ഇറാനുമായി ചൈന കൂടുതൽ അടുക്കുന്നത് അറബ് മേഖലയിൽ പുതിയ ധ്രുവീകരണത്തിന് വഴി തുറക്കുന്നു. അമേരിക്കയുടെ മധ്യസ്ഥതയിൽ യു.എ.ഇ. യും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്രബന്ധങ്ങൾ ആരംഭിക്കുന്ന വേളയിലാണ് ഈ നീക്കത്തെ എതിർക്കുന്ന ഇറാനുമായി ചൈന വലിയ സഹകരണത്തിലേക്ക് നീങ്ങുന്നത്. ഈജിപ്തിനും ജോർദാനും ശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളാണ് യു.എ.ഇ.യും ബഹ്റൈനും. ഇതിൽ ഇറാനൊപ്പം തുർക്കിയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണ് ഇസ്രയേലുമായുള്ള ചങ്ങാത്തമെന്നായിരുന്നു ഇവരുടെ വിശദീകരണം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യത്തിലെ പ്രധാനികളാണ് യു.എ.ഇ. യും ബഹ്റൈനും. അതുകൊണ്ടുതന്നെ ഇസ്രയേലുമായുള്ള സൗഹാർദത്തിന് സൗദിയുടെ മൗനാനുവാദം സ്വാഭാവികമാണ്. തീവ്രവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധവും സൗഹൃദവും സൗദി സഖ്യരാജ്യങ്ങൾ ഉപേക്ഷിച്ചിരിക്കയാണ്. ഇതേത്തുടർന്ന് ഗൾഫ് മേഖലയിൽ ഖത്തർ ഒറ്റപ്പെട്ടപ്പോൾ സഹായത്തിനായി എത്തിയത് ഇറാനും തുർക്കിയുമാണ്. കുവൈത്തിന്റെയും ഒമാന്റെയും നേതൃത്വത്തിൽ ഒട്ടേറെ ചർച്ചകൾ നടന്നെങ്കിലും ഖത്തർ ഇപ്പോഴും സൗദി സഖ്യത്തിനുപുറത്താണ്. ഇസ്രയേലുമായുള്ള സൗഹൃദത്തിൽ ഖത്തറിനും വലിയ താത്പര്യമില്ല. ഇതും ഇറാനും തുർക്കിക്കും പുതിയ സാഹചര്യത്തിൽ അനുകൂല ഘടകമാവുന്നുണ്ട്. ഇറാനും സൗദി അറേബ്യയും വർഷങ്ങളായി ശീതയുദ്ധത്തിലാണ്. വിശുദ്ധ ഹറമുകളുടെ നടത്തിപ്പ് അവകാശത്തെ വരെ ഇറാൻ ചോദ്യംചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമിക രാജ്യങ്ങളുടെയും അറബ് മേഖലയിലെയും സൗദിയുടെ മേധാവിത്വത്തിനെതിരേ പുതിയൊരു ചേരിയും സഖ്യവും വളർത്തിയെടുക്കുകയാണ് ഇറാൻ. സൗദിസഖ്യത്തിന് അമേരിക്കയുടെ വലിയ തോതിലുള്ള സഹായവും സഹകരണവും ഉണ്ടെങ്കിൽ അതിനുള്ള പ്രതിവിധിയും മറുപടിയുമാണ് ഇറാനുമായുള്ള ചൈനയുടെ സഹകരണ നീക്കങ്ങൾ. ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് 2018-ൽ അമേരിക്ക പിന്മാറിയതും തുടർന്ന് ഉപരോധം ഏർപ്പെടുത്തിയതും ഇറാനു വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, അമേരിക്കയുടെ ആ നടപടിയെക്കൂടി ചോദ്യം ചെയ്താണ് ഇറാനു പിന്തുണയുമായി ചൈന എത്തിയിരിക്കുന്നത്. മധ്യേഷ്യയിൽ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കം എന്നാണ് ചൈന ഈ സഹകരണത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇറാനു നൽകുന്ന പിന്തുണവഴി ചൈന ലക്ഷ്യമിടുന്നത് ഈ മേഖലയിലെ അമേരിക്കയുടെ മേധാവിത്വത്തെക്കൂടിയാണ്. അതുവഴി അമേരിക്കക്കെതിരേ ഇസ്ലാമിക രാജ്യങ്ങളെ ഇറാൻ- തുർക്കി സഖ്യത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമം കൂടിയാണ് ചൈനയുടേത്. സൗദി അറേബ്യ-അമേരിക്ക അച്ചുതണ്ടിന് എതിരായുള്ള പരസ്യമായ നിലപാട് പ്രഖ്യാപനംകൂടിയാണിത്. Content Highlight: China-Iran relations and Arab polarization
from mathrubhumi.latestnews.rssfeed https://ift.tt/2GX0uWP
via
IFTTT
No comments:
Post a Comment