പാരീസ്: മക്കളോടു പറയണേ... അവരെ ഞാന്‍ സ്‌നേഹിക്കുന്നു... നീസിലെ ആരാധനാലയത്തില്‍ ഇസ്ലാമിക തീവ്രവാദിയുടെ കത്തിമുനയ്ക്കിരയായി പ്രാണന്‍ വെടിയുംമുമ്പ് സിമോണ്‍ ബരേറ്റോ സില്‍വ പറഞ്ഞ വാക്കുകളാണിത്. മതതീവ്രവാദം തലയ്ക്കുപിടിച്ച ടുണീഷ്യന്‍ വംശജനായ ഇരുപത്തൊന്നുകാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് സില്‍വ. ബ്രസീലില്‍നിന്നു കുടിയേറിയ സില്‍വ 30 വര്‍ഷമായി നീസിലാണു താമസം.
സംഭവ ദിവസം ആരാധനയ്ക്കായി നീസിലെ നോത്രെദാം പള്ളിയിലെത്തിയതായിരുന്നു മൂന്നു മക്കളുടെ അമ്മയായ ഈ നാല്‍പ്പത്തിനാലുകാരി. കത്തിവീശിയെത്തിയ അക്രമിയുടെ കുത്തേറ്റ സില്‍വ രക്ഷതേടി സമീപത്തെ കഫേയിലേക്ക് ഓടിക്കയറി. ഒന്നിലേറെ കുത്തേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു അവരെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ഉടന്‍ സ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചെങ്കിലും സില്‍വയെ രക്ഷിക്കാനായില്ല. ബോധം മറഞ്ഞ്, വാക്കുകള്‍ മുറിയുമ്പോഴും മക്കളെയോര്‍ത്തായിരുന്നു ആ അമ്മയ്ക്ക് വേവലാതി അത്രയും. ഞാന്‍ അവരെ സ്‌നേഹിക്കുന്നുവെന്നു പറയണമെന്നു രക്ഷാപ്രവര്‍ത്തകരോട് അവസാന വാക്കുകള്‍.
പ്രിയപ്പെട്ട അമ്മ എന്നെന്നേക്കുമായി തങ്ങളെ വിട്ടകന്നുവെന്നു തിരിച്ചറിയാന്‍ പോലും കഴിയാത്ത പ്രായക്കാരായ കുരുന്നുകളുമൊത്തുള്ള സില്‍വയുടെ ചിത്രം അടക്കമായിരുന്നു സാമൂഹികമാധ്യമങ്ങളില്‍ അന്ത്യാഞ്ജലി കുറിപ്പുകള്‍ നിറഞ്ഞത്. ഫ്രാന്‍സിലെ ആരാധനാലയത്തില്‍ മൂന്നുപേരെ കൊലക്കത്തിക്കിരയാക്കിയ ഇസ്ലാമിക തീവ്രവാദി ബ്രാഹിം ഔസായി രാജ്യത്തെത്തിയത് കുടിയേറ്റക്കാരനായി. ജന്മനാടായ ടുണീഷ്യയില്‍നിന്ന് ആദ്യം ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍ ബോട്ട്മാര്‍ഗം എത്തിയ ഇയാള്‍ അവിടെ നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷമാണ് ഫ്രാന്‍സിലേക്കു തിരിച്ചതെന്ന് അന്വേഷകസംഘം.
തുടര്‍യാത്രാനുമതി ലഭിച്ച ഇയാള്‍ പിന്നീട് ട്രെയിനില്‍ നീസിലെത്തിയെന്നാണു വിവരം. ഇറ്റാലിയന്‍ റെഡ്‌ക്രോസില്‍നിന്നു ലഭിച്ച രേഖയൊഴികെ മറ്റൊന്നും കൈവശമുണ്ടായിരുന്നില്ല. സംശയനിഴലിലുള്ള തീവ്രവാദികളുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നു ടുണീഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. ടുണീഷ്യന്‍ തുറമുഖ നഗരമായ സ്ഫാക്‌സിലാണ് ഔസായിയുടെ ജന്മദേശം.
മറ്റുള്ളവരോടു സൗഹാര്‍ദപരമായി ഇടപെട്ടിരുന്ന ഔസായി തീവ്രവാദ സ്വഭാവം പ്രകടിപ്പിച്ചിരുന്നില്ലെന്നു ജ്യേഷ്ഠന്‍ യാസിന്‍ പറഞ്ഞു. തങ്ങളോടു ടുണീഷ്യ വിടുകയാണെന്ന് പറയാതെയായിരുന്നു അനുജന്റെ യാത്ര. പിന്നീട് ഇറ്റലിയിലെത്തിയെന്നു ഫോണില്‍ അറിയിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടതായും റോയിട്ടേഴ്‌സിനോടു യാസിന്‍ പറഞ്ഞു.
from mangalam.com https://ift.tt/34H4XWX
via IFTTT
No comments:
Post a Comment