തിരുവനന്തപുരം: പാർട്ടി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ സ്വയംപ്രഖ്യാപിച്ച് നടത്തുന്ന സമരത്തോട് അകലംപാലിച്ച് ബി.ജെ.പി. സംസ്ഥാന നേതൃത്വം. റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ശോഭ 48 മണിക്കൂർ ഉപവാസം തുടങ്ങിയത്. സമരത്തിന് പാർട്ടിയുടെ പ്രത്യേക അനുമതി വേണ്ടെന്ന് ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മാധ്യമങ്ങളോടു പറഞ്ഞെങ്കിലും സമരപ്പന്തലിലേക്ക് നേതാക്കളെത്തിയില്ല. എന്നാൽ, പത്തുമാസത്തോളം പാർട്ടിയുമായി സഹകരിക്കാതിരുന്ന ശോഭ നിലപാടുകളിൽ ഉറച്ചുനിന്ന് ജനകീയവിഷയങ്ങളിൽ ഇടപെടൽ നടത്തുകയാണ്.പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ഒരുക്കത്തിലാണ് പാർട്ടിയിലെ എല്ലാ നേതാക്കളും. ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തോട് പാർട്ടിയുടെകൂടി അനുഭാവം പ്രകടിപ്പിച്ചാണ് യുവമോർച്ച സമരം നടത്തിയത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയശേഷം പാർട്ടിയിൽ സജീവമായ ശോഭ സമരത്തിനിറങ്ങിയത്. ശോഭയുടെ സമരം പാർട്ടിയറിഞ്ഞാണോ, അനുമതിയോടെയാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉദ്യോഗാർഥികളുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിനൊന്നും പ്രത്യേകാനുമതി വേണ്ടെന്നുമാണ് പത്രസമ്മേളനത്തിൽ ജോർജ് കുര്യൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശോഭയുടെ പ്രഖ്യാപനത്തോട്, ത്യജിക്കുന്നതിന് അനുവാദം വേണ്ടെന്നും ത്യാഗം അച്ചടക്കലംഘനമാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സ്വർണക്കള്ളക്കടത്തിൽ സർക്കാരിനെ മുൾമുനയിൽ നിർത്താൻ ശ്രമിച്ച ബി.ജെ.പി. നേതൃത്വം തദ്ദേശതിരഞ്ഞെടുപ്പിനുശേഷം നിലപാടുകളിൽ അയവു വരുത്തിയെന്നും അതാണ് സമരങ്ങളിൽനിന്നുള്ള പിന്മാറ്റമെന്നും ശോഭയോട് അടുപ്പമുള്ള നേതാക്കൾ പറയുന്നു. ശോഭയുടെ സമരത്തിനു വലിയ പിന്തുണയുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലെ പ്രതികരണത്തിൽനിന്നു വ്യക്തമാണെന്നാണ് ഇവരുടെ അവകാശവാദം. കേരള സന്ദർശനത്തിന് ഒരുദിവസംമുൻപ് ശോഭയ്ക്ക് പരാതി പറയാൻ പ്രധാനമന്ത്രി അവസരം നൽകിയതും അവർ എടുത്തുകാട്ടുന്നു. എന്നാൽ, സംസ്ഥാന നേതൃത്വമാകട്ടെ പാർട്ടി ഒറ്റക്കെട്ടാണെന്നല്ലാതെ മറ്റുപ്രതികരണം നടത്തിയിട്ടില്ല. ശോഭയുടെ പരാതിയിൽ കേന്ദ്രനേതൃത്വവും ആർ.എസ്.എസും ഇടപെട്ടതാണ്. ഇനി പരിഹാരവും കേന്ദ്രത്തിൽനിന്നു വരണം.
from mathrubhumi.latestnews.rssfeed https://ift.tt/3k0kxmN
via
IFTTT
No comments:
Post a Comment