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ സുതാര്യമായ നടപടികളുണ്ടാവുന്നില്ല എന്നത് തീർച്ചയായും ആശങ്കാജനകമാണ്. കഴിഞ്ഞവർഷം തുടക്കത്തിൽ കോവിഡ്-19 നെ നേരിടാനുള്ള ദൗത്യം നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസിക്ക് കൈമാറിയതിനെ താങ്കൾ നിശിതമായി വിമർശിച്ചിരുന്നു. = സുനാമിയോ ഭൂകമ്പമോപോലുള്ള ദുരന്തങ്ങൾ കൈകാര്യം ചെയ്താണ് എൻ.ഡി.എം.എ. ക്ക് പരിചയം. നാശനഷ്ടങ്ങൾ നീക്കംചെയ്ത് പുനരധിവാസം ഉറപ്പാക്കുകയാണ് അവരുടെ പ്രവൃത്തി മേഖല. ഒരു പകർച്ചവ്യാധി നേരിട്ടുള്ള അനുഭവസമ്പത്ത് അവർക്കില്ല. എൻ.ഡി.എം.എ. കാര്യക്ഷമമായിരുന്നെങ്കിൽ ഇന്നിപ്പോൾ വാക്സിനേഷനിൽ നമ്മൾ നേരിടുന്ന പ്രതിസന്ധി ഉടലെടുക്കുമായിരുന്നില്ല. അധികാരത്തിന്റെ കേന്ദ്രീകരണമാണ് ഇത്തരം തീരുമാനങ്ങൾക്ക് വഴിയൊരുക്കിയത്. പബ്ളിക് ഹെൽത്തിൽ വൈദഗ്ധ്യമുള്ളവരുടെ സേവനം തേടുന്നതിൽ കേന്ദ്രസർക്കാർ ശുഷ്കാന്തി കാണിച്ചില്ല. കേരളത്തിന്റെ അവസ്ഥ താരതമ്യേന ഭേദമാണോ? = പത്തുകൊല്ലംമുമ്പ് ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുമ്പോൾ ഈ വിഷയത്തിൽ സമഗ്രമായൊരു ചട്ടക്കൂടുണ്ടാക്കാൻ നീക്കമുണ്ടായി. കേരളത്തിലെ പബ്ലിക് ഹെൽത്ത് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു ലക്ഷ്യം. അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി 11 കോടി രൂപ ഇതിനായി അനുവദിച്ചു. പക്ഷേ, സംസ്ഥാന ആരോഗ്യവകുപ്പ് ഈ നീക്കം അട്ടിമറിച്ചു. അന്നത് നടന്നിരുന്നെങ്കിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണത്തിലും മറ്റും നമ്മൾ വളരെ മുന്നിലെത്തുമായിരുന്നു. മരണകാരണം എന്താണെന്നറിയാൻ താത്പര്യമുള്ള ഒരേയൊരു ഏജൻസി പബ്ലിക് ഹെൽത്ത് മാത്രമായിരിക്കും. ഒരു പകർച്ചവ്യാധികാരണം പത്ത് ആശുപത്രികളിൽ പത്തുപേർ മരിച്ചാൽ ആശുപത്രികൾക്ക് അതൊരു വിഷയമല്ല. പക്ഷേ, ആ വിവരം പബ്ലിക് ഹെൽത്തിന് വളരെയധികം പ്രയോജനംചെയ്യും. ഡോക്ടർമാരുടെ ലോബി പബ്ലിക് ഹെൽത്തിനോട് പൊതുവേ അനുകൂലമല്ല. കൂടുതൽ രോഗികളുണ്ടാവുന്നതിലാണ് അവർക്ക് താത്പര്യം. പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടാൽ രോഗികളുടെ എണ്ണം കുറയും. പക്ഷേ, ജനാധിപത്യത്തിൽ ഭരണകൂടങ്ങളുടെ അന്തിമ ഉത്തരവാദിത്വം ജനങ്ങളോടാണ്. അതുകൊണ്ടുതന്നെ ഒരു പരിഷ്കൃതസമൂഹത്തിനും പബ്ളിക് ഹെൽത്തിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. സംഭവിക്കരുതാത്തതാണ് നടന്നത് ഒരിക്കലും സംഭവിക്കരുതാത്തതാണ് നടന്നത്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാവ് (സിറം ഇൻസ്റ്റിറ്റ്യൂട്ട്) ഇന്ത്യയിലാണ്. ലോകത്തെ രണ്ടാമത്തെ വാക്സിൻവിപണിയും ഇന്ത്യയാണ്. കൃത്യമായി ആസൂത്രണംചെയ്തിരുന്നെങ്കിൽ കോവിഡിനെതിരേയുള്ള വാക്സിനേഷൻ സുഗമമായി നടക്കേണ്ടതായിരുന്നു. പക്ഷേ, വിലനിർണയം വാക്സിൻ നിർമാതാക്കൾക്ക് വിട്ടുകൊടുത്തുകൊണ്ട് കേന്ദ്രസർക്കാർ ഇന്ത്യയുടെ വാക്സിൻനയം പൊളിച്ചെഴുതി. 50 കോടി ജനങ്ങൾ 600 രൂപ വെച്ച് രണ്ടുഡോസ് സ്വകാര്യ ആശുപത്രികളിൽനിന്നെടുത്താൽ 60,000 കോടി രൂപയുടെ വരുമാനമാണ് വാക്സിൻവിപണിയിലുണ്ടാവുക. എന്തിനാണ് ഇങ്ങനെ ഒരു നയം കേന്ദ്രസർക്കാർ സ്വീകരിച്ചത് എന്ന ചോദ്യം ചോദിക്കപ്പെടുകതന്നെ വേണം. പ്രതിദിനം നാലുലക്ഷത്തോളം ആളുകൾ അണുബാധിതരാവുകയും 3500-ഓളം പേർ പ്രതിദിനം മരിച്ചുവീഴുകയും ചെയ്യുമ്പോഴാണ് സ്വകാര്യ വാക്സിൻ നിർമാതാക്കൾക്ക് സൂപ്പർ ലാഭമുണ്ടാക്കാനുള്ള പരിസരം തീർക്കപ്പെട്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3uCo3bq
via
IFTTT
No comments:
Post a Comment