കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലക്ഷ്യംവെക്കുന്ന എൻ.സി.പി.ക്കാർക്ക് കടുത്ത ആശങ്ക. തിരഞ്ഞെടുപ്പ് പടിവാതിലിൽനിൽക്കുമ്പോൾ പാലാ മണ്ഡലത്തിന്റെ പേരിൽ നേതാക്കൾ പാർട്ടി പിളർത്താൻ നീക്കംനടത്തുന്നതാണ് പ്രാദേശികനേതാക്കളെ നിരാശയിലാക്കുന്നത്. സീറ്റുനിർണയ ചർച്ചകൾ എൽ.ഡി.എഫിൽ തുടങ്ങാനിരിക്കുകയാണ്. മുന്നണിയിലെ ചെറു ഘടകകക്ഷികൾക്ക് പരിഗണന കിട്ടുന്ന ഏക സന്ദർഭവും ഇതാണ്. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കൈവരുന്ന അവസരത്തിനായി താഴെത്തട്ടിലെ പ്രവർത്തകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടയിലാണ്, എൻ.സി.പി.യിൽ പിളർപ്പിനുള്ള സാധ്യതകൾ തെളിയുന്നത്. ജയിപ്പിച്ചശേഷം കളംവിടുമോ എന്ന സംശയം ഇടതുമുന്നണിയിൽ ഉണ്ടാവുന്നത് പാർട്ടിയുടെ വിലപേശൽശേഷിതന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്ന് എൻ.സി.പി. നേതാക്കൾ പറയുന്നു. പ്രാദേശികമായി സീറ്റുചർച്ചകളിൽ എൻ.സി.പി.ക്ക് ഇടപെടാൻ കഴിയാത്ത അവസ്ഥയായെന്നും നേതാക്കൾ പറയുന്നു.യു.ഡി.എഫിലേക്കു പോകാൻ നീക്കംനടത്തുന്ന മാണി സി. കാപ്പൻ എം.എൽ.എ.ക്കെതിരായ വികാരം പാർട്ടിയിൽ ശക്തമാണ്. യു.ഡി.എഫിലേക്കുപോയാൽ തദ്ദേശതിരഞ്ഞെടുപ്പിൽ എൻ.സി.പി.ക്ക് ഒരു പരിഗണനയും കിട്ടില്ലെന്ന ചിന്തയിൽ സീറ്റ് ലക്ഷ്യംവെക്കുന്ന താഴെത്തട്ടിലെ പ്രവർത്തകർ പാർട്ടിയിലെ എ.കെ. ശശീന്ദ്രൻ വിഭാഗത്തിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. പാർട്ടിനേതൃത്വം യു.ഡി.എഫിലേക്കു പോകാനുള്ള തീരുമാനമെടുത്താൽ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ഇടതുമുന്നണിക്കൊപ്പംതന്നെ നിന്നേക്കും. തദ്ദേശതിരഞ്ഞെടുപ്പ് സീറ്റുചർച്ചകൾ തുടങ്ങുന്നതിനു മുമ്പുതന്നെ തങ്ങൾ ശശീന്ദ്രനൊപ്പം മുന്നണിയിൽ ഉറച്ചുനിൽക്കുന്നവരാണെന്ന് സ്ഥാപിക്കാനാണ് പ്രാദേശികനേതാക്കൾ ശ്രമിക്കുന്നത്. ഇടതുമുന്നണിയുടെ മുനിസിപ്പൽ, പഞ്ചായത്തുതല കമ്മിറ്റികളിലും മറ്റും എൻ.സി.പി. ത്രിശങ്കുവിലായിരിക്കുകയാണ്. കമ്മിറ്റിയോഗങ്ങളിലും മറ്റും പങ്കെടുക്കുന്ന എൻ.സി.പി.ക്കാരോട് ഏതു ചേരിയിലെന്ന ചോദ്യവും സി.പി.എം. ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്്. കൂടുതൽ സാധ്യത ഇടതുമുന്നണിയിലാണെന്നതിനാൽ, ഭൂരിഭാഗവും ശശീന്ദ്രൻവിഭാഗത്തിനൊപ്പം നിന്നേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/34YD4so
via
IFTTT
No comments:
Post a Comment