തിരുവനന്തപുരം: നിയമസഭയിലെ കംപ്യൂട്ടറുകളും സ്പീക്കറുടെ കസേരയടക്കമുള്ള ഉപകരണങ്ങളും അടിച്ചുതകർത്ത കേസിലെ പ്രതികളായ എം.എൽ.എ.മാർക്ക് നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ. ജയകൃഷ്ണന്റേതാണ് ഉത്തരവ്.ബുധനാഴ്ച ജാമ്യമെടുത്ത മുൻ എം.എൽ.എ.മാരായ കെ. അജിത്, കുഞ്ഞ്മുഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവരാണ് 35,000 രൂപവീതം കോടതിയിൽ കെട്ടിവെച്ചത്. മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ എന്നിവർ ജാമ്യത്തിന് കോടതിയിൽ ഹാജരായില്ല.ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതലാണ് പ്രതികൾ നശിപ്പിച്ചത്. പൊതുമുതൽ നശീകരണ നിയമപ്രകാരമായ കേസായതു കൊണ്ടുതന്നെ സർക്കാരിനുണ്ടായ നഷ്ടപരിഹാരം പ്രതികൾ അടയ്ക്കാതെ കോടതി ജാമ്യം അനുവദിക്കാറില്ല. പൊതുമുതൽ നശിപ്പിച്ച് ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസായിട്ടുകൂടി അത് പിൻവലിക്കാൻ സർക്കാർ ശ്രമിച്ചതിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. 2015 മാർച്ച് 12-നാണ് മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോൾ അത് അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നിയമസഭയിൽ അതിക്രമം കാണിച്ചത്. സഭാ സെക്രട്ടറിയുടെ പരാതിയിലാണ് പ്രതികൾക്കെതിരേ പോലീസ് കേസെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/34ySV0K
via
IFTTT
No comments:
Post a Comment