സ്കൂൾ ഫീസ്: ചെലവിന് ആനുപാതികമായി മാത്രമേ വാങ്ങാവൂ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 23, 2020

സ്കൂൾ ഫീസ്: ചെലവിന് ആനുപാതികമായി മാത്രമേ വാങ്ങാവൂ

കൊച്ചി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് അൺ എയ്ഡഡ് സ്കൂളുകൾ ഈ അധ്യയനവർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്നുകാട്ടി സർക്കാരും സി.ബി.എസ്.ഇ.യും സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദേശം. അതേസമയം, ആദ്യ ടേം ഫീസ് പൂർണമായും എല്ലാ വിദ്യാർഥികളും രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു. ഫീസ് ഇളവ് തേടിയുള്ള വിവിധ ഹർജികൾ പരിഗണിച്ചാണ് നിർദേശം. കേസിൽ കക്ഷിയായ രക്ഷിതാക്കളോട് ആദ്യ ടേം ഫീസിന്റെ 50 ശതമാനം അടയ്ക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ, ഇതുപോലും പലരും അടച്ചില്ലെന്നത് സ്കൂളധികൃതർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ആദ്യ ടേം ഫീസ് ഉടൻ അടയ്ക്കണമെന്ന നിർദേശം നൽകിയത്. കേസുള്ളതിനാൽ ഫീസ് നൽകേണ്ടതില്ലെന്ന് ഹർജിക്കാർ മറ്റു രക്ഷിതാക്കളോടു പറയുന്നുണ്ടെന്നും സ്കൂളധികൃതർ ശ്രദ്ധയിൽപ്പെടുത്തി. പ്രതിസന്ധി തരണംചെയ്യാൻ സഹായിക്കാനാണ് കോടതി ശ്രമിക്കുന്നത്. രണ്ടാം ടേം അടുത്തിരിക്കുകയാണ്. അതിനാൽ ആദ്യ ടേം ഫീസ് പൂർണമായും അടയ്ക്കണം. ഫീസിൽ കോടതി എന്തെങ്കിലും കുറവ് വരുത്തിയാൽ രണ്ടാം ടേമിൽ അത് കുറയ്ക്കുമെന്നും ഉത്തരവിലുണ്ട്. ഫീസ് കൊടുത്ത് പഠിക്കേണ്ട സ്കൂൾ സ്വയം തിരഞ്ഞെടുത്തതാണ്. കേസിന്റെ പേരിൽ ഫീസ് കൊടുക്കാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.ഫീസ് നിശ്ചയിക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്കനുസരിച്ചാണെന്ന് സി.ബി.എസ്.ഇ. നേരത്തേ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ചെലവിന് ആനുപാതികമായേ ഫീസ് ഈടാക്കാവൂ എന്നു നിർദേശിച്ച് സർക്കുലർ പുറപ്പെടുവിക്കാൻ കോടതി പറഞ്ഞത്. ഫീസിന്റെ കാര്യത്തിൽ കോടതിയുടെ മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഈ സർക്കുലർ. ഇതിന് പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ ആവശ്യമായ പ്രചാരണം നൽകണം. ഇൗ അധ്യയന വർഷത്തേക്കു മാത്രമായിട്ടായിരിക്കും ഈ സർക്കുലർ. കേസിലുൾപ്പെട്ട സ്കൂളുകൾ ചെലവുകളുടെ കണക്ക് കോടതിയിൽ നൽകിയിട്ടുണ്ട്. കണക്ക് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സി.ബി.എസ്.ഇ. റീജണൽ ഡയറക്ടറോടു നിർദേശിച്ചിട്ടുണ്ട്. ഹർജികൾ ഡിസംബർ ഒൻപതിനു പരിഗണിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3pY9zR6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages