ന്യൂഡൽഹി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാതിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് 90 ദിന കർമപരിപാടി ആസൂത്രണംചെയ്യും. ജനുവരി നാലിനും അഞ്ചിനുമായി കേരളത്തിലെത്തിയാൽ മുതിർന്ന നേതാക്കളുമായി ഇക്കാര്യം ചർച്ചചെയ്ത് അന്തിമരൂപം നൽകുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ‘മാതൃഭൂമി’യോട് പറഞ്ഞു.കേരളത്തിലെ കോൺഗ്രസിന്റെ സ്ഥിതി െഹെക്കമാൻഡിനെ താരിഖ് ധരിപ്പിച്ചിട്ടുണ്ട്. അടുത്ത കേരള സന്ദർശനത്തിനുശേഷം വിശദമായ റിപ്പോർട്ട് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറും. തുടർന്ന് പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ കേരളത്തിൽ നേതൃമാറ്റം വേണ്ടെന്നും കൂട്ടായ നേതൃത്വം നയിക്കുന്നതാവും ഉചിതമെന്നുമാണ് താരിഖ് അൻവർ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. “ഉമ്മൻചാണ്ടി മുതിർന്ന നേതാവാണ്. അദ്ദേഹം പാർട്ടിയെ മുന്നിൽനിന്ന് നയിക്കും. രമേശ് ചെന്നിത്തലയും ഊർജസ്വലനും ചെറുപ്പക്കാരനുമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ നല്ല സംഘടനാനേതാവാണ്. ഉമ്മൻചാണ്ടിയെ പ്രചാരണസമിതി അധ്യക്ഷനാക്കാൻ നിർദേശംവന്നിട്ടുണ്ട്. എല്ലാവരും ചേർന്ന് കോൺഗ്രസിനെ നയിക്കലാണ് പ്രധാനം. ഒരു ശതമാനത്തിൽത്താഴെ മാത്രമാണ് എൽ.ഡി.എഫുമായി വോട്ടുവിഹിതത്തിൽ വ്യത്യാസമുള്ളത്. എല്ലാ മണ്ഡലങ്ങളിലും പ്രവർത്തനം ശക്തമാക്കിയാൽ ഇത് മറികടക്കാം. എല്ലാ 10 ദിവസം കൂടുമ്പോഴും കേരളത്തിലെത്താനാണ് തീരുമാനം”- താരിഖ് അൻവർ പറഞ്ഞു.താരിഖ് അൻവർ കേരളത്തിൽ സന്ദർശനം നടത്തിയ സമയത്ത് കോൺഗ്രസ് നേതാക്കളും യു.ഡി.എഫ്. ഘടകകക്ഷിനേതാക്കളും ഉമ്മൻചാണ്ടിയെ സജീവമായി കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/351f9JY
via
IFTTT
No comments:
Post a Comment