കൊച്ചി: മഫ്തിയിലെത്തിയ മേലുദ്യോഗസ്ഥയെ മനസ്സിലായില്ലെന്ന കാരണത്താൽ വനിതാ പോലീസുകാരിക്ക് ശിക്ഷയായി ട്രാഫിക് ഡ്യൂട്ടി കൊടുത്ത കൊച്ചി സിറ്റി ഡി.സി.പി.ക്ക് താക്കീത്. വിവരം വിവാദമായതിനു പിന്നാലെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മേലുദ്യോഗസ്ഥൻ ഡി.സി.പി.ക്ക് താക്കീത് നൽകിയത്. കരുതലോടെ പെരുമാറണമെന്നാണ് താക്കീത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് എറണാകുളം നോർത്തിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് സിവിൽ വേഷത്തിൽ മുഖാവരണം ധരിച്ച് ഡി.സി.പി. ഐശ്വര്യ ഡോങ്‌രെ എത്തിയത്. ഇവർ മുഖാവരണം വെച്ചതിനാൽ പാറാവുനിന്ന വനിതാ പോലീസുകാരിക്ക് ആളെ മനസ്സിലായില്ല. ഇതോടെ തടഞ്ഞു വിവരംതിരക്കി. ആളെ മനസ്സിലായതും അകത്തേക്ക് കടത്തിവിടുകയും ചെയ്തു. എന്നാൽ, തന്നെ തടഞ്ഞതിൽ പോലീസുകാരിയോട് ഡി.സി.പി. വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെന്ന കാരണത്താൽ വനിതാ സി.പി.ഒ.യ്ക്ക് തിരക്കുള്ള ഹൈക്കോടതി ജങ്ഷന് സമീപം രണ്ടുദിവസം ട്രാഫിക് ഡ്യൂട്ടിയും നൽകി.അടുത്തിടെ കൊച്ചിയിൽ ചാർജെടുത്ത ഡി.സി.പി.യെ സിവിൽ വേഷത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ വരുന്നവരോട് വിവരങ്ങൾ തിരക്കിയശേഷമാണ് അകത്തേക്ക് കയറ്റിവിടുന്നതും. വനിതാ പോലീസുകാരി കൃത്യനിർവഹണമാണ് ചെയ്തത്. എന്നാൽ, ഈ കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ ട്രാഫിക് ഡ്യൂട്ടി നൽകിയെന്നായിരുന്നു ഡി.സി.പി.ക്കെതിരേയുള്ള ആരോപണം. സീനിയർ ഓഫീസറുടെ വാഹനം തിരിച്ചറിഞ്ഞ് വനിതാ പോലീസുകാരി ജാഗ്രത പുലർത്തിയില്ലെന്നായിരുന്നു ഐശ്വര്യ ഡോങ്‌രെയുടെ പ്രതികരണം. നോർത്ത് പോലീസ് സ്റ്റേഷന് സമീപത്ത് വാഹനമിട്ടാണ് ഡി.സി.പി. പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തൊട്ടപ്പുറത്തെ കെട്ടിടത്തിന്റെ അകത്ത് നിൽക്കുന്ന പാറാവുകാരിക്ക് ഇത് കാണാനാകില്ല. ഇതിനാൽ വാഹനം തിരിച്ചറിയാനുള്ള സാധ്യതയില്ലെന്നാണ് പോലീസുകാർ പറയുന്നത്. പോലീസിനകത്ത് വിഷയം വലിയ ചർച്ചയായിരുന്നു. ആറുമണിക്കൂറാണ് സിറ്റി ലിമിറ്റിൽ നിലവിൽ ട്രാഫിക് ഡ്യൂട്ടി കൊടുക്കുന്നത്. എന്നാൽ, വനിതാ പോലീസുകാരിക്ക് ആദ്യ ദിനത്തിൽ 12 മണിക്കൂറാണ് നിർബന്ധിത ട്രാഫിക് ഡ്യൂട്ടി നൽകിയത്. ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംഘടനാപരമായ പ്രതിഷേധം അറിയിക്കുമെന്ന് കേരള പോലീസ് അസോസിയേഷൻ അറിയിച്ചു.ശംഖുംമുഖത്ത് എ.സി.പി. ചുമതല വഹിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയെ കൊച്ചി കമ്മിഷണറേറ്റിൽ ലോ ആൻഡ് ഓർഡർ ചുമതലയുള്ള ഡി.സി.പി.യായി ജനുവരി ഒന്നിനാണ് നിയമിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3nMYFvn
via
IFTTT
No comments:
Post a Comment