തിരുവനന്തപുരം: പ്രമുഖരുടെ അറസ്റ്റിനേത്തുടര്‍ന്നു പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുന്ന സാഹചര്യത്തില്‍, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ സുരക്ഷാച്ചുമതല പൂര്‍ണമായും സായുധ പോലീസിനു െകെമാറുന്നു. വിമുക്തഭടന്‍മാരെ സുരക്ഷാച്ചുമതലയില്‍ നിന്ന് ഒഴിവാക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് വളപ്പില്‍ കടക്കുന്നവര്‍ക്കെതിരേ നിയമനടപടിയെടുക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന്റെ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും.
ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു സുരക്ഷ നല്‍കുന്ന സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 200 പോലീസുകാരെയാകും സെക്രട്ടേറിയറ്റ് സുരക്ഷയ്ക്കു നിയോഗിക്കുക. യന്ത്രത്തോക്കേന്തിയ സുരക്ഷാഭടന്‍മാര്‍ സെക്രട്ടേറിയറ്റിന്റെ നാല് കവാടത്തിലും കാവല്‍ നില്‍ക്കും. മന്ത്രിമാരുടെ ഓഫീസില്‍വരെ അതിക്രമിച്ചുകടന്ന് പ്രതിപക്ഷം സമരം ആസൂത്രണം ചെയ്യുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
സമരത്തിന്റെ മറവില്‍ സെക്രട്ടേറിയറ്റില്‍ കടന്നുകയറി ആക്രമണം നടത്താന്‍ തീവ്രവാദസംഘടനകളും നീക്കം നടത്തുന്നതായാണു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റിന്റെ സുരക്ഷാച്ചുമതല പൂര്‍ണമായും പോലീസിനെ ഏല്‍പ്പിക്കുന്നതോടെ സന്ദര്‍ശകര്‍ക്കും കടുത്ത നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാസജ്ജീകരണങ്ങള്‍. വിമുക്തഭടന്മാരും ഉള്‍പ്പെട്ട സുരക്ഷാസംവിധാനമാണു നിലവില്‍ സെക്രട്ടേറിയറ്റിനുള്ളത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.
സെക്രട്ടേറിയറ്റിന്റെ ഒരു ഗേറ്റ് നന്നാക്കാന്‍ 27.73 ലക്ഷം!
സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിക്കിടയിലും സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് നവീകരിക്കാന്‍ 27 ലക്ഷത്തിലേറെ രൂപ! കാര്യമായി യാതൊരു കുഴപ്പവുമില്ലാത്ത ഗേറ്റ് പുതുക്കിപ്പണിയാനാണു പൊതുഖജനാവില്‍നിന്ന് 27,73,000 രൂപ ചെലവഴിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയറ്റിലേക്കു വരുന്നതു കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ്. കവാടത്തിന്റെ വലിപ്പവും ഘടനയും നിലവിലെ ഗതാഗതത്തിനു യോജിച്ചതല്ലെന്നു കഴിഞ്ഞ 23-ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഭരണാനുമതി ഉത്തരവില്‍ പറയുന്നു. വാതിലുകള്‍ക്കും തൂണിനും കാലപ്പഴക്കമുണ്ട്. എന്നാല്‍, ലൈഫ് പദ്ധതിപ്രകാരം ഏഴുപേര്‍ക്ക് വീടുവച്ച് നല്‍കാന്‍ ആവശ്യമായ തുക ഒരു ഗേറ്റിനു മാത്രമായി മുടക്കുന്നതിനെ പ്രതിപക്ഷം ചോദ്യംചെയ്യുന്നു.
from mangalam.com https://ift.tt/2HLiTX4
via IFTTT
No comments:
Post a Comment