കൂരാച്ചുണ്ട് (കോഴിക്കോട്): തുറന്നിട്ടിരുന്ന വാതില്‍ വഴി അകത്തു കടന്ന ''അതിഥി''കളെ കണ്ട് വീട്ടുകാര്‍ ഞെട്ടി. രണ്ടു കാട്ടുപന്നികള്‍. ഓഫീസ് മുറിയിലൂടെ െഡെനിങ് ഹാളില്‍ കടന്ന ഇവ നേരെ കിടപ്പുമുറിയിലേക്ക്. കട്ടിലും കിടക്കയും ജനലും എല്ലാം അടിച്ചുതകര്‍ത്ത് പരാക്രമം. ഒടുവില്‍ കാട്ടുപന്നിയെ വെടിവയ്ക്കാന്‍ ലൈസന്‍സുള്ള രണ്ടു കര്‍ഷകരുടെ തോക്കിനുമുന്നില്‍ കീഴടങ്ങല്‍. കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തില്‍ ചോലയില്‍ കെ.എസ്.ഇ.ബി. ജീവനക്കാരനായ ആലമല മോഹനന്റെ വീട്ടിലാണ് കാട്ടുപന്നികള്‍ കയറിയത്.
രാവിലെ ഏഴരമണിയോടെയാണ് സംഭവം. പന്നികള്‍ അകത്തുകയറിയ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വസ്ത്രങ്ങള്‍ ഇസ്തിരിയിടുകയായിരുന്ന മോഹനന്റെ മകന്റെ കാലില്‍ ഇവ തട്ടിയപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. ബഹളംവച്ചപ്പോള്‍ രണ്ടും കിടപ്പുമുറിയിലേക്കു കയറി. വീട്ടുകാര്‍ വാതില്‍ പൂട്ടി പുറത്തുകടന്ന് നാട്ടുകാരെ വിളിച്ചുവരുത്തി. അപ്പോഴേക്കും പന്നികള്‍ പരാക്രമം തുടങ്ങിയിരുന്നു. കട്ടിലും കിടക്കയുമെല്ലാം തകര്‍ത്തു. ജനല്‍ചില്ലുകള്‍ പൊട്ടിച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കക്കയത്തുനിന്ന് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസഥരും കുരാച്ചുണ്ട് പോലീസും റവന്യൂ ഉദ്യോഗസ്ഥരും വെറ്ററിനറി സര്‍ജനും സ്ഥലത്തെത്തി. പന്നികളെ വെടിവച്ചുകൊല്ലാന്‍ തീരുമാനിച്ചു. എന്നാല്‍ പന്നിയെ വെടിവച്ചുകൊല്ലാന്‍ െലെസന്‍സുള്ള തോക്കുള്ള കര്‍ഷകര്‍ അവിടെ ഉണ്ടായിരുന്നില്ല. ചക്കിട്ടപ്പാറയില്‍നിന്ന് ലൈസന്‍സുള്ള കര്‍ഷകനെ വരുത്തി. പതിനൊന്നരയോടെ ആദ്യ വെടിക്ക് ഒരു പന്നി ചത്തു. എന്നാല്‍ രണ്ടാമത്തെ വെടിക്കുമുമ്പ് തോക്ക് കേടായി. ഒന്നരയോടെ ചക്കിട്ടപ്പാറയില്‍നിന്ന് മറ്റൊരു കര്‍ഷകന്‍ തോക്കുമായെത്തി രണ്ടാമത്തെ പന്നിയെ വെടിവച്ചുകൊന്നു. ഇവയെ വനം വകുപ്പുകാര്‍ കൊണ്ടുപോയി. എട്ടു വയസു പ്രായമുള്ള ഇവയ്ക്ക് ഒരോന്നിനും നൂറുകിലോയിലധികം തുക്കമുണ്ട്. വനത്തോടു ചേര്‍ന്ന പ്രദേശമല്ല പൂവത്തുംചോല.
ഇവിടെ നിന്നു പത്തുകിലോമീറ്റര്‍ അകലെയാണ് വനമുള്ളത്. റോഡരികിലാണ് മോഹനന്റെ വീട്. അടുത്തടുത്തായി വീടുകളുള്ള പ്രദേശമാണിത്. മോഹനന്റെ വീടിനു ചുറ്റുമായി മുപ്പതോളം വീടുകളുണ്ട്. പ്രദേശത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ വീട്ടിനകത്തേക്കു പന്നികള്‍ കയറിയ സംഭവം ഇതാദ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. മോഹനന്റെ വീട്ടിലുണ്ടായ നഷ്ടത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2THd5jY
via IFTTT
No comments:
Post a Comment