തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടുകണക്ക് പഠിച്ച് ജനങ്ങളിലേക്കിറങ്ങാൻ സി.പി.എം. ഒരുങ്ങുന്നു. ഓരോ ബൂത്തിലും ഇടതുമുന്നണിക്ക് കിട്ടിയ വോട്ടിന്റെ ആക്കവും തൂക്കവും നിർണയിക്കുന്ന ഘട്ടത്തിലാണിപ്പോൾ. നേരത്തേയുണ്ടായിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. വോട്ടുകൂടിയ ബൂത്തുകളിൽ, അതിന്റെ തോത് കുറയാതെ കാക്കണം. ഇതാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി സി.പി.എം. നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 24 മുതൽ ഗൃഹസന്ദർശ പരിപാടി നടത്തും. ജനങ്ങളെ നേരിൽക്കണ്ടും കേട്ടും സർക്കാരിന്റെയും മുന്നണിയുടെയും ജനകീയമുഖം ശക്തിപ്പെടുത്താനാണിത്. ഒരാഴ്ചയാണ് സംസ്ഥാനത്താകെ ഗൃഹസന്ദർശനം നടത്തുക. വോട്ടുകുറഞ്ഞ മേഖലയിൽ ഇത് ആവർത്തിക്കും. പ്രാദേശികമായി പാർട്ടിയോടുള്ള വിയോജിപ്പുകൾ കണ്ടെത്തി ആവശ്യമായ തിരുത്തലുകളാണ് ലക്ഷ്യമിടുന്നത്. ഇതിന്, നേതാക്കൾക്ക് മേൽനോട്ടച്ചുമതലയുണ്ട്. തദ്ദേശവോട്ടിന്റെ പരിശോധനയിൽ സംസ്ഥാനത്താകെയുള്ള സ്ഥിതിയാണ് വിലയിരുത്തുന്നത്. താഴോട്ടുള്ള ഓരോ ഘടകത്തിലും ഈ വിലയിരുത്തലും തിരുത്തലും നടത്തും. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾക്ക് ജില്ലകളുടെ ചുമതലയുണ്ട്. ചില ജില്ലകളിൽ ചുമതലയുള്ള സെക്രട്ടേറിയേറ്റ് അംഗത്തിനുപുറമേ ഒന്നിലേറെ നേതാക്കൾ പങ്കെടുത്താണ് ഫലം വിലയിരുത്തുന്നത്. മണ്ഡലങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കാണ് ചുമതല.സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളുമാണ് തദ്ദേശതിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിച്ചത്. ഇതിലൊരു മനംമാറ്റം ഇല്ലാത്തവിധം ജനങ്ങളെ കൂടെനിർത്താനുള്ള പ്രചാരണവും പ്രവർത്തനവും വേണമെന്നാണ് സി.പി.എം. നിർദേശം. തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ യു.ഡി.എഫ്. മുഖംമിനുക്കാൻ നടത്തുന്ന ശ്രമങ്ങളെയും പ്രാദേശികമായിതന്നെ സി.പി.എമ്മും എൽ.ഡി.എഫും പരിശോധിക്കും. സംസ്ഥാനസമിതിക്ക് ശില്പശാല നിയമസഭാ തിരഞ്ഞെടുപ്പിന് സംഘടനാസംവിധാനം ക്രമീകരിക്കാനും ചുമതലകൾ നിശ്ചയിക്കാനും പ്രത്യേക സംസ്ഥാനസമിതി യോഗം ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ ചേരും. തദ്ദേശവോട്ടിന്റെ പരിശോധനയ്ക്കുപിന്നാലെ ഒരോ ജില്ലയിലും നടന്ന പ്രവർത്തനങ്ങൾ ഇതിൽ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും സംഘടനാക്രമീകരണങ്ങളും പ്രചാരണരീതിയും നിശ്ചയിക്കുക. സ്ഥാനാർഥി നിർണയം സംബന്ധിച്ച ഒരു ചർച്ചയും പാർട്ടിതലത്തിൽ ഔദ്യോഗികമായി നടന്നിട്ടില്ല. മുന്നണിയുടെ സീറ്റ് നിർണയം പൂർത്തിയായതിന് ശേഷമായിരിക്കും ഇതുണ്ടാകുക. അതിനാൽ, മണ്ഡലങ്ങളുടെ വിജയസാധ്യത കൂട്ടുകയെന്ന ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കാനാണ് നേതാക്കൾക്കുള്ള നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/3skK1im
via
IFTTT
No comments:
Post a Comment