തൃശ്ശൂർ: 'ടെൻഷനാവണ്ട. ആരുമില്ലെന്ന് വിചാരിക്കരുത്. ഒരു ഫോൺവിളി മതി, ഞാനുണ്ടാവും.'- കൂട്ടുകാരൻ അഡ്വ. സുൾഫിക്കർ അലിയെ വെറുതേ ആശ്വസിപ്പിക്കുകയായിരുന്നില്ല അഡ്വ. സോഫിയ. കോവിഡ് പോസിറ്റീവായ ഭാര്യ സഫ്നയുടെ പ്രസവപരിചരണത്തിന് ഉറ്റവർക്ക് കഴിയാതിരുന്നപ്പോൾ പരിഭ്രമത്തിലായിരുന്നു അദ്ദേഹം. പ്രസവം കഴിഞ്ഞുള്ള അഞ്ച് ദിവസം സഫ്നയ്ക്ക് അങ്ങനെ സോഫിയ മാതാവായി, സ്വയം കോവിഡ് ബാധിക്കാതെത്തന്നെ. കുഞ്ഞിനും കോവിഡ് ബാധിച്ചില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോഴിക്കുന്ന് വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു അഡ്വ. സോഫിയ. അഞ്ചു വോട്ടുകൾക്കാണ് തോറ്റത്. പോട്ടോർ കോഴിക്കുന്നാണ് വീട്. കോവിഡ് വാർഡിലെ സ്നേഹവും സാന്ത്വനവും ഇവിടെ ഒതുങ്ങുന്നില്ല. പ്രസവം വരേയും വാർഡിൽ സഹായിയായത് കോവിഡ് ചികിത്സയിലായിരുന്ന പാവറട്ടി സ്വദേശി ഫർഹദ് എന്ന അപരിചിതയായ യുവതിയായിരുന്നു. ഈ രണ്ടു പേരുടെ പരിചരണം ഒരിക്കലും മറക്കാനാവാത്തതാണ്. അത് എന്നും അങ്ങനെയായിരിക്കണം എന്ന ചിന്ത വന്നപ്പോൾ കുഞ്ഞിന് പേര് നൽകി- സോഫിയ ഫർഹദ്. തുണയായി വന്ന രണ്ടു പേരുകളുടെ സങ്കലനം. സുൾഫിക്കറിനും ഭാര്യയ്ക്കും നാലു മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസവമടുത്തതിനാൽ സഫ്നയെ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേയ്ക്ക് മാറ്റി. കൂടെനിൽക്കാൻ അടുത്ത ബന്ധുക്കളിൽ അനുയോജ്യരായവർ ഉണ്ടായിരുന്നില്ല. സീസേറിയനായി പ്രവേശിപ്പിച്ചതിന് ശേഷമാണ് സോഫിയ ആശുപത്രിയിലെത്തിയത്. പരിചരണത്തിന് തയ്യാറെന്ന് സമ്മതപത്രം എഴുതിനൽകി. കുഞ്ഞിനെ കാണിക്കാൻ പുറത്തിറങ്ങിയ നഴ്സിന് മുമ്പിൽ ഇരുകൈയും നീട്ടി നിന്നത് സോഫിയ. മാസ്ക് ഒഴികെ സുരക്ഷാവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. പ്രസവം കഴിഞ്ഞതിന്റെ രണ്ടാംദിവസം സഫ്നയ്ക്ക് കോവിഡ് നെഗറ്റീവായി. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശിയാണ് പുലിക്കണ്ണി കുമ്പളപ്പറമ്പിൽ വീട്ടിൽ സുൾഫിക്കർ. അയ്യന്തോൾ ജില്ലാ കോടതിയിലെ അഭിഭാഷകരാണ് സുൾഫിക്കർ അലിയും സോഫിയയും. Content Highlights: Story of a COVID Survivor
from mathrubhumi.latestnews.rssfeed https://ift.tt/38e5y4v
via
IFTTT
No comments:
Post a Comment