തിരുവനന്തപുരം: കോവിഡ്കാരണം കേരളത്തിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവുണ്ടായെന്ന് സാമ്പത്തികഅവലോകനം. അംഗീകൃത വിദേശനാണ്യ ഡീലർമാർ വഴിയുള്ള പണംകൈമാറ്റത്തിൽ 5691 കോടിരൂപ കുറഞ്ഞെന്നാണ് കണക്ക്. ആസൂത്രണബോർഡ് ഡീലർമാരിൽനിന്ന് നേരിട്ട് ശേഖരിച്ചതാണ് ഈ വിവരം. അതേസമയം, ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിൽ 12,000 കോടിയുടെ വർധനയുണ്ടായതായാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക്. സ്വകാര്യകൈമാറ്റം കുറയുകയും അതേസമയം, ബാങ്ക്നിക്ഷേപം കൂടുകയും ചെയ്തതിനാൽ പ്രവാസി നിക്ഷേപത്തിൽ ആകെ കുറവുവരുന്നില്ല. ചില പ്രവാസികൾ പണംകൈമാറുന്നത് സ്വകാര്യ മണി എക്സ്‌ചേഞ്ചുകൾ വഴിയാണ്. കോവിഡ് വ്യാപിച്ചതോടെ ഇവരിൽ പലരും ജോലിനഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങി. അതിനാൽ എക്സ്‌ചേഞ്ച് ഡീലർമാർ വഴിയുള്ള കൈമാറ്റത്തിൽ 65 ശതമാനം കുറവുണ്ടായി. ഇത് 5691 കോടി രൂപവരും. 2020 ജനുവരിമുതൽ മേയ് വരെയാണ് ഈ കുറവ്. ഈ നഷ്ടം കണക്കിലെടുക്കേണ്ടതുണ്ടെന്ന് ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. എന്നാൽ ബാങ്കുകളിലെ പ്രവാസിനിക്ഷേപം 2019 ഡിസംബറിലെ 1.99 ലക്ഷം കോടിയിൽനിന്ന് 2020 ജൂണിൽ 2.11 ലക്ഷം കോടിയായി ഉയർന്നു. ഇന്ത്യയിൽ കുടിയേറ്റക്കാരിൽനിന്ന് എത്തുന്ന പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കാണ് വരുന്നത്. പ്രവാസികൾക്ക് തൊഴിൽനഷ്ടമുണ്ടായതിനാൽ എക്സ്‌ചേഞ്ചുവഴിയുള്ള പണത്തിന്റെ കൈമാറ്റം കുറഞ്ഞതായി കരുതാം. അതേസമയം, മടങ്ങിയവരിൽ പലരും വിദേശത്തെ അവരുടെ നിക്ഷേപം ബാങ്കുകളിലേക്ക് മാറ്റിയതാണ് ബാങ്കിൽ നിക്ഷേപം കൂടാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു. കോവിഡ് വ്യാപനത്തോടെ വിദേശത്തുനിന്ന് 3.77 ലക്ഷംപേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 6.29 ലക്ഷം പേരും കേരളത്തിലേക്ക് മടങ്ങിയെന്നാണ് കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്ന് വ്യക്തമാകുന്നത്. എത്രപേർ മടങ്ങിപ്പോയെന്ന് വ്യക്തമല്ല.
from mathrubhumi.latestnews.rssfeed https://ift.tt/38HDI0G
via
IFTTT
No comments:
Post a Comment