ഗാസ സിറ്റി : ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ലോഡ് പട്ടണത്തിൽ പ്രധാനമന്ത്രി നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ജൂതപള്ളികളും നിരവധി കടകളും കാറുകളും കലാപത്തിൽകത്തി നശിച്ചു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പലസ്തീനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ തെക്കൻ മേഖലയിൽ ഇസ്രയേൽ കൂടുതൽ സൈന്യത്തെ ഇറക്കി. ചീഫ് ഓഫ് സ്റ്റാഫ് നിർദേശിച്ചതുപ്രകാരം 5000 സൈനികരെ കൂടി വിന്യസിക്കാൻ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടു. ഹമാസുമായുള്ള ഏറ്റുമുട്ടൽ നീണ്ടു പോയേക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണിത്. ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഒൻപതു കുട്ടികളടക്കം 26 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നൂറിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഇസ്രയേലിലേക്ക് തിങ്കളാഴ്ച അർധരാത്രിയോടെ പലസ്തീൻ സായുധവിഭാഗമായ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ട് ഇസ്രയേലികൾ മരിച്ചിരുന്നു. പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീനിൽ കൊല്ലപ്പെട്ട 16 പേർ ഹമാസ് അംഗങ്ങളാണെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് പ്രവർത്തകരുടേതെന്നു കരുതുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ചൊവ്വാഴ്ചയും മേഖലയിൽ സംഘർഷം തുടരുകയാണ്. ഗാസയിലെ ബെയ്റ്റ് ഹനൂൻ പട്ടണത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ എഴുനൂറോളം പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച ഹമാസ് ഇസ്രയേലിനുനേരെ റോക്കറ്റ് തൊടുത്തത്. ഇസ്രയേൽ ലക്ഷ്യമാക്കി 250 റോക്കറ്റുകൾ ഹമാസ് തൊടുത്തതായി ഇസ്രയേൽ സൈന്യം ആരോപിച്ചു. അതിനിടെ പലസ്തീനികൾക്കെതിരായ അക്രമങ്ങളെ അപലപിച്ച് ഇസ്രയേലിലെ അറബ് വംശജർ പ്രതിഷേധം നടത്തി. നേരത്തേ ഇസ്രയേൽ നടപടികളിൽ ശക്തമായ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അക്രമങ്ങളിൽ ഇസ്രയേലി സൈന്യത്തെക്കൊണ്ട് കണക്കുപറയിക്കാൻ അന്താരാഷ്ട്രസമൂഹം തയ്യാറാകണമെന്ന് സൗദി അറേബ്യൻ വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ച ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗം ജിദ്ദയിൽ ചേർന്നിട്ടുണ്ട്. content highlights:clashes erupt in Israels Lod, Netanyahu declares state of emergency
from mathrubhumi.latestnews.rssfeed https://ift.tt/3vYIboj
via
IFTTT
No comments:
Post a Comment