കോട്ടയം: ഒരുകാലത്ത് മലേറിയയ്ക്കും മറ്റ് വൈറൽ രോഗങ്ങൾക്കും അലോപ്പതി ചികിത്സയിൽ ഉപയോഗിച്ചിരുന്ന വൃക്ഷമായ സിങ്കോണ അഥവാ ക്വയിനയുടെ തനിമ തേടി സസ്യശാസ്ത്രജ്ഞൻ ഡോ. സ്റ്റീഫൻ ചേരിയിൽ യാത്ര തുടരുന്നു. ഊട്ടിയിൽ നടത്തിയ പഠനസന്ദർശനത്തിലൂടെ കൂടുതൽ ക്വയിന കണ്ടെത്തിയതിന്റെ ആഹ്ളാദത്തിലാണിദ്ദേഹം. അന്യംനിന്നുതുടങ്ങിയ ക്വയിന നേരത്തേ ഇദ്ദേഹം പീരുമേട്ടിൽനിന്ന് കണ്ടെത്തിയ വിവരം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടീഷുകാരുടെ ക്വയിന തോട്ടം ഉണ്ടായിരുന്ന ഊട്ടിയിൽ ഡോ. സ്റ്റീഫൻ ചേരിയിൽ പഠനസന്ദർശനം നടത്തിയപ്പോൾ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞൻ ഡോ. കെ.ബി.രമേഷ്കുമാർ, കോയമ്പത്തൂർ ഇന്ത്യൻ വന ഗവേഷണകേന്ദ്രത്തിലെ ഡോ. സൂസൈ എന്നിവരും ഉണ്ടായിരുന്നു. കോവിഡ് ചികിത്സയിൽ ആദ്യം ഉപയോഗിച്ച ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ പൂർവരൂപം ക്വയിനയിൽനിന്നുള്ള ക്ലോറോക്വിൻ ആയിരുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഗവേഷണം. ബ്രിട്ടീഷുകാർ ഊട്ടിയിൽ 1,36,000 ഏക്കറിൽ ക്വയിന കൃഷിചെയ്തിരുന്നു. ഇവിടെ ഉത്പാദിപ്പിച്ചിരുന്ന ക്വയിന ഗുളികകൾ മലേറിയ, പനി തുടങ്ങിയ രോഗങ്ങൾക്കെല്ലാം ഔഷധമായിരുന്നു. ഊട്ടി നടുവട്ടത്തെ സിങ്കോണ ഫാക്ടറി സംഘം സന്ദർശിച്ചു. ബ്രിട്ടീഷ് കാലത്ത് മരുന്നുനിർമാണ കമ്പനി ഇപ്പോൾ തേയില ഫാക്ടറിയാണ്. തദ്ദേശവാസിയായ നാഗരാജിനെ കൂട്ടി യാത്രചെയ്തപ്പോൾ നിരവധി ക്വയിന ഇപ്പോഴും ഇവിടെയുള്ളത് കണ്ടെത്തി. സിങ്കോണ വില്ലേജ് എന്ന ഗ്രാമം തന്നെയുണ്ടിവിടെ. ഇവയുടെ വിത്തുകൾ ശേഖരിച്ച സ്റ്റീഫൻ ചേരിയിൽ നാഗരാജിനെ അവ മുളപ്പിച്ച് തൈകളാക്കാൻ ചുമതലപ്പെടുത്തിയാണ് മടങ്ങിയത്. ക്വയിന എന്ന ധാരണയിൽ ക്വാസിയ എന്ന പൂച്ചെടി വെച്ചുപിടിപ്പിച്ച ധാരാളമാളുകൾ കേരളത്തിലുണ്ട്. വാഗമണ്ണിൽ കരുണ എന്ന തണൽമരവും ക്വയിനയായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. പെറുവിന്റെ ദേശീയ വൃക്ഷമാണ് ക്വയിന. അവിടെ ക്വയിന മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇതേപ്പറ്റി പഠിക്കാൻ പെറുവിലേക്ക് പോകാനുള്ള ആലോചനയിലാണ് വാഗമണ്ണിലെ സെന്റർ ഫോർ മൾട്ടിഡിസിപ്ലിനറി റിസർച്ച് ആൻഡ് ആക്ഷൻ എന്ന ഗവേഷണസ്ഥാപനത്തിന്റെ ഡയറക്ടർകൂടിയായ ഡോ. സ്റ്റീഫൻ ചേരിയിൽ.
from mathrubhumi.latestnews.rssfeed https://ift.tt/3uipNqx
via
IFTTT
No comments:
Post a Comment