തിരുവനന്തപുരം: ഓൺലൈൻ റമ്മികളിയിലൂടെ സംസ്ഥാനത്ത് പണം നഷ്ടമാകുന്നവരുടെ എണ്ണം വർധിക്കുന്നു. തിരുവനന്തപുരം സ്വദേശി യുവാവിന്റെ ആത്മഹത്യക്ക് കാരണമായത് ഇതിലൂടെ കടം കയറിയതാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് ഇക്കാര്യം ഗൗരവമായെടുത്തിട്ടുണ്ട്. ഇത്തരം കേസുകളൊന്നും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഹൈടെക് സെൽ അധികൃതർ പറഞ്ഞു. പ്രചാരംനേടിയത് കോവിഡ് കാലത്ത് കോവിഡ് അടച്ചിടൽ കാലത്താണ് ഓൺലൈൻ റമ്മികളിക്ക് പ്രചാരം വന്നത്. അതോടൊപ്പം വായ്പനൽകുന്ന മൊബൈൽ ആപ്പുകളും വന്നു. ചെറിയ തുകയ്ക്കുള്ള കളി തുടങ്ങിയവർ പിന്നീടത് വൻതുകയ്ക്കാക്കി. പണം നഷ്ടപ്പെട്ടവർ വായ്പയെടുത്ത് കളിച്ചു. മണിലെൻഡിങ് ആപ്പുകൾ വഴി പണമെടുത്തവരിൽ പലർക്കും ഭീഷണികളും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവന്നു. വീട്ടുകാരറിയാതെ കളിച്ച് പണം നഷ്ടപ്പെട്ടവർ പരാതികളുമായി എത്തിയതുമില്ല. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വീനിതിന് 12 ലക്ഷത്തിലധികം നഷ്ടമായി. അദ്ദേഹത്തെ ആദ്യം കാണാതാവുകയും പിന്നീട് ആത്മഹത്യചെയ്ത നിലയിൽ കാണുകയും ചെയ്തതോടെയാണ് ഓൺലൈൻ റമ്മിയുടെ ചതിക്കുഴി പലരും അറിഞ്ഞത്. തിരുവനന്തപുരം ജില്ലാ ട്രഷറി തട്ടിപ്പുകേസിൽ പ്രതിയായ ബിജുലാലിനും ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടമായെന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്. ആപ്പുകൾ ഒട്ടേറെ, നിയമപരവും ഓൺലൈൻ റമ്മികളിക്കാനുള്ള ഒട്ടേറെ ആപ്പുകളാണ് പ്ലേസ്റ്റോറിലുള്ളത്. ഇവയുടെ പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നുണ്ട്. കമ്പനി പറയുന്ന നിബന്ധനകൾ അംഗീകരിച്ചാണ് കളി തുടങ്ങേണ്ടത്. ഇവയൊന്നും വായിച്ചുനോക്കാൻ ആരും മെനക്കെടുന്നില്ല. ഓൺലൈൻ ഗെയിമുകൾ നൈപുണ്യം ഉപയോഗിച്ചുള്ള കളിയെന്നതിനാൽ അത് തടയപ്പെട്ടിട്ടുമില്ല. തമിഴ്നാട്ടിൽ ഇത് തടയപ്പെട്ടിട്ടുണ്ടെങ്കിലും റമ്മിയിലൂടെ പണം നഷ്ടപ്പെട്ട് ആത്മഹത്യചെയ്തവരുടെ എണ്ണം ഇരുപതോളം വരും. മേമ്പൊടിയായി വായ്പാ ആപ്പുകളുടെ പരസ്യങ്ങളും ഓൺലൈൻ റമ്മി ആപ്പുകളിലൂടെ തന്നെ ഓൺലൈൻ വായ്പാ പരസ്യങ്ങളുമുണ്ട്. 36 ശതമാനംവരെ പലിശയ്ക്ക് നൽകുന്ന പണം സമയത്ത് തിരികെ നൽകിയില്ലെങ്കിൽ ഭീഷണിയാണ്. വായ്പയെടുക്കുന്നയാളുടെ ഫോണിൽനിന്നുള്ള വിവരങ്ങൾ ചോർത്തിയാണ് വാട്സാപ്പ് സന്ദേശങ്ങളും ഭീഷണിയും പ്രചരിക്കുന്നത്. . കളിക്കുന്നത് വ്യക്തികളല്ല, ആപ്ലിക്കേഷൻ ഓൺലൈൻ റമ്മിയിൽ പലപ്പോഴും മനുഷ്യരല്ല എതിർഭാഗത്ത് കളിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ആദ്യഘട്ടത്തിലെ കളിയുടെ രീതി കണ്ടെത്തിക്കഴിഞ്ഞാലുടൻ എതിർഭാഗത്ത് നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളുമായിരിക്കും കളി നിയന്ത്രിക്കുന്നത്. പ്രതിവിധി ബോധവത്കരണം മാത്രം ഓൺലൈൻ റമ്മികളിയിലൂടെ ഒട്ടേറെപ്പേർക്ക് പണം നഷ്ടമാകുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, ആരും പരാതികളുമായി മുന്നോട്ടുവരുന്നില്ല. ഇതിന് അടിമപ്പെട്ടുപോകുന്നവരെ ബോധവത്കരണത്തിലൂടെ മാത്രമേ പിന്തിരിപ്പിക്കാനാവൂ. പോലീസിന്റെ സാമൂഹികമാധ്യമ സംവിധാനങ്ങളിലൂടെ ബോധവത്കരണ ശ്രമം നടത്തും. -ഇ.എസ്. ബിജുമോൻ, ഡിവൈ.എസ്.പി., ഹൈടെക് ക്രൈം സെൽ Content Highlights: online rummy game app frauds
from mathrubhumi.latestnews.rssfeed https://ift.tt/3rTKNCL
via
IFTTT
No comments:
Post a Comment