തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽപ്പെട്ടവരുമായി പരിധിവിട്ട ബന്ധം, സർക്കാരിന്റെ ഉന്നതസ്ഥാനത്തിരുന്ന് അവർക്ക് വഴിവിട്ട സഹായം. ഇതെല്ലാം അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ പ്രവർത്തനത്തിനും കള്ളക്കടത്തുകാർക്കും സഹായകമായോയെന്ന് അന്വേഷണ ഏജൻസികൾക്കുണ്ടായ സംശയം മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ എം. ശിവശങ്കറെ എത്തിച്ചത് നിയമക്കുരുക്കിൽ, ഒടുവിൽ അറസ്റ്റിന്റെ പാതയിലും.സ്വപ്നാസുരേഷ്, സരിത്ത് തുടങ്ങിയവർക്ക് സ്വർണക്കടത്തുണ്ടെന്ന് അറിയില്ലെന്നായിരുന്നു ശിവശങ്കർ ആദ്യമൊക്കെ പറഞ്ഞിരുന്നത്. പക്ഷേ, പ്രതികളുമായുള്ള ബന്ധങ്ങളെപ്പറ്റിയുള്ള തെളിവുകളോരോന്നും വരിഞ്ഞുമുറുക്കിയതോടെ വഴികളെല്ലാം അടഞ്ഞു. പദവികളിൽനിന്നു പുറത്താവുകയും അന്വേഷണ ഏജൻസികളുടെ നിരന്തര ചോദ്യംചെയ്യലിനു വിധേയനാവുകയും ചെയ്തു. ഏറ്റവുമൊടുവിൽ ഇ.ഡി.ക്കും കസ്റ്റംസിനും മുന്നിൽ അടിപതറിയതോടെ തകർച്ച പൂർണം.ഇത്ര മുതിർന്നൊരു ഉദ്യോഗസ്ഥൻ എങ്ങനെ കള്ളക്കടത്തുകാരുടെ കുരുക്കിൽപ്പട്ടെന്നും സർക്കാർ വിശ്വസിച്ചേൽപ്പിച്ച പദവിയുടെ വിലയും ഉത്തരവാദിത്വവും എന്തുകൊണ്ടു മറന്നെന്നുമാണ് അദ്ദേഹത്തിനുനേരെ ഉയർന്ന ചോദ്യം. ശിവശങ്കറിന്റെ ഇടപാടുകൾ ദേശസുരക്ഷയെ ബാധിക്കുന്നതിലേക്ക് എത്തിയോയെന്ന് എൻ.ഐ.എ. അന്വേഷിച്ചുതുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ്‌പോലും സംശയനിഴലിലായി. സ്വർണക്കടത്തിൽ മുൻ ഐ.ടി. സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കറിന് ബന്ധമൊന്നും ഇല്ലെന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കത്തിൽ സ്വപ്നയുടെ മൊഴി. എന്നാൽ, പ്രതികളുമായുള്ള ഫോൺവിളികളും പലവട്ടമുണ്ടായ ഒത്തുകൂടലും അവർക്ക് ഫ്ളാറ്റ് ഒരുക്കിയതും ലോക്കർ തുറന്നതുമൊക്കെ കുടുക്കായി. അന്വേഷണസംഘത്തിനുമുന്നിലേക്ക് തെളിവുകൾ ഡിജിറ്റലായെത്തിയപ്പോൾ രക്ഷയില്ലെന്നു നേരത്തേതന്നെ ശിവശങ്കറിനും മനസ്സിലായിരിക്കണം. ചികിത്സതേടൽ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനുള്ള മറയാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഉറപ്പിച്ചു. വാതിലുകളെല്ലാം അടഞ്ഞതായി ആശുപത്രിവാസത്തിന്റെ അവസാനദിവസങ്ങളിൽ ശിവശങ്കറിന് ബോധ്യപ്പെട്ടിരിക്കണം.കള്ളക്കടത്തിലൂടെ കേരളത്തിലെത്തുന്ന സ്വർണത്തിൽനിന്നു കിട്ടുന്ന പണം തീവ്രവാദപ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നത് നേരത്തേതന്നെ ഉറപ്പായതാണ്. ശിവശങ്കറിന് അതുമായെന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു ആദ്യത്തെ അന്വേഷണങ്ങൾ. തന്ത്രപ്രധാന ഓഫീസുകളുള്ള സെക്രട്ടേറിയറ്റിൽ, ഭരണസിരാകേന്ദ്രത്തിൽ മതിയായ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാതെ നേടിയ ഉദ്യോഗവുമായി സ്വപ്നയെടുത്ത സ്വാതന്ത്ര്യമെല്ലാം ശിവശങ്കറിന്റെ സ്വാധീനത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിൽ അധികാരം കാട്ടുന്ന സ്വപ്നയെ പലവട്ടം കണ്ടവരുണ്ട്.ശിവശങ്കറിനെ സർക്കാർ പൂർണമായും കൈയൊഴിയുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു മന്ത്രി ജി. സുധാകരനെടുത്ത നിലപാട്. ശിവശങ്കർ വിശ്വാസവഞ്ചന കാട്ടിയെന്ന് ആദ്യം തുറന്നടിച്ചത് സുധാകരനാണ്. ശിവശങ്കറെ സ്ഥാനങ്ങളിൽനിന്നു നീക്കി മുഖ്യമന്ത്രിയുടെ ഓഫീസിലെ ദുർഗന്ധം ഇല്ലാതാക്കിയെന്നു പറഞ്ഞതോടെ മറ്റുമന്ത്രിമാരും പതുക്കെപ്പതുക്കെ സുധാകരന്റെ പാതയിലേക്കു നീങ്ങി. ഇരിക്കുന്ന ഓഫീസിന്റെ നിലയും വിലയും പുതിയ കൂട്ടുകെട്ടിൽ ശിവശങ്കർ മറന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നയാൾ, കണക്കുകൂട്ടലുകൾ പിഴച്ച് പിടിയിലാകുമ്പോൾ ഓർക്കാനും പഠിക്കാനും ഒരുപാടുണ്ട്. എല്ലാം ഉത്തരവാദിത്വക്കുറവിന്റെ, സൂക്ഷ്മതക്കുറവിന്റെ പാഠങ്ങൾ. ഇരിക്കുന്ന കൊമ്പ് മുറിച്ചതിന്റെ ദുരന്തം.
from mathrubhumi.latestnews.rssfeed https://ift.tt/2HIb3xK
via
IFTTT
No comments:
Post a Comment