മലപ്പുറം: 'ആരു സഹായിക്കും, ലോകം തുണയ്ക്കുമോ, ജീവൻ പോയിടുമ്പോൾ ആശ്രയം ആരൂള്ളൂ, ജീവന്റെ നായിക ദേഹിയെ ചോദിച്ചാൽ ഇല്ലെന്നോതുവാൻ ആരുള്ളൂ...' 113-ലേക്ക് കടക്കുന്ന മറിയാമ്മ ഉതുപ്പ് നീട്ടിച്ചൊല്ലി. ഇന്ത്യയുടെതന്നെ മുത്തശ്ശിയാവും പെരിന്തൽമണ്ണ എടപ്പറ്റയിലെ മറിയാമ്മ ഉതുപ്പ്. 102 പേരടങ്ങുന്ന മറിയാമ്മ മുത്തശ്ശിയുടെ അഞ്ചാം തലമുറയിലെ 13-ാമത്തെ കുഞ്ഞ് ഒരുമാസം മുമ്പാണ് ഭൂമിയിലെത്തിയത്. ഇന്ത്യക്ക് സ്വതന്ത്ര്യംകിട്ടുന്നതിനു ഒരുവർഷം മുൻപ് 1946 ഓഗസ്റ്റിലാണ് മൂവാറ്റുപുഴയിൽനിന്ന് ഭർത്താവ് ഉതുപ്പ് പാപ്പാലിനൊപ്പം മറിയാമ്മ മലപ്പുറത്തെ പെരിന്തൽമണ്ണയിലെത്തുന്നത്. എടപ്പറ്റ പഞ്ചായത്തിലെ പുളിയക്കോട് രണ്ടേക്കർ സ്ഥലം വാങ്ങി. കുടിലുകെട്ടി അവിടെ താമസവും തുടങ്ങി. ഇപ്പോഴും ബൈബിളിലെ എഴുതപ്പെട്ട സങ്കീർത്തനങ്ങൾ പലതും കാണാപ്പാഠമാണ്. അൽപ്പം കേൾവിക്കുറവുണ്ടെന്നതൊഴിച്ചാൽ കാര്യമായ അസുഖങ്ങളൊന്നുമില്ല. പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയൊന്നും ഇതുവരെ അലട്ടിയിട്ടില്ല. ഇതുവരെ രോഗംവന്ന് ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടുമില്ല. ഇപ്പോൾ തലയ്ക്കകത്ത് ചെണ്ടകൊട്ടുന്നതുപോലുള്ള ശബ്ദം കേൾക്കുന്നുണ്ട്. അത് നാഡീസംബന്ധമാണെന്നും മരുന്നൊന്നുമില്ലെന്നും ഡോക്ടർമാർ. മൂവാറ്റുപുഴ ചേക്കടമ്പ് കുഞ്ഞിളച്ചിയുടെയും ചാക്കോയുടെയും മൂത്തമകളായി 1908-ലാണ് ജനനം. 22-ാം വയസ്സിലാണ് മറിയാമ്മയെ പാപ്പാലിൽ ഉതുപ്പ് മിന്നുകെട്ടുന്നത്. ഉതുപ്പിന്റെ രണ്ടാം കല്യാണമായിരുന്നു. മറിയാമ്മയുടെ ആദ്യത്തേതും. 14 മക്കൾക്ക് ജൻമംനൽകി. ഇപ്പോൾ ജീവിച്ചിരിക്കുന്നത് അഞ്ചുപേർ. അവരിൽ മൂത്തമകൾ സാറാമ്മയ്ക്ക് പ്രായം 84. ഒട്ടേറെ കഥകളുണ്ട് ഓർക്കാനിന്നും മറിയാമ്മയ്ക്ക് . ഇരട്ടപ്രസവം കഴിഞ്ഞു കുഞ്ഞുങ്ങൾക്കൊപ്പം കിടക്കുമ്പോഴാണ് കുടിലിന്റെ ഓലച്ചുമരിലൂടെ പുലി എത്തിനോക്കുന്നത്. പുലിയെ കണ്ട മറിയാമ്മ ആർത്തുനിലവിളിച്ചു. അതുകേട്ടതോടെ പേടിച്ച പുലി ജീവനുംകൊണ്ടോടി. അന്ന് പുലിയേക്കാൾ ആളുകൾ പേടിച്ചത് കാട്ടുപന്നിയെയായിരുന്നുവെന്ന് മറിയാമ്മ. 46-ൽ വീടിനുസമീപം എട്ടു വീട്ടുകാർചേർന്ന് ഓലഷെഡിൽ നിർമിച്ച പള്ളി വെഞ്ചരിച്ചതും മറിയാമ്മ ഓർക്കുന്നു. മൂവാറ്റുപുഴയിൽ യോഹന്നാന്റെ ക്രിസ്ത്യൻ റിവൈവൽ പ്രാർഥനായോഗത്തിൽ മുടങ്ങാതെ പങ്കെടുക്കുന്നതാണ് ദീർഘായുസ്സിന്റെ രഹസ്യമായി മറിയാമ്മ വിശ്വസിക്കുന്നത്. നടക്കാനൊരു വാക്കറുണ്ട്. കോവിഡിനു മുൻപ് എല്ലാകൊല്ലവും മൂവാറ്റുപുഴയിൽ പോകുമായിരുന്നു. നൻമചെയ്യുക, ഈശ്വരനിൽ വിശ്വസിക്കുക, മനസ്സ് ശാന്തമാക്കുക; ആയുസ്സ് നീണ്ടുകിട്ടുമെന്നാണ് മറിയാമ്മയുടെ വിശ്വാസം. Content Highlights:mariyama uthuppu 113 year old grand mother from perinthalmanna
from mathrubhumi.latestnews.rssfeed https://ift.tt/3bg2tmn
via
IFTTT
No comments:
Post a Comment