മുംബൈ : വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (സി.പി.ഐ. - ഐ.ഡബ്ല്യു) കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം 2001-ൽ നിന്ന് 2016 ആക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒക്ടോബർ 21-ന് പുറത്തിറക്കുന്ന, സെപ്റ്റംബറിലെ ഉപഭോക്തൃ വിലസൂചിക പുതിയ രീതിയിലുള്ളതായിരിക്കുമെന്ന് തൊഴിൽമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. മൂന്നുകോടിയോളം വരുന്ന വ്യാവസായിക തൊഴിലാളികളുടെയും 48 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ശമ്പളവർധനയ്ക്ക് ഇത് വഴിതെളിക്കും. ഉപഭോഗരീതിയിലെ മാറ്റത്തിന് കൂടുതൽ വെയിറ്റേജ് നൽകിയാവും പുതിയ സൂചിക വരിക. ഭക്ഷ്യ ഉപഭോഗ ചെലവിനുള്ള വെയിറ്റേജ് 46 ശതമാനത്തിൽനിന്ന് 39 ശതമാനമാക്കി കുറച്ചു. പകരം വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, ഗൃഹോപകരണം, സേവനങ്ങൾ, ഗതാഗതം, ആശയവിനിമയം എന്നിവയുടെ വെയിറ്റേജ് 23 ശതമാനത്തിൽനിന്ന് 30 ശതമാനമാക്കിയേക്കും. ഭക്ഷ്യേതര ചെലവുകളിലാണ് വലിയ വർധന വന്നിട്ടുള്ളതെന്നതിനാൽ ഡി.എ. കണക്കാക്കുമ്പോൾ ഇത് പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത, പെൻഷൻകാരുടെ ആനുകൂല്യങ്ങൾ, വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം എന്നിവ നിർണയിക്കുന്നത് ഉപഭോക്തൃവില സൂചിക കണക്കാക്കിയാണ്. തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉപഭോഗ രീതിയിലുണ്ടായ മാറ്റം പുതിയ സൂചികയിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര തൊഴിൽസെക്രട്ടറി അപൂർവചന്ദ്ര പറഞ്ഞു. താഴെത്തട്ടിലെ യാഥാർഥ്യങ്ങൾ കൂടുതൽ ഉൾക്കൊള്ളാനാകുംവിധം കൂടുതൽ വ്യാവസായികവിഭാഗങ്ങളിൽനിന്നുള്ള വിവരങ്ങൾ പുതിയ സൂചികയിൽ ഉൾപ്പെടുത്തുന്നുണ്ട്. നിലവിൽ 78 കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങളാണ് ഉൾക്കൊള്ളിക്കുന്നതെങ്കിൽ പുതിയ രീതിയിൽ 90 കേന്ദ്രങ്ങളിൽനിന്നുള്ളതായിരിക്കും. ഇനി മുതൽ ഓരോ അഞ്ചുവർഷം കൂടുമ്പോഴും അടിസ്ഥാനവർഷം പരിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാണ് ജീവനക്കാരുടെ ശമ്പളത്തിലെ ഒരു ഘടകമായ ക്ഷാമബത്ത കണക്കാക്കുന്നത്. ഇതനുസരിച്ച് ശമ്പളവും ഉയരും. ആറുമാസം കൂടുമ്പോഴാണ് ഡി.എ. പരിഷ്കരിക്കുന്നതെങ്കിലും ഇപ്പോഴത്തെ മാറ്റം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പെട്ടെന്ന് ലഭിച്ചേക്കില്ല. കോവിഡ് പ്രതിസന്ധി മുൻനിർത്തി കേന്ദ്രസർക്കാർ ഡി.എ. പരിഷ്കരിക്കുന്നത്. 2021 ജൂലായ് വരെ നിർത്തിവെച്ചിരിക്കുകയാണ്. Content Highlights:CPI - IW labor ministry
from mathrubhumi.latestnews.rssfeed https://ift.tt/3dB4c4L
via
IFTTT
No comments:
Post a Comment