കോഴിക്കോട്: പ്രമുഖനേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സി.പി.എമ്മിന്റെ സ്ഥാനാർഥിപ്പട്ടികയ്ക്കെതിരേ പലയിടത്തും പ്രതിഷേധം. ശനിയാഴ്ച ചേർന്ന സി.പി.എമ്മിന്റെ ചില ജില്ലാ കമ്മിറ്റി യോഗങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ഇത് ചർച്ചയായപ്പോൾ ചിലയിടത്ത് പോസ്റ്ററുകളും ഉയർന്നു. കണ്ണൂരിൽ പ്രതിഷേധവും പുറത്താക്കലുംജില്ലാ കമ്മിറ്റികളുടെ അഭിപ്രായം മാനിക്കാതെ ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. വനിതാ പ്രാതിനിധ്യം എന്നപേരിൽ ചിലരെ ഉൾപ്പെടുത്തിയ രീതിയും വിമർശിക്കപ്പെട്ടു. ഇ.പി. ജയരാജനും തോമസ് ഐസക്കും ഇല്ലാത്ത സ്ഥാനാർഥിപ്പട്ടിക ഒരിക്കലും സമ്പൂർണമാവില്ലെന്ന് ഒരു പ്രതിനിധി കുറ്റപ്പെടുത്തി. വ്യവസായമന്ത്രി ഇ.പി. ജയരാജന് മട്ടന്നൂരിൽ അവസരം നിഷേധിച്ചത് ശരിയായില്ലെന്ന് ചില പ്രതിനിധികൾ പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ പേരാവൂരിൽ മത്സരിച്ചാലും ജയിക്കുമെന്നിരിക്കെ ഇ.പി.യെ അവിടെനിന്ന് മാറ്റിയതിന്റെ ഔചിത്യവും ചോദ്യംചെയ്യപ്പെട്ടു. സ്ത്രീശാക്തീകരണത്തിനുവേണ്ടി വാദിക്കുന്ന പാർട്ടി സ്ഥാനാർഥിനിർണയത്തിൽ വനിതാ പ്രാതിനിധ്യം പത്തുശതമാനംപോലുമില്ലെന്നായിരുന്നു മറ്റൊരു വിമർശനം. മന്ത്രി എ.കെ. ബാലന്റെ ഭാര്യക്ക് അവസരം നൽകിയതും വിമർശനവിധേയമായി.പി. ജയരാജനെ ഒഴിവാക്കിയതിനെതിരേ ‘പി.ജെ. ആർമി’ ഫെയ്‌സ് ബുക്ക് കൂട്ടായ്മയും അമ്പാടിമുക്ക് സഖാക്കൾ ഗ്രൂപ്പും രംഗത്തെത്തി. അവരെ പരസ്യമായി തള്ളി പി. ജയരാജൻതന്നെ രംഗത്തുവന്നു. പ്രതിഷേധിച്ച ധീരജ് കുമാർ കണ്ണൂർ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തൊട്ടുപിന്നാലെ പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായ ധീരജ്കുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം. ജില്ലാ കമ്മിറ്റിയുടെ അറിയിപ്പുമെത്തി. സാമൂഹിക മാധ്യമങ്ങളും പോസ്റ്ററുകളും സി.പി.എം. പട്ടികയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിലാണ് വിമർശനം പ്രത്യക്ഷപ്പെട്ടത്. ആർക്കുവേണ്ടിയാണോ ഈ വിമർശനങ്ങൾ ഉയർന്നത്, അവരെല്ലാം ഇതുമായി തങ്ങൾക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി വൈകാതെ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയിൽ മന്ത്രി ജി. സുധാകരനും തോമസ് ഐസക്കിനും വേണ്ടിയാണ് ശബ്ദമുയർന്നത്. ആലപ്പുഴ വലിയ ചുടുകാടിന് സമീപം ജി. സുധാകരനെ അനുകൂലിച്ച് ശനിയാഴ്ച രാവിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പിന്നീട് ആരോ അവ കീറിക്കളഞ്ഞു. പൊന്നാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുവേണ്ടിയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിലെ റാന്നി മണ്ഡലം കേരള കോൺഗ്രസ് മാണിഗ്രൂപ്പിന് വിട്ടുകൊടുത്തതിനെതിരേ ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധമുണ്ടായി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അരുവിക്കരയിലേക്ക് നിർദേശിച്ച വി.കെ. മധുവിനെ മാറ്റി ജി. സ്റ്റീഫനെ സ്ഥാനാർഥിയാക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിലും പ്രതിഷേധമുയർന്നു. ഇതിനെതിരേ മധുതന്നെ രംഗത്തെത്തി. പ്രചാരണം തെറ്റാണെന്നും പാർട്ടിയാണ് ശരിയെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പേജിൽ കുറിച്ചു. പാലക്കാട് തരൂർ സംവരണമണ്ഡലത്തിൽ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടെ സ്ഥാനാർഥിത്വത്തിനെതിരേ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകർ പരാതിയുന്നയിച്ചതായി സൂചനയുണ്ട്. മലമ്പുഴ, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലേക്കുള്ള നിർദേശം സംബന്ധിച്ചും പരാതിയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3v1Af6k
via
IFTTT
No comments:
Post a Comment