പട്ന: ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൻ.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിൽ 243 അംഗ സഭയിൽ 125 സീറ്റുകൾ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ഭരണത്തുടർച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്. അവസാന ഘട്ടംവരെ സസ്പെൻസ് നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ മഹാസഖ്യത്തിന് 110 സീറ്റുകൾ നേടാനെ സാധിച്ചുള്ളു. 75 സീറ്റുകൾ നേടി ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബി.ജെ.പി 74 സീറ്റ് നേടിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റുകളിൽ ഒതുങ്ങി. തീർത്തും നിറംമങ്ങി കോൺഗ്രസ് 19 സീറ്റുകളിൽ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. അതേസമയം ഇടതുപാർട്ടികൾ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളിൽ മത്സരിച്ച ഇടത് പാർട്ടികൾ 16 ഇടത്തും ജയിച്ചു. എൻ.ഡി.എ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എൽ.ജെ.പി ഒറ്റ സീറ്റിൽ ഒതുങ്ങി. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകൾ പിടിച്ചെടുത്തു. ഹിന്ദുസ്ഥാനി അവാം മോർച്ചയും വികാസ് ശീൽ ഇൻസാൻ പാർട്ടിയും നാല് സീറ്റുകൾ വീതം നേടി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അവസാനിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മഹാസഖ്യമായിരുന്നു മുന്നേറിയത്. രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ എൻ.ഡി.എ. മുന്നിലെത്തി. വൈകീട്ട് ഏഴോടെ ഇരുമുന്നണികളും തമ്മിൽ നേരിയ സീറ്റുകളുടെ വ്യത്യാസമായി മാറി. രാത്രി വൈകിയും നേരിയ ലീഡ് നിലനിർത്തിയ എൻ.ഡി.എ എക്സിറ്റ് പോൾ ഫലങ്ങളെ നിഷ്പ്രഭമാക്കി ഭരണത്തുടർച്ച ഉറപ്പിക്കുകയായിരുന്നു. എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസിയും ആർ.എൽ.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും നേതൃത്വം നൽകിയ വിശാല ജനാധിപത്യ മതേതര സഖ്യവും പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യവും മഹാസഖ്യത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേകി. കേന്ദ്രത്തിൽ എൻ.ഡി.എ.യ്ക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എൽ.ജെ.പി. നിതീഷിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. ചിരാഗിന് നേട്ടമുണ്ടായില്ലെങ്കിലും ബി.ജെ.പി.ക്ക് കോട്ടമുണ്ടാക്കാതെ ജെ.ഡി.യു.വിന്റെ സീറ്റുകൾ കുറയ്ക്കാൻ എൽജെ.പി.യ്ക്കായി. ഭരണത്തുടർച്ച ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നുവെന്ന് ആരോപിച്ച് ആർജെഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാർ തിരഞ്ഞെടുപ്പ് ഓഫീസർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ആർജെഡി ആരോപിക്കുന്നു. content highlights:bihar election result, Nitish Kumar, BJP Retain Bihar
from mathrubhumi.latestnews.rssfeed https://ift.tt/3kj3gDR
via
IFTTT
No comments:
Post a Comment