ഷിംല: കോവിഡ് പരിശോധനയിൽ ഒരു ഗ്രാമത്തിലെ എല്ലാവരും പോസിറ്റീവാവുക, ഒരാളൊഴികെ. ഹിമാചൽ പ്രദേശിലെ ലാഹോൽ-സ്പിതി ജില്ലയിലെ വിദൂര ഗ്രാമമായ തൊരംഗിലെ ഭൂഷൺ താക്കൂറാണ് കോവിഡ് ബാധയിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റുള്ളവരേക്കാൾ ഉയർന്ന പ്രതിരോധശേഷി കാരണമല്ല മറിച്ച് അടിസ്ഥാനപ്രതിരോധമാർഗങ്ങൾ കൃത്യമായി പിന്തുടർന്നതാണ് ഈ 52 കാരനെ വൈറസിൽ നിന്ന് അകറ്റി നിർത്തിയത്. പൂജ്യം ഡിഗ്രി സെൽഷ്യസിനേക്കാൾ താഴ്ന്ന താപനിലയാണ് ഇപ്പോൾ തൊരംഗിൽ. ഗ്രാമത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേരായ 42 പേരിൽ 41 പേർക്കും രോഗം ബാധിച്ചപ്പോൾ ഭൂഷണിൽ നിന്ന് മാത്രം വൈറസ് അകന്നു നിന്നു. മാസ്ക് ധരിക്കുന്നതും സാനിറ്റൈസറിന്റെ ഉപയോഗവും സാമൂഹികാകലം പാലിക്കുന്നതും തന്നെ കോവിഡിൽ നിന്ന് സംരക്ഷിച്ചതായി ഭൂഷൺ സാക്ഷ്യപ്പെടുത്തുന്നു. ഭൂഷണിന്റെ കുടുംബത്തിൽ ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരിൽ നിന്ന് മാറി മറ്റൊരു മുറിയിലാണ് ഭൂഷൺ കഴിഞ്ഞത്. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പ്രദേശത്തെ തണുപ്പാണ് കോവിഡ് പകരാൻ പ്രധാനകാരണമെന്ന് ഭൂഷൺ പറയുന്നു. തണുപ്പ് വർധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ആളുകൾ കൂട്ടമായി തീകായുകയും ഒരേ മുറിയിൽ തങ്ങുകയും ചെയ്യുന്നത് വൈറസ് പകരാനിടയാക്കുമെന്ന് ഭൂഷൺ കൂട്ടിച്ചേർത്തു. ഗ്രാമത്തിലെ ആകെ ജനസംഖ്യ 160 ആണ്. താരപനില കുറയുമ്പോൾ ആളുകൾ മറ്റ് ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കുകയാണ് പതിവ്. കുറേ പേർ ഗ്രാമം വിട്ടു പോയതിന് ശേഷം അവശേഷിച്ച 42 പേർക്കാണ് നവംബർ 13 ന് കോവിഡ് പരിശോധന നടത്തിയത്. അതിൽ 41 പേരും പോസിറ്റീവായി. ശനിയാഴ്ച നടത്തിയ പുനഃപരിശോധനയിൽ ചിലരൊക്കെ നെഗറ്റീവായതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ പങ്കജ് റായി പറഞ്ഞു. ഒക്ടോബർ 13 ന് ഗ്രാമത്തിൽ ആഘോഷപരിപാടി നടന്നിരുന്നു. ഇതിൽ ആളുകൾ സംഘം ചേർന്നതാവാം കോവിഡ് പകരുന്നതിന് കാരണമായതെന്ന് ഡെപ്യൂട്ടി കമ്മിഷണർ കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനമോ ആളുകളുടെ സഞ്ചാരമോ ആവാം രോഗപകർച്ചയ്ക്ക് കാരണമെന്നും ശരിയായ കാരണം കണ്ടെത്തുന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം സ്ഥിരീകരിച്ചവരിൽ ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടർ എംഎൽ ബന്ധു അറിയിച്ചു. ലാഹോൽ-സ്പിതിയിൽ ഇതു വരെ 890 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 479 പേർ രോഗമുക്തി നേടി. 406 പേർ ചികിത്സയിലാണ്. അഞ്ച് പേർ മരിച്ചു. 33,000 ലധികം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഹിമാചൽ പ്രദേശിൽ രോഗബാധ മൂലം ഇതു വരെ 518 പേരാണ് മരിച്ചത്. സീസണായതോടെ വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്ത് പ്രവേശനം അനുവദിച്ചിട്ടുണ്ട്. Content Highlights: One Himachal ManAvoided Covid While Entire Village Tested Positive
from mathrubhumi.latestnews.rssfeed https://ift.tt/36WTH93
via
IFTTT
No comments:
Post a Comment