: സ്വർണക്കടത്ത് മുതൽ ലൈഫ് മിഷൻ വരെ നീളുന്ന വിവാദങ്ങളാണ് തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ ഇടതുസർക്കാറിന് എതിരായി ഉയർന്നത്. എന്നാൽ, ആരോപണങ്ങൾ പ്രതിരോധിക്കുന്നതിനൊപ്പംതന്നെ സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സി.പി.എമ്മും ഘടകകക്ഷികളും. കേരളത്തിൽ ഇതുവരെ ഒരു സർക്കാരിനും ചെയ്യാനാവാത്തവിധത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ നടപ്പാക്കിയതെന്ന് കാര്യകാരണസഹിതം വിശദീകരിക്കുന്ന സന്ദേശങ്ങളാണ് പുറത്തിറക്കുന്നത്. നവമാധ്യമങ്ങൾ വഴി പരമാവധി ജനങ്ങളിലേക്ക് ഈ സന്ദശങ്ങൾ എത്തിക്കാനാണ് പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സന്ദേശം. ഇതിനുള്ള വിവരങ്ങൾ എ.കെ.ജി. സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ വിഭാഗം തയ്യാറാക്കി നൽകും.ഒട്ടേറെ സർക്കാർ വിദ്യാലയങ്ങൾക്ക് പുതിയ അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയതും സർക്കാർആശുപത്രികളുടെ ഭൗതികസാഹചര്യങ്ങളും ചികിത്സാസംവിധാനങ്ങളും നവീകരിച്ചതും സാധാരണക്കാരെ പെട്ടെന്ന് ബോധ്യപ്പെടുത്താനാവുമെന്നാണ് സി.പി.എം. കണക്കുകൂട്ടൽ. ഇതോടൊപ്പം റോഡ്നവീകരണം, ഗ്യാസ് പൈപ്പ് പദ്ധതി, ബൈപ്പാസ് റോഡ് നിർമാണങ്ങൾ എന്നിവമുതൽ ഏറ്റവും ഒടുവിൽ ഉദ്ഘാടനം ചെയ്ത വയനാട് ചുരത്തിന്റെ തുരങ്ക നിർമാണപദ്ധതിവരെ വിഷയങ്ങളാകും. സംസ്ഥാന സർക്കാർസംവിധാനങ്ങൾ ഇപ്പോൾതന്നെ ഇതുസംബന്ധിച്ച് വ്യാപകമായ പരസ്യപ്രചാരണങ്ങൾ നടത്തിവരുന്നുണ്ട്. അതിന് പുറമേയായിരിക്കും പാർട്ടിസംവിധാനങ്ങളുടെ പ്രചാരണം.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ വേണ്ടത്ര ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം കനത്ത തോൽവി പിണഞ്ഞഘട്ടത്തിൽ പാർട്ടിക്കകത്ത് ഉയർന്നിരുന്നു. ഇതിനുള്ള പ്രതിവിധികൂടിയായാണ് പുതിയ പ്രവർത്തനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടനപത്രികയിൽ പറഞ്ഞ മിക്ക വാഗ്ദാനങ്ങളും പാലിക്കാനായെന്ന് സർക്കാർസംവിധാനങ്ങൾക്കൊപ്പം സ്വന്തംവഴികളും ഉപയോഗിച്ച് പ്രചരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ വികസനനയം എങ്ങിനെയായിരിക്കണമെന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചില നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. കിഫ്ബി വഴി സമാഹരിക്കുന്ന പണത്തിന്റെ ഭാവിയിലെ തിരിച്ചടവിന്റെ കാര്യവും അദ്ദേഹം പരാമർശിച്ചിരുന്നു. യു.ഡി.എഫ്. അധികാരത്തിലെത്തും എന്നൊരു സൂചനയും ഈ ലേഖനത്തിന്റെ വരികൾക്കിടയിലുണ്ട്. ഇതിനെല്ലാമുള്ള മറുപടി കൂടിയായിരിക്കണം നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നും സി.പി.എം. കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2SDi3xD
via
IFTTT
No comments:
Post a Comment