ആലപ്പുഴ: ക്ഷേമപെൻഷൻകാർക്ക് ജനുവരി ഒന്നുമുതൽ മസ്റ്ററിങ്ങില്ലെന്നും 2020-ൽ മസ്റ്ററിങ് ചെയ്യാൻ കഴിയാത്തവർക്ക് സർക്കാർചെലവിൽ മസ്റ്ററിങ് നടത്തുമെന്നും ധനമന്ത്രി തോമസ് ഐസക്. ഞായറാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി, ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ജനുവരിയിൽ മസ്റ്ററിങ് തുടങ്ങുമെന്നും ചെലവ്, പെൻഷൻകാർ സ്വയം വഹിക്കണമെന്നും വ്യക്തമാക്കി ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളെക്കുറിച്ച് അദ്ദേഹം മൗനംപാലിച്ചു. 'ക്ഷേമപെൻഷൻ മസ്റ്ററിങ് ജനുവരിയിൽ; ഇക്കുറി ചെലവ് സ്വയം വഹിക്കണമെന്ന' തലക്കെട്ടിൽ മാതൃഭൂമി ഞായറാഴ്ച വാർത്ത പ്രസിദ്ധപ്പെടുത്തിയിരുന്നു. ധനവകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഡിസംബർ 11-ന് ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി ബി. പ്രതിപ്കുമാർ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി പുറത്തിറക്കിയ മൂന്നുത്തരവുകളാണ് മന്ത്രിയുടെ വാദവുമായി യോജിക്കാത്തത്. ക്ഷേമനിധിബോർഡ് ചീഫ് എക്സിക്യുട്ടീവുമാർ, പഞ്ചായത്ത്-നഗരകാര്യ ഡയറക്ടർ, ഇൻഫർമേഷൻ കേരളമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ എന്നിവർക്കായി വ്യത്യസ്ത ഉത്തരവുകളാണ് ഇറങ്ങിയത്. എന്നാൽ, ഈ ഉത്തരവുകളെക്കുറിച്ച് മന്ത്രിയുടെ പോസ്റ്റിൽ പരാമർശമില്ല. മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത് ജനുവരി ഒന്നുമുതൽ ക്ഷേമപെൻഷൻ 1,500 രൂപയാക്കുമെന്നാണ് എൽ.ഡി.എഫ്. തദ്ദേശതിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാക്കുനൽകിയിട്ടുള്ളത്. അതുനടപ്പാക്കും. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ മസ്റ്ററിങ് നടത്തുമെന്ന് ഒരു പ്രമുഖപത്രത്തിൽ വന്നവാർത്ത അടിസ്ഥാനരഹിതമാണ്. 2020-ൽ സമഗ്രമായ മസ്റ്ററിങ് നടത്തിയതേയുള്ളൂ. വീണ്ടും മസ്റ്ററിങ് നടത്തേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം, 2020-ൽ മസ്റ്ററിങ്ങിൽ പങ്കെടുക്കാതിരുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും. ഇതിനു വേണ്ടിവരുന്ന ചെലവ് തുടർന്നും സർക്കാർ വഹിക്കും. ഉത്തരവുകളിൽ പറയുന്നത് 2020 ഡിസംബർവരെയുള്ള മുഴുവൻ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2021 വർഷത്തേക്ക് പെൻഷൻ ലഭിക്കുന്നതനിനായി സ്വന്തം ചെലവിൽ മസ്റ്ററിങ് നടത്തണം. ജനുവരി ഒന്നുമുതൽ മാർച്ച് 20-വരെയാണ് സമയം. വിരലടയാളം പതിയാതെ മസ്റ്ററിങ് പരാജയപ്പെടുന്നവരും ആധാറില്ലാതെ പെൻഷൻ അനുവദിക്കപ്പെട്ടവരും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലോ ക്ഷേമനിധി ഓഫീസുകളിലോ മാർച്ച് 31-നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതത് വർഷത്തെ പുതിയ പെൻഷൻകാർക്ക് മസ്റ്ററിങ് നിർബന്ധമില്ല. അവർ അടുത്തവർഷംമുതൽ മസ്റ്റർചെയ്താൽ മതി.
from mathrubhumi.latestnews.rssfeed https://ift.tt/2W8tcbI
via
IFTTT
No comments:
Post a Comment