തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസുകാർക്ക് മതിയായ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന കത്തുമായി സായുധ സേനാ കമാൻഡന്റ്. സർവീസിന്റെ തുടക്കത്തിൽ ലഭിക്കുന്ന അനുഭവങ്ങൾ പോലീസുകാരുടെ സർവീസിനെയും വ്യക്തിത്വത്തെയും ബാധിക്കുമെന്നും ഈ അനുഭവങ്ങളാണ് അവരെ ഭാവിയിൽ 'മൈക്കിളും വർഗീസു'മൊക്കെ ആക്കാൻ പ്രചോദനം നൽകുന്നതെന്നും കത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത പോലീസുകാർ അനുഭവിച്ച ദുരിതം വ്യക്തമാക്കിയുള്ള കത്തിൽ അഭയ കേസ് അന്വേഷിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥരെയാണ് സൂചിപ്പിക്കുന്നതെന്നാണ് പോലീസുകാർക്കിടയിലെ സംസാരം. കെ.എ.പി. മൂന്നാം ബറ്റാലിയനിൽനിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത പോലീസുകാർക്കിടയിൽ സർവേ നടത്തിയാണ് കമാൻഡന്റ് ജെ. ജയനാഥ് വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയത്. കന്നാലിക്കൂട്ടങ്ങളെ കാണുമ്പോലെയാണ് പോലീസ് ഉദ്യോഗസ്ഥരെ കണ്ടതെന്ന് ചിലർ അഭിപ്രായപ്പെട്ടതായും കത്തിൽ പറയുന്നു. വരും തിരഞ്ഞെടുപ്പുകളിൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ ആവശ്യമായ സൗകര്യമൊരുക്കണമെന്ന നിർദേശവും വെച്ചിട്ടുണ്ട്. പോലീസ് മേധാവിയുടെ കത്തുകൾക്ക് പരിഹാസരൂപേണ മറുപടി നൽകുന്നുവെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ജെ. ജയനാഥ്. കെ.എ.പി. മൂന്നാം ബറ്റാലിയനിൽനിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 720 പേരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരുന്നു കത്ത്. സായുധസേനാ എ.ഡി.ജി.പി.ക്ക് കത്തിന്റെ പകർപ്പ് നൽകിയതിനൊപ്പം പോലീസ് സംഘടനകൾക്കും പകർപ്പ് കൈമാറി. സേനയിൽ പ്രവേശിച്ച് മൂന്ന് ദിവസമായവരെപ്പോലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചെന്നും അവർക്ക് തുടക്കത്തിൽ ലഭിച്ച അനുഭവങ്ങൾ ഭാവിയിൽ സ്വാധീനിക്കുമെന്നും കത്തിൽ പറയുന്നു. ലഭിക്കേണ്ട യാത്രാബത്തപോലും കൃത്യമായി നൽകാനായില്ല. ബി.ഐ.എം.എസ്. സോഫ്റ്റ്വേറിനുണ്ടായ പിഴവാണ് കാരണം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇത് പരിഹരിക്കണം. ആസൂത്രണത്തിലുള്ള പിഴവാണ് ദുരവസ്ഥയ്ക്ക് കാരണമെന്നും കത്തിൽ പറയുന്നു. പോലീസ് മേധാവിയുടെ നിർദേശങ്ങൾ പാലിക്കാത്തതിനും അച്ചടക്കലംഘനത്തിനും ജയനാഥിനെതിരേ കഴിഞ്ഞ ദിവസം വകുപ്പുതല അന്വേഷണത്തിന് ഉത്തവിട്ടിരുന്നു. നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, റോഡ് സുരക്ഷാ കമ്മിഷണർ ഡോ. ബി. അശോക് എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. Content Highlights: police deployment on election duty
from mathrubhumi.latestnews.rssfeed https://ift.tt/3pKSjy2
via
IFTTT
No comments:
Post a Comment